/sathyam/media/media_files/ih6omTxlUIX3dqMEMr1L.jpg)
കോട്ടയം: ഓണത്തിന് പൂക്കളം ഒരുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്നു അരളിപൂവ് എത്തി, വാങ്ങാന്‍ ആളില്ലാതെ വന്നതോടെ വിലകുറച്ചു വിറ്റിട്ടും നേട്ടമില്ലെന്നു വ്യാപാരികള്‍. വീടുകളില്‍ പൂക്കളം ഒരുക്കുക കുട്ടികളാണ്. അവരുടെ കൈയിലേക്കു അരളിപൂ നല്‍കാന്‍ രക്ഷിതാക്കള്‍ക്കു ഭയമായതോടെയാണ് വാങ്ങാന്‍ ആളില്ലാത്ത അവസ്ഥ വന്നത്.
പൂക്കളമൊരുക്കാന്‍ തമിഴ്‌നാട്ടില്‍ നിന്ന് വന്‍ തോതിലാണ് വിപണിയിലേക്ക് അരളിപൂ എത്തിച്ചിട്ടുള്ളത്. മികച്ച വില ലഭിക്കുമെന്ന് തമിഴ്‌നാട്ടില്‍ നിന്നും പൂ എത്തിച്ചു വില്‍ക്കുന്നവര്‍ പ്രതീക്ഷിച്ചെങ്കിലും ആരും വാങ്ങുന്നില്ല.
കിലോക്ക് 300 രൂപയാണ് അരളിയുടെ വില ഉണ്ടായിരുന്നത്. അധികം ആരും വാങ്ങാതെ വന്നതോടെ വിലകുറച്ചു നല്‍കാമെന്നും ചില വ്യാപാരികള്‍ പറയുന്നു.
അരളിപൂ കഴിച്ച യുവതി മരിച്ചതിനെ തുടര്‍ന്നാണ് ക്ഷേത്ര പൂജയില്‍ നിന്ന് അരളി ഒഴിവാക്കിയിരുന്നു. പക്ഷേ, പൂവ് വിപണിയില്‍ എത്തിയിട്ടും അധികാരികള്‍ നിശബ്ദത പാലിക്കുന്നത് ജനങ്ങള്‍ക്കും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അരളിപൂ എത്തുന്നത് തടയണമെന്ന് ഒരുകൂട്ടര്‍ ആവശ്യപ്പെടുന്നു.
പൂക്കളമിടാന്‍ അരളി പൂ ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്‌ന മുണ്ടാക്കുമോ എന്ന ആശങ്ക ജനങ്ങള്‍ക്കിടയില്‍ ശക്തമാണ്. കുട്ടികള്‍ ഇതെടുത്ത് വായില്‍ വെക്കാനും മറ്റുമുള്ള സാധ്യതകള്‍ ഏറെയാണ്. ശ്രദ്ധിച്ചില്ലെങ്കില്‍ വന്‍ ദുരന്തമാകും ഉണ്ടാവുകയെന്നും ജനങ്ങള്‍ പറയുന്നു.
അരളിയ ആളുകള്‍ തഴഞ്ഞതോടെ ജമന്തിയും വാടാമുല്ലയും മുല്ലപ്പൂവും ചെണ്ടുമല്ലിയും ഒക്കെയാണ് താരങ്ങള്‍. ജമന്തിക്ക് 250 മുതല്‍ 300 വരെ വിലയുണ്ട്. കൃഷിവകുപ്പും കുടുംബശ്രീ പ്രവര്‍ത്തകരും വ്യാപകമായി ജമന്തി പൂ കൃഷി നടത്തിയിട്ടുണ്ടെങ്കിലും മറ്റു പൂക്കള്‍ക്ക് തമിഴ് നാടിനെ ആശ്രയിക്കേണ്ട അവസ്ഥയാണ്. പൂ വില്‍പ്പനക്കായി തമിഴ്‌നാട്ടില്‍ നിന്നുള്ള കച്ചവടക്കാരുടെ വന്‍സംഘമാണ് എത്തിയിട്ടുള്ളത്.