കോട്ടയം: തെക്കന്‍ കേരളത്തിലെ ആദ്യത്തെ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി യൂണിറ്റായി കാരിത്താസ് ആശുപത്രിയില്‍ അവതരിപ്പിച്ച ഡ്രോണ്‍ നിയന്ത്രണം വിട്ടു സ്വകാര്യ വ്യക്തിയുടെ കെട്ടിടത്തില്‍ ഇടിച്ചു കത്തി നശിച്ചു.
ഒരാഴ്ച മുന്‍പായിരുന്നു ഡ്രോണ്‍ ലോജിസ്റ്റിക് കമ്പനിയായ സ്‌കൈ എയര്‍ മൊബിലിറ്റിയുമായി സഹകരിച്ച് കാരിത്താസ് ആശുപത്രിയില്‍ ഡ്രോണ്‍ അധിഷ്ഠിത മെഡിക്കല്‍ ഡെലിവറി സേവനം ആരംഭിച്ചത്. മോന്‍സ് ജോസഫ് എം.എല്‍.എയായിരുന്നു ഉദ്ഘാടകന്‍.
നിശ്ചിത ദൂര പരിധിക്കുള്ളില്‍ മരുന്നുകളും മെഡിക്കന്‍ റിപ്പോര്‍ട്ടുകും മറ്റു ജീവന്‍രക്ഷാ മെഡിക്കല്‍ ഉപകരണങ്ങളും രോഗകള്‍ക്കു നേരിട്ട് അതിവേഗം എത്തിക്കാന്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിലൂടെ സാധിക്കും.
ഏറ്റവും ന്യൂതന സാങ്കേതിക വിദ്യ ഉപയോഗപ്പെടുത്തിയിരിക്കുന്ന ഡ്രോണിനു നാലു മുതല്‍ ആറു കിലോ മീറ്റര്‍ ദൂരം മൂന്നു കിലോയോളം ഭാരം വഹിച്ചുകൊണ്ടു പറക്കാന്‍ സാധിക്കുമെന്നുമായിരുന്നു ആശുപത്രി അധികൃതരുടെ അവകാശവാദം.
പദ്ധതിക്കു തുടക്കം കുറിച്ചു കാരിത്താസ് ആശുപത്രിയില്‍ നിന്നു കാരിത്താസ് ഫാമിലി ആശുപത്രിയിലേക്കും കാരിത്താസ് കെ.എം.എം ആശുപത്രിയിലേക്കും മരുന്നുകള്‍ എത്തിച്ചുള്ള പരീക്ഷണ പറക്കല്‍ വിജയകരമായി നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഇന്നു പറക്കലിനിടെ ഡ്രോണ്‍ പെട്ടെന്ന് താഴെയിറക്കുന്നതിനുള്ള ശ്രമങ്ങള്‍ക്കിടെ ആശുപത്രി കോമ്പൗണ്ടിനു സമീപത്തെ കെട്ടിടത്തില്‍ ഇടിച്ചു തകര്‍ന്നു വീഴുകയായിരുന്നു.
കെട്ടിടത്തില്‍ ഇടിച്ചതിനെ തുടര്‍ന്നു ഡ്രോണിന്റെ മുന്‍ഭാഗം കത്തി നശിക്കുകയും ചെയ്തു. ഡ്രോണ്‍ തീ പടിച്ചു താഴേയ്ക്കു വീഴുന്നതു കണ്ടു സമീപത്തുണ്ടായിരുന്നവര്‍ വെള്ളം ഒഴിച്ചു തീ കെടുത്തുകയായിരുന്നു.
ഡ്രോണ്‍ ഡെലിവറി ജില്ലയില്‍ ഉടനീളം പൂര്‍ണ തോതില്‍ വ്യാപിപ്പിക്കുന്നതിനു മുമ്പു പ്രോഗ്രാം കൂടുതല്‍ ട്രയല്‍ റണ്ണുകള്‍ക്കു വിധേയമാക്കാന്‍ ഷെഡ്യൂള്‍ ചെയ്തിരുന്നു. ഇത്തരത്തില്‍ നടത്തിയ പരീക്ഷണ പറക്കലിനിടെയാണു കാരിത്താസിനു വേണ്ടി സ്വകാര്യ ഏജന്‍സി അവതരിപ്പിച്ച ഡ്രോണ്‍ തകര്‍ന്നു വീണതെന്നാണു വിവരം.