/sathyam/media/media_files/U7BrmT4g1F3aMTMqdOcE.jpg)
പൊന്‍കുന്നം: സ്ഥിരമായി ട്രിപ്പ് മുടക്കി കെഎസ്ആര്‍ടിസി. പൊന്‍കുന്നം ഡിപ്പോയിലെ ബസുകളെ ആശ്രയിക്കുന്ന യാത്രക്കാര്‍ ദുരിതത്തില്‍.
നഷ്ടത്തില്‍ ഓടുന്ന കെഎസ്ആര്‍ടിസിയെ സംരക്ഷിക്കാനുള്ള നടപടികള്‍ ഒരുഭാഗത്ത് മുന്നേറുമ്പോള്‍ മറുഭാഗത്ത് അലംഭാവം കാട്ടുന്ന ജീവനക്കാരാണ് ഉള്ളത്.
ഇപ്പോള്‍ പൊന്‍കുന്നത്തുനിന്ന് നെയ്യാട്ടുശ്ശേരി, ഇളമ്പള്ളി, ആനിക്കാട്, പള്ളിക്കത്തോട്, കൂരോപ്പട, പൂതിരിയ്ക്കല്‍, ഒറവയ്ക്കല്‍, മണര്‍കാട് വഴി കോട്ടയം സര്‍വീസ് നടത്തുന്ന ട്രിപ്പാണ് പതിവായി മുടക്കുന്നതായി പരാതി ഉയരുന്നത്. നിരവധി യാത്രക്കാര്‍ക്ക് ആശ്രയിക്കുന്ന ബസാണിത്. എല്ലാ ദിവസവും വൈകിട്ടത്തെ ട്രിപ്പാണ് മുടക്കുന്നത്.
രാവിലെയുള്ള സര്‍വീസ് സമയം പാലിക്കുന്നില്ലെന്നും ഇത് സ്ഥിരം യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടാണെന്നും നാട്ടുകാര്‍ പരാതിപ്പെട്ടു. വൈകിട്ട് ജോലിക്കു പോയി മടങ്ങുന്ന സ്ത്രീകളടക്കം യാത്ര ചെയ്യുന്ന ബസ് പതിവായി മുടങ്ങുന്നതതോടെ മറ്റു ബസു പിടിച്ചു വീടുകളില്‍ എത്തുമ്പോഴേയ്ക്കും ഏറെ വൈകിയിട്ടുണ്ടായിരിക്കും.
ട്രിപ്പ് മുടങ്ങുന്നതു സംബന്ധിച്ച് ഡിപ്പോ അധികൃതരോട് പരാതി പറഞ്ഞിട്ടും ഫലമില്ലെന്നും യാത്രക്കാര്‍ പറയുന്നു. മുന്‍പ് മലബാര്‍ മേഖലയിലേക്ക് രണ്ടു ദീര്‍ഘ ദൂര സര്‍വീസുകള്‍ നടത്താന്‍ അവസരം ലഭിച്ചപ്പോള്‍ താല്‍പര്യമില്ലെന്നു കാട്ടി കത്തയച്ച ദുഷ്‌പേരും പൊന്‍കുന്നം ഡിപ്പോയ്ക്കുണ്ട്.