അരുവിത്തുറ: ഓർമകളുടെ വേലിയേറ്റത്തിൽ 44 വർഷത്തിനു ശേഷം കണ്ടുമുട്ടിയ പഴയ സഹപാഠികൾക്കു വീണ്ടും മനസിൽ ചെറുപ്പം.
അരുവിത്തുറ സെൻ്റ് ജോർജസ് കോളജിലെ 1978-80 ബാച്ച് പ്രീഡിഗി സെക്കൻഡ് ഗ്രൂപ്പിലെ വിദ്യാർഥികളാണു കഴിഞ്ഞ ദിവസം അരുവിത്തുറയിൽ സമ്മേളിച്ച് ഓർമകൾ പുതുക്കിയത്.
അറുപതു പിന്നിട്ട ഇവര്‍ ജോലിയും കുടുംബജീവിതവുമായി നാനാതുറകളിൽ വിജയം നേടിയതിലെ സന്തോഷം കൂട്ടായ്‌മയിൽ പങ്കുവെച്ചു.
1978ൽ കോളജിന്റെ പടി കടന്നെത്തിയവർ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പരസ്‌പരം സംസാരിക്കാൻ പോലും കർശന നിയന്ത്രണങ്ങളുണ്ടായിരുന്ന പഴയ കാലത്തെക്കുറിച്ചു വാചാലരായി.
അക്കാലത്ത് ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം വരാന്തകളായിരുന്നു. പഠന കാര്യങ്ങൾക്കു പോലും പരസ്‌പരം ചർച്ച ചെയ്യാൻ ഭയമാ യിരുന്നുവെന്നത് ഇന്നത്തെ കുട്ടികൾക്ക് മനസിലാകില്ല.
അച്ചടക്കത്തിനു കോളജ് നൽകിയ പ്രാധാന്യം അക്കാലത്തെ സാമൂഹ്യ വ്യവസ്ഥിതിയിൽ പുതുമയുള്ളതായിരുന്നില്ലെന്നു പൂർവ വിദ്യാർഥി സംഗമത്തിനെത്തിയവർ അഭിപ്രായപ്പെട്ടു.
അരുവിത്തുറ കോളജിലെ ചിട്ടയായ മികച്ച അധ്യാപനവും മൂല്യാധിഷ്ഠിത വിദ്യാഭ്യാസവും അച്ചടക്കവും ജീവിതത്തിൽ വലിയ പ്രയോജനം ചെയ്തെന്ന് എല്ലാവരും പറഞ്ഞു.