/sathyam/media/media_files/w1nbPdI9OC8Zgn7ygHHD.jpg)
കുമരകം: കരീമഠം പാലം കടക്കുന്നതിനിടെ അഞ്ചു വസുകാരന്‍ തോട്ടില്‍ വീണു, മകന്‍ വെള്ളത്തില്‍ വീഴുന്നതു കണ്ട് ഒപ്പം ചാടി അമ്മ കുട്ടിയെ രക്ഷിച്ചു. കരീമഠം ഗവണ്‍മെന്റ് സ്‌കൂളിനു സമീപത്തെ പാലത്തില്‍ നിന്നു വീണ കുട്ടിയ്ക്കാണ് അമ്മ രക്ഷകയായത്.
കുമരകം ശ്രീകുമാരമംഗലം ക്ഷേത്രം മേല്‍ ശാന്തി മോനേഷ് ശാന്തിയുടെ മകന്‍ ദേവ തീര്‍ഥയാണു പാലത്തില്‍ നിന്നു തെന്നി തോട്ടില്‍ വീണത്, കൂടെ ഉണ്ടായിരുന്ന അമ്മ സല്‍മ പിന്നാലെ ചാടുകയും ദേവയെ രക്ഷിക്കുകയുമായിരുന്നു.
ഇന്നു രാവിലെ സ്‌കൂളിലേക്കു വരികയായിരുന്നു ഇരുവരും. ശോച്യാവസ്ഥയിലായ പാലത്തിലൂടെ നടന്നു പോകുന്നതിനിടെ ദേവ തെന്നി തോട്ടിലേയ്ക്കു വീഴുകയായിരുന്നു. ബഹളം കേട്ടു സമീപ വാസിയായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ബിനു ഇരുവരെയും കരയിലേക്കു കയറ്റി. ആര്‍ക്കും പരുക്കില്ല.
അയ്മനം പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ പെടുന്ന പ്രദേശത്തെ പത്തോളം വീട്ടുകാരുടെ ആശ്രയമാണ് ഈ പാലം. പ്രദേശവാസികളുടെ ഏക യാത്രമാര്‍ഗമായ പാലം താത്കാലികമായി നിര്‍മിച്ചതായിരുന്നു.
കഴിഞ്ഞ മാര്‍ച്ച് 11നു പാലം കടക്കുന്നതിനിടെ എല്‍.കെ.ജി. വിദ്യാര്‍ഥിയായ ആയുഷ് തോട്ടില്‍ വീണിരുന്നു. സ്‌കൂളിന്റെ മേല്‍ക്കൂരയുടെ അറ്റകുറ്റപ്പണികള്‍ക്ക് എത്തിയ യുവാക്കള്‍ അവസരോചിതമായി ഇടപെട്ടതുകൊണ്ടാണു വിദ്യാര്‍ഥിയുടെ ജീവന്‍ തിരിച്ചു കിട്ടിയത്. ഈ അപകടത്തോടെ രക്ഷിതാക്കള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
തടിപ്പാലത്തിനിടയിലെ വിള്ളലുകളില്‍ വീഴാതെ മറുകരയെത്തുകയെന്നതു പ്രദേശവാസികള്‍ക്ക് എന്നും പേടി സ്വപ്നമാനമായിരുന്നു. മാര്‍ച്ചിലെ സംഭവത്തിനു പിന്നാലെ, നിരവധി പേര്‍ പാലം നവീകരിക്കാന്‍ സന്നദ്ധമായി എത്തിയെങ്കിലും പഞ്ചായത്തിന്റെ അനുമതി ലഭിച്ചില്ല.
പിന്നീട്, സി.പി.എം. പ്രാദേശിക നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ പാലത്തിന്റെ അറ്റകുറ്റപ്പണികള്‍ നടത്തിയിരുന്നു. ഇതേ പാലത്തില്‍ നിന്നാണ് ഇന്നു വീണ്ടും അഞ്ചു വയസുകാരന്‍ തെന്നി വീണത്.