/sathyam/media/media_files/zWYJPszbfbMfRhhFT5JF.jpg)
കോട്ടയം: എം.സി റോഡില്‍ മുളങ്കുഴയില്‍ ബൈക്കും ഗ്യാസ് ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാക്കില്‍ ഉപ്പഴിത്തറ ചെറുക്കാത്തറ വീട്ടില്‍ ജോണ്‍സണ്‍ ചെറിയാന്റെ മകന്‍ നിഖില്‍ ജോണ്‍സണ്‍ (25) ആണു മരിച്ചത്.
ശനിയാഴ്ച ഉച്ചയ്ക്ക് 2.15 ഓടെയായിരുന്നു അപകടം. കോട്ടയം ഭാഗത്തേയ്ക്കു വരികയായിരുന്ന ഗ്യാസ് ടാങ്കര്‍ ലോറിയും ബൈക്കും തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ റോഡില്‍ വീണ ബൈക്കിന്റെ മുകളിലൂടെ ലോറി കയറിയിറങ്ങി. യാത്രക്കാരന്‍ തലക്ഷണം മരിച്ചു.
യുവാവിൻ്റെ തലയിലൂടെ ലോറിയുടെ ചക്രങ്ങള്‍ കയറിയിറങ്ങി. അഗ്‌നിരക്ഷാ സേനയുടെ ആംബുലന്‍സ് എത്തിച്ചു മൃതദേഹം ജില്ലാ ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി. അപകടത്തെ തുടര്‍ന്ന് എം.സി റോഡില്‍ വന്‍ ഗതാഗതക്കുരുക്കും ഉണ്ടായി. ചിങ്ങവനം പോലീസും സ്ഥലത്ത് എത്തി ഗതാഗതം നിയന്തിച്ചു.
എം.സി റോഡ് രൂക്ഷമായ അപകടമേഖയായി മാറുന്ന അവസ്ഥാണ് കഴിഞ്ഞ കുറച്ചു നാളുകളായി ഉണ്ടായിരിക്കുന്നത്.
മറിയപ്പള്ളി മുതല്‍ കോടിമത വരെയുള്ള ഭാഗത്താണ് അപകടങ്ങള്‍ വര്‍ധിക്കുന്നത്.
ഏറ്റവും അവസാനമായി ഓഗസ്റ്റ് 27 മണിപ്പുഴ പെട്രോള്‍ പമ്പിന് സമീപം ഉണ്ടായ അപകടത്തില്‍ ദമ്പതികള്‍ മരണപ്പെട്ടിരുന്നു. മണിപ്പുഴ പെട്രോള്‍ പമ്പില്‍ നിന്നു പെട്രോള്‍ അടിച്ച ശേഷം എം.സി. റോഡിലേക്കു പ്രവേശിച്ച വാഹനത്തില്‍ പിക്കപ്പ് വാന്‍ ഇടിച്ചാണു ദമ്പതികള്‍ക്കു ജീവന്‍ നഷ്ടമായത്. പിന്നാലെയാണ് ഇന്നു മുളങ്കുഴ ജങ്ഷനില്‍ ഗ്യാസ് ടാങ്കര്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ യുവാവിനു ജീവന്‍ നഷ്ടമായത്.
അമിത വേഗവും അശ്രദ്ധയുമാണു പലപ്പോഴും അപകടങ്ങളിലേക്കു വഴിവെക്കുന്നത്. ശ്രദ്ധയോടെയും ക്ഷമയോടെയും വാഹനങ്ങള്‍ ഓടിച്ചാല്‍ അപകടങ്ങള്‍ ഒരു പരിധി വരെ കുറയ്ക്കാന്‍ സാധിക്കും. അതിനു തയ്യാറാകതിടത്തോളം കാലം അപകടങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കുമെന്നു നാട്ടുകാർ പറയുന്നു. അപകടങ്ങള്‍ വര്‍ധിക്കുമ്പോഴും അധികൃതര്‍ എന്തു ചെയ്തു എന്ന ചോദ്യത്തിനു മാത്രം ഉത്തരമില്ല.