/sathyam/media/media_files/QqSFoaGRugTutw2B1QgT.jpg)
കോട്ടയം: തെള്ളകത്തെ മാതാ ആശുപത്രി ഇനി കാരിത്താസ് ആശുപത്രിയുടെ ഭാഗം. കാരിത്താസ് ഹോസ്പിറ്റലിന്റെ കോട്ടയത്തെ അഞ്ചാമത്തെ ആശുപത്രിയായാണ് കാരിത്താസ് മാതാ ആശുപത്രിയെ ഏറ്റെടുത്തത്.
ചുരുങ്ങിയ കാലം കൊണ്ട് ജനപ്രീതി നേടിയ മാതാ ആശുപത്രിയുടെ പേരിലും കാര്യമായ മാറ്റം വരുത്താതെ കാരിത്താസ് മാതാ എന്ന പേരിലായിരിക്കും പ്രവര്‍ത്തിക്കുക.
മാതൃ-ശിശുപരിചരണത്തില്‍ സെന്റര്‍ ഓഫ് എക്സലന്‍സായിട്ടാണ് കാരിത്താസ് മാതാ പ്രവര്‍ത്തനം തുടങ്ങുന്നത്. മുപ്പതിലധികം ഡിപ്പാര്‍ട്ടുമെന്റുകള്‍, പ്രൈവറ്റ് ലേബര്‍ സ്യൂട്ടുകള്‍ തുടങ്ങി നിരവധി ആധുനിക സജ്ജീകരണങ്ങൾ കാരിത്താസ് മാതായിൽ ഉണ്ട്.
ഗര്‍ഭപരിചരണം, പ്രസവം, പ്രസവാനന്തര പരിചരണം ഗൈനക്ക് ഓങ്കോളജി, യൂറോളജി, പീഡിയാട്രിക്ക് റീഹാബിലിറ്റേഷന്‍, ചൈല്‍ഡ് ഡിവലപ്‌മെന്റ് സെന്റര്‍ തുടങ്ങിയ വിഭാഗങ്ങള്‍ കാരിത്താസ് മാതായുടെ സവിശേഷതകളാണ്.
ചുരുങ്ങിയ കാലം കൊണ്ട് കോട്ടയത്തെ പ്രശസ്ത ആശുപത്രികളുടെ പട്ടികയിലേക്ക് ഉയർന്ന മാതാ ആശുപത്രിയാണ് ഇന്നു കാരിത്താസിന്റെ ഭാഗമാകുന്നത്. ഗുണനിലവാരമുള്ള ആരോഗ്യ സംരക്ഷണത്തിന്റെ പര്യായമായി അറിയപ്പെട്ട മാതാ ആശുപത്രി 2000-ല്‍ ആണ് പ്രവര്‍ത്തനം ആരംഭിക്കുന്നത്.
പന്ത്രണ്ടു ഡോക്ടര്‍മാര്‍ ചേര്‍ന്നാണ് ആശുപത്രിയ്ക്കു രൂപം നല്‍കിയത്. മികച്ച സേവനം കൊണ്ട് ആശുപത്രി എല്ലാ മേഖലകളിലും വളരുകയായിരുന്നു. ദൂര സ്ഥലങ്ങളില്‍ നിന്നു പോലും ആളുകള്‍ മാതാ ആശുപത്രിയില്‍ ചികിത്സ തേടിയെത്തിരുന്നു.
എന്നാല്‍, 20 വര്‍ഷം എന്ന നാഴികകല്ല് പിന്നിട്ട ശേഷം മാതാ ആശുപത്രിയില്‍ കാര്യങ്ങള്‍ അത്ര ശുഭകരമായിരുന്നില്ല. ഉമടകള്‍ തമ്മില്‍ ഉള്ള പ്രശ്‌നങ്ങൾ ആശുപത്രിയുടെ പ്രവര്‍ത്തനത്തെ ബാധിച്ചിരുന്നു. ഇതിനിടെയാണ് കാരിത്താസ് ആശുപത്രി മാനേജ്‌മെന്റ് മാതാ ആശുപത്രി ഏറ്റെടുക്കാന്‍ തായാറായി മുന്നോട്ടുവന്നത്.
ഇനിമുതല്‍ കാരിത്താസ് ആശുപത്രിയിലെ സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗം കാരിത്താസ് മാതാ ആശുപത്രിയുടെ ക്യാംപസിലേക്കു മാറും.
പ്രസവസമയത്ത് ഭാര്യയ്‌ക്കൊപ്പം ഭര്‍ത്താവിനു നില്‍ക്കാന്‍ സാധിക്കുന്ന പ്രൈവറ്റ് ലേബര്‍ സ്വീറ്റ് അടക്കമുള്ള സൗകര്യങ്ങള്‍, ഗൈനക് ഓങ്കോളജി, കുട്ടികളുടെ വിഭാഗത്തില്‍ നിയോനേറ്റോളജി, കാര്‍ഡിയോളജി, ന്യൂറോളജി, നെഫ്രോളജി, സര്‍ജറി, ഓര്‍ത്തോ, ഓങ്കോളജി, യൂറോളജി, പീഡിയാട്രിക് റീഹാബിലിറ്റേഷന്‍, ഡെന്റല്‍, ചൈല്‍ഡ് ഡവലപ്‌മെന്റ് സെന്റര്‍ എന്നിവ ഇവിടെയുണ്ടാകും.
250 - 300 കിടക്കകള്‍ പുതിയ ആശുപത്രിയിലുണ്ട്. 7 ഓപ്പറേഷന്‍ തിയറ്ററുകളും 50 ഐ.സി.യു ബെഡുകളും ഇവിടെയുണ്ട്. 655 മുറികളും 150 ഐസിയു ബെഡുകളുമാണ് ഇപ്പോള്‍ കാരിത്താസിലുള്ളത്.
മാതാ ഏറ്റെടുക്കുന്നതിലൂടെ 400 ജീവനക്കാര്‍ കൂടി കാരിത്താസിന്റെ ഭാഗമാകും. മാതാ ആശുപത്രിയില്‍ ഇപ്പോഴുള്ള എല്ലാ ജീവനക്കാരെയും നിലനിര്‍ത്തിയാണ് കാരിത്താസ് ഏറ്റെടുക്കല്‍ പൂര്‍ത്തിയാക്കിയത്.