/sathyam/media/media_files/FxVnvvMzM0HXS3USVR0d.jpg)
കോട്ടയം: ഓണക്കാലം എത്തി ഓഫറുകള്‍ പേരില്‍ എത്തുന്ന ഫോണ്‍കോളുകളിലോ വാട്ട്സ്ആപ്പ് സന്ദേശങ്ങളിലോ മയങ്ങരുതേ... പണം പോകും. പ്രായമായവരെയാണ് തട്ടിപ്പുകാര്‍ കൂടുതല്‍ ലക്ഷ്യം വെക്കുന്നത്. പല തരത്തിലുള്ള തട്ടിപ്പുകളാണ് ഇപ്പോള്‍ സൈബര്‍ രംഗത്ത് നടക്കുന്നത്. ഒന്നിനു തടയിട്ടാല്‍ മറ്റൊന്നിലേക്കു അതിവേഗം ഇക്കൂട്ടര്‍ മാറും.
ഓണത്തിന് ഡികസ്‌ക്കൗണ്ട് ഓഫറുകളും നിങ്ങള്‍ക്കു സമ്മാനം ലഭിച്ചു എന്നതുള്‍പ്പടെയുള്ള കോളുകള്‍ എത്താന്‍ ഉള്ള സാധ്യതകള്‍ ഏറെയാണ്. അബദ്ധത്തില്‍ ഒടിപി നമ്പര്‍ കൈമാറിയാല്‍ പണം പോകുമെന്ന് ഉറപ്പ്.
സൈബര്‍ ലോകത്തെ സമ്പൂര്‍ണര്‍ എന്നു സ്വയം കരുതുന്നവര്‍ പോലും തട്ടിപ്പിനിരയാകുന്ന കാഴ്ചയാണെന്നു ഇന്നുള്ളത്. കോട്ടയം ജില്ലയില്‍ കഴിഞ്ഞ 25 വരെയായി ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 1113 കേസുകള്‍. ഫോണ്‍ നഷ്ടമായതു മുതല്‍ ഫോണിലൂടെ അശ്ലീല പ്രചാരണം വരെയായാണ് ഇത്രയൂം കേസുകള്‍. മാനനഷ്ടം ഭയന്നു പലരും കേസ് കൊടുക്കാതെ പോയ സംഭവങ്ങള്‍ കൂടി കൂട്ടിയാല്‍ കേസുകളുടെ എണ്ണം ഇരട്ടിക്കും.
സ്ത്രീകളെ വഞ്ചിക്കുന്ന കേസുകളാണു കൂടുതല്‍. ഇതുവരെ സ്ത്രീകള്‍ നല്‍കിയിരിക്കുന്നത് 363 പരാതികളാണ്. ആകെയുള്ള പരാതികളില്‍ 40 എണ്ണമൊഴികെയുള്ളവ പരിഹരിക്കപ്പെട്ടുവെന്നാണ് പോലീസ് പറയുന്നത്. ഓരോ തട്ടിപ്പുകള്‍ ഉണ്ടാകുമ്പോള്‍ പോലീസ് ജാഗ്രതാ നിര്‍ദേശങ്ങള്‍ നല്‍കാറുണ്ടെങ്കിലും അതിനെ വെല്ലുന്ന രീതിയിലായിരിക്കും പുതിയ തട്ടിപ്പ് നടക്കുക.
പോലീസ്, കസ്റ്റംസ്, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ, ട്രായ്, സി.ബി.ഐ, എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സൈബര്‍ സെല്‍, ഇന്റലിജന്‍സ് ഏജന്‍സികള്‍, വിവിധ സംസ്ഥാനങ്ങളിലെ പോലീസ് സേനകള്‍ തുടങ്ങിയ നിയമപാലകരെന്ന വ്യാജേന ബന്ധപ്പെട്ടു പണം തട്ടുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്.
സൈബര്‍ തട്ടിപ്പുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പൊതുജനം ജാഗ്രത കാട്ടണമെന്നു പോലീസ് നിര്‍ദേശിക്കുന്നു. സാമ്പത്തിക തട്ടിപ്പുകളിലെല്ലാം എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തു കേസെടുക്കുന്നുണ്ട്. പണം തട്ടിയെടുത്തവര്‍ പല പല അക്കൗണ്ടുകളിലേക്കാവും ആദ്യം പണം മാറ്റുക. കൃത്യസമയത്തിനുള്ളില്‍ നടപടിയെടുത്തില്ലെങ്കില്‍ പണം തിരിച്ചെടുക്കാനാവില്ല. അതുകൊണ്ടാണ് ഗോള്‍ഡന്‍ അവര്‍ ആയ ഒരു മണിക്കൂറിനകം സൈബര്‍ സ്റ്റേഷനില്‍ അറിയിക്കണമെന്നു പറയുന്നത്.
വിഷയത്തില്‍ പോലീസ് കൂടുതല്‍ ബോധവല്‍ക്കരണത്തിനുള്ള ശ്രമത്തിലാണ്. ട്രോളുകളും നോട്ടീസുകളും മറ്റും തയാറാക്കി സമൂഹമാധ്യമ പേജുകളില്‍ ഷെയര്‍ ചെയ്യുന്നുണ്ടെന്നും പോലീസ് അധികൃതര്‍ പറയുന്നു.
മറക്കരുത് ഈ നമ്പര്‍: 1930 ഓണ്‍ലൈന്‍ സാമ്പത്തികത്തട്ടിപ്പിനിരയായാല്‍ ഒരു മണിക്കൂറിനകം തന്നെ വിവരം 1930 ല്‍ സൈബര്‍ പൊലീസിനെ വിവരം അറിയിക്കണം. എത്രയും നേരത്തെ റിപ്പോര്‍ട്ട് ചെയ്താല്‍ നഷ്ടപ്പെട്ട തുക തിരിച്ചുലഭിക്കാന്‍ സാധ്യത കൂടുതലാണ്.