/sathyam/media/media_files/33kS7gikqb0Wgtpwh8x9.jpg)
കോട്ടയം: സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ക്കു വില കൂട്ടിയെങ്കിലും സപ്‌ളൈകോ ഓണച്ചന്തയില്‍ വന്‍ ജനത്തിരക്ക്. ഡീപ് ഡിസ്‌കൗണ്ട് അവേഴ്സ് ഉള്‍പ്പെടെ നിരവധി ഓഫറുകളുമായി സപ്ലൈകോ ഓണച്ചന്ത പ്രവർത്തനം ആരംഭിച്ചത്. ജില്ലാ തല ഓണച്ചന്തക്ക് തിരുനക്കര പഴയ പോലീസ് സ്റ്റേഷന്‍ മൈതാനത്താണ് പ്രവർത്തിക്കുന്നത്.
13 ഇനം സബ്സിഡി ഉല്‍പന്നങ്ങള്‍ക്കു പുറമെ ബ്രാന്‍ഡഡ് ഉല്‍പന്നങ്ങളും ഹോര്‍ട്ടികോര്‍പിന്റെ പച്ചക്കറി, മില്‍മ, കേരള സോപ്സ് എന്നിവയുടെ സ്റ്റാളുകളും ഇതോടൊപ്പമുണ്ട്. ജയ, മട്ട, പച്ചരി, ചെറുപയര്‍, ഉഴുന്ന്, കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക്, മല്ലി, പഞ്ചസാര, ശബരി വെളിച്ചെണ്ണ തുടങ്ങിവയാണ് സബ്സിഡി ഉല്‍പന്നങ്ങള്‍.
പഞ്ചസാരക്ക് അഞ്ചു രൂപയും അരിക്ക് മൂന്നുരൂപയും കൂടിയിട്ടുണ്ട്. 28 രൂപ ആയിരുന്ന പഞ്ചസാരക്ക് ഇപ്പോള്‍ 33 രൂപയാണു വില.
ഇത്തവണ നിരവധി ഓഫറുകളും ലഭ്യമാണ്. ഉച്ചയ്ക്ക് രണ്ടുമുതല്‍ നാലുവരെ ഡീപ് ഡിസ്‌കൗണ്ട് അവേഴ്സില്‍ സാധനങ്ങള്‍ക്ക് 50 ശതമാനം വരെ വിലക്കുറവ് ലഭിക്കും. ഭക്ഷ്യ വസ്തുക്കള്‍ ഒഴികെയുള്ള 24 ബ്രാന്‍ഡഡ് ഇനങ്ങള്‍ക്കാണ് ഈ ഓഫര്‍. രാവിലെ 9.30 മുതല്‍ രാത്രി എട്ടുവരെയാണ് പ്രവര്‍ത്തന സമയം. ഉത്രാടദിനം വരെ ചന്ത പ്രവര്‍ത്തിക്കും.
ജില്ലയില്‍ താലൂക്കടിസ്ഥാനത്തിലാണ് ഓണച്ചന്തയുടെ പ്രവര്‍ത്തനം. മറ്റിടങ്ങളില്‍നിന്നു വ്യത്യസ്തമായി കോട്ടയം താലൂക്കില്‍ ജില്ല ഫെയര്‍ കൂടാതെ ഏറ്റുമാനൂര്‍, പുതുപ്പള്ളി എന്നിവിടങ്ങളിലും ചന്തകളുണ്ടാവും. 10നാണ് ഏറ്റുമാനൂരിലും പുതുപ്പള്ളിയിലും ചന്ത തുടങ്ങുക.
ചെറുപയര്‍- ഒരു കിലോ- 90 രൂപ, ഉഴുന്ന്- 95, കടല- 69, വന്‍പയര്‍- 75, തുവരപരിപ്പ്- 115, മുളക്-അര കിലോ- 75, മല്ലി- അര കിലോ-39, പഞ്ചസാര- 33, ജയ അരി- 29, മട്ട- 33, പച്ചരി- 26, വെളിച്ചെണ്ണ- 136 എന്നിങ്ങനെയാണ് വില നിലവാരം.