Advertisment

സമൂഹത്തിന്റെ അടിസ്ഥാന ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് പ്രവര്‍ത്തിക്കുന്ന അഭയ കേന്ദ്രം, കോവിഡ് മഹാമാരിയുടെ കാലത്ത് ജില്ലയില്‍ തന്നെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായി മാറിയ വിദ്യാ ക്ഷേത്രം! കിഴക്കന്‍ മലയോര മേഖലകളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങള്‍ക്ക് ചിറകുകള്‍ സമ്മാനിച്ച അരുവിത്തുറ സെന്റ് ജോര്‍ജസ്സ് കോളേജ് വജ്രജൂബിലി വര്‍ഷത്തിലേക്ക് പ്രവേശിക്കുന്നു

ഇടവകക്കാരുടെ കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള യുവതയുടെ അഭിമുഖ്യവും കൈമുതലാക്കി ഈ കലാലയം അതിവേഗം വളർന്നു. 1978 ൽ വിവിധ ഡ്രിഗ്രി കോഴ്സ്സുകൾ ഈ കലാലയത്തിൻ്റെ ഭാഗമായി.  

New Update
aruvithura college

 

Advertisment

അരുവിത്തുറ: മധ്യ തിരുവിതാംകൂറിൻ്റെ കിഴക്കൻ മലയോര മേഖലകളുടെ ഉന്നത വിദ്യാഭ്യാസ സ്വപ്നങ്ങൾക്ക് ചിറകുകൾ സമ്മാനിച്ച അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജ് അറു ദശകങ്ങൾ പിന്നിട്ട് വജ്രജൂബിലി വർഷത്തിലേക്ക് പ്രവേശിക്കുകയാണ്.

കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങൾക്ക് സെപ്റ്റംബർ 5 ന് പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് തിരിതെളിക്കും. 

ജൂനിയര്‍ കോളേജിന്‍റെ പിറവി


1965 ജൂലൈ 19 ന് അന്നത്തെ അരുവിത്തുറ ഫൊറോന വികാരിയായിരുന്ന വെരി റവ ഫാ. തോമസ് മണക്കാട്ട്, ഇടവകക്കാരനും അരുവിത്തുറയുടെ വികസനത്തിൽ നിർണ്ണായക സ്വാധീനം ചെലുത്തിയിരുന്ന റവ. ഫാ. തോമസ് അരയത്തിനാൽ എന്നിവരുടെ നേതൃത്വത്തിൽ ഒരു ജൂനിയർ കോളേജ് അരുവിത്തുറയിൽ പിറവിയെടുക്കുകയായിരുന്നു. 


ഇടവകക്കാരുടെ കഠിനാധ്വാനവും വിദ്യാഭ്യാസത്തോടുള്ള യുവതയുടെ അഭിമുഖ്യവും കൈമുതലാക്കി ഈ കലാലയം അതിവേഗം വളർന്നു. 1978 ൽ വിവിധ ഡ്രിഗ്രി കോഴ്സ്സുകൾ ഈ കലാലയത്തിൻ്റെ ഭാഗമായി.  

കോളേജിൻ്റെ സ്വന്തം എസ്സ്.ജി.സി  ടിവി

1994 ൽ യുജിസിയുടെ അഫിലിയേഷൻ ലഭിച്ച കോളേജിൽ 1995 ൽ പി.ജി കോഴ്സ്സുകളും ആരംഭിച്ചു. ദൃശ്യമാധ്യമ രംഗത്ത് രാജ്യത്തുടനീളമുണ്ടായ വിപ്ലവകരമായ മാറ്റത്തിന് ഒപ്പം നിന്ന അരുവിത്തുറ കോളേജ് 1999 നവബർ 16 ന് കമ്മ്യൂണിറ്റി ടെലികാസ്റ്റിങ്ങ് സെൻ്ററെന്ന ആശയത്തിന് തുടക്കം കുറിച്ചു. 


വിവിധ സാറ്റലൈറ്റ് ചാനലുകൾക്കൊപ്പം മൂന്നാമത്തെ മലയാളം ചാനലായ കോളേജിൻ്റെ സ്വന്തം എസ്സ്.ജി.സി  ടിവിയും നമ്മുടെ വീടുകളിലേക്ക് എത്തി. ഇതിനായി 14 ഫ്രാഞ്ചൈസികളെ യോജിപ്പിച്ച് എസ്സ്ജിസി കേബിൾ നെറ്റ് വർക്കിനും കോളേജ് രൂപം നൽകി. 


എസ്സ്.ജി.സി ടിവിയുടെ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി ആരംഭിച്ച വിവിധ മീഡിയ കോഴ്സ്സുകളിലൂടെ നിരവധി പത്ര ദൃശ്യമാധ്യമപ്രവർത്തകരെയും ചലച്ചിത്രതാരങ്ങളെയും മലയാളത്തിനു സമ്മാനിക്കാൻ കോളേജിനു കഴിഞ്ഞു.

നാക്ക് അക്രഡിറ്റേഷന്‍ 

2000 ത്തിൽ കോളേജിൽ നടന്ന നാക്ക് അക്രഡിറ്റേഷനിൽ 4 സ്റ്റാർ പദവി നേടിയ അരുവിത്തുറ കോളേജ് 2008 ൽ നടന്ന നാക്ക് റീ അക്രഡിറ്റേഷനിൽ ജില്ലയിൽ ആദ്യമായി എ ഗ്രേഡ്  അക്രഡിറ്റേഷൻ നേടുകയും 2015 ൽ എ ഗ്രേഡ് നിലനിർത്തുകയും ചെയ്തു. 


ഒടുവിൽ 2023 ൽ  പുതിയ മാനദണ്ഡങ്ങളനുസരിച്ച് നടന്ന നാക്ക് റി അക്രഡിറ്റേഷനിൽ ഏഴുവർഷം കാലാവധിയോടു കൂടിയ എ++ അക്രഡിറ്റേഷൻ നേടുന്ന കേരളത്തിലെ ആദ്യ കാലാലയമായി മാറി.


കായികരംഗത്തും അജയ്യര്‍

വിദ്യാഭ്യാസ രംഗത്തു മാത്രമല്ല കലാകായികരംഗങ്ങളിലും അരുവിത്തുറയുടെ അജയ്യത അനസ്യൂതം തുടർന്നു. ഗ്യാലറികളെ അവേശത്തിലാക്കി അരുവിത്തുറ സെന്റ് ജോർജിന്റെ ചുണക്കുട്ടികൾ വോളിബോൾ കോർട്ടുകളിൽ നിറഞ്ഞാടിയപ്പോൾ ഗുസ്തിയിൽ വാനോളം പെരുമയാണ് കോളേജിൻ്റെ വനിതാ ഗുസ്തി ടീം നേടിയത്. 

പവർ ലിഫ്റ്റിങ്ങ്, വെയ്റ്റ് ലിഫ്റ്റിങ്ങ്, കബഡി, യോഗ തുടങ്ങി നിരവധി കായിക ഇനങ്ങളിൽ പതിറ്റാണ്ടുകളോളം അരുവിത്തുറ പെരുമ നിലനിന്ന് പോന്നു. 

ഹരിതാഭ നിറഞ്ഞ ക്യാംപസ്

മീനച്ചിലാറിന്റെ തീരത്ത് 27 ഏക്കറിലായി സ്‌ഥിതി  ചെയ്യുന്ന ഹരിതാഭ നിറഞ്ഞ  ക്യാംപസിൽ ലോകനിലവാരത്തിലുള്ള സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. 17 സയൻസ് ലാബുകളും 9 കമ്പ്യൂട്ടർ ലാബുകളും 7 സെമിനാർ ഹാളുകളും കോൺഫറൻസ് റൂമുകളും വിശാലമായ സ്‌റ്റുഡിയോ ഫ്ലോറും ഓഡിയോ ബൂത്തും ഡിജിറ്റൽ  തിയ്യേറ്ററും അന്താരാഷ്ട്ര നിലവാരമുള്ള ലൈബ്രറിയും റീഡിങ്ങ് റൂമുകളും ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.

അഭയ കേന്ദ്രം

ഒരു കലാലയം എന്നതിലുപരി സമൂഹത്തിൻ്റെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞ് പ്രവർത്തിക്കുന്ന അഭയ കേന്ദ്രം കൂടിയാണ് ഈ വിദ്യാ ക്ഷേത്രം. കോവിഡ് മഹാമാരിയുടെ കാലത്ത് ജില്ലയിൽ തന്നെ ഏറ്റവും വലിയ കോവിഡ് ആശുപത്രിയായി ഈ കലാലയം മാറിയിരുന്നു. 


ഭവനരഹിതർക്ക് ഭവനങ്ങൾ സമ്മാനിച്ചും പ്രകൃതി ദുരന്തങ്ങളിൽ സമാശ്വാസം നൽകിയും സമൂഹിക തിൻമകൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ നടത്തിയും മീനച്ചിൽ നദീ സംരക്ഷണ പ്രവർത്തനങ്ങളിൽ മുന്നണി പോരാളികളായും ഈ കലാലയം തങ്ങളുടെ ഭാഗധേയം ഉറപ്പിച്ചിട്ടുണ്ട്. 


കോളേജിൽ പ്രവർത്തിക്കുന്ന ഓട്ടോമേറ്റഡ് വെതർ സ്റ്റേഷനും പ്രദേശത്ത് വിവിധ ഇടങ്ങളിലായി സ്ഥാപിച്ചിട്ടുള്ള മഴമാപിനികളും പ്രയോജനപ്പെടുത്തി കാലാവസ്ഥ സംബന്ധമായ വിവരങ്ങൾ ആധികാരികമായി പൊതുജനങ്ങൾക്ക് നൽകുന്നതിനുള്ള സംവിധാനവും കോളേജ് ഒരുക്കിയിട്ടുണ്ട്.

അടിമുടി മാറ്റം

കെട്ടിലും മട്ടിലും അടിമുടി മാറ്റങ്ങളോടെയാണ് കോളേജ് വജ്ര ജൂബിലിയെ വരവേൽക്കുന്നത്. ക്യാംപസിൽ പണിതീർത്ത സാന്ത സോഫിയ ബ്ലോക്ക്  ഒരു വിസ്മയ നിർമ്മിതിയാണ്. കമനീയമായ അകത്തളങ്ങളിൽ ലോക നിലവാരമുള്ള ഗ്രന്ഥശാലയും വായനാമുറികളും അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഡിജിറ്റൽ  തിയ്യേറ്ററും കോൺഫ്രൻസ് ഹാളുകളും ഗസ്റ്റ് സ്യൂട്ടുകളും ഒരുക്കിയിരുന്നു. 

കോളേജിൻ്റെ അടിസ്ഥാനസൗകര്യ വികസനത്തിൻ്റെ ഭാഗമായി നിർമ്മിച്ച പിജി സയൻസ് ബ്ലോക്ക് മനോഹരമായി മറ്റൊരു നിർമ്മിതിയാണ്. ആധുനിക സൗകര്യങ്ങളോടു കൂടിയ റിഫക്ടറിയും ഓപ്പൺ ജിംനേഷ്യവും നവീകരിച്ച ഓഫീസ് റൂമുമെല്ലാം വജ്രജൂബിലിയുടെ സ്മരണകൾ നിലനിർത്തും. 

ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ബിരുദ വിദ്യാഭ്യാസം പുനർക്രമീകരിച്ച ശേഷം 18 മേജർ യു.ജി പ്രോഗ്രാമുകളും 5 പി ജി പ്രോഗ്രാമുകളും 2 റിസേർച്ച് പി.ജി ഡിപ്പാർട്ടുമെൻ്റുകളിലുമായി 1800 ഓളം വിദ്യാർത്ഥികളും നൂറിൽപരം അദ്ധ്യാപകരും 50 തോളം അനദ്ധ്യാപകരും ഈ ക്യാംപസിൻ്റെ ഭാഗമാണ്.

അരുവിത്തുറ സെൻ്റ് ജോർജ് ഫൊറോനാ വികാരിയും കോളേജ് മാനേജറുമായ വെരി. റവ. ഫാ. സെബാസ്റ്റ്യൻ വെട്ടുകല്ലേൽ, കോളേജ് പ്രിൻസിപ്പൽ പ്രൊഫ. ഡോ. സിബി ജോസഫ്, കോളേജ് ബർസാറും കോഴ്സ്സ് കോഡിനേറ്ററുമായ റവ. ഫാ. ബിജു കുന്നക്കാട്ട്, വൈസ് പ്രിൻസിപ്പൽ ഡോ. ജിലു ആനി ജോൺ എന്നിവരുടെ ധൈഷ്ണിക നേതൃത്വത്തിൽ കൂടുതൽ ഉയരങ്ങളിലേക്ക് കാലത്തിനു മുൻപേ പറക്കാൻ ഒരുങ്ങുകയാണ് ഈ കലാലയം.

Advertisment