/sathyam/media/media_files/ElHnUZI4zj1JglvpsVEa.jpg)
കോട്ടയം: ഓണ റിലീസിനൊരുങ്ങി മലയാള ചിത്രങ്ങള്‍. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടും തുടര്‍ന്നുണ്ടായ പീഡന ആരോപണങ്ങളും പ്രേക്ഷകരെ തീയറ്ററുകളില്‍ നിന്നു അകറ്റി നിര്‍ത്തുമോയെന്ന ആശങ്കയില്‍ സിനിമാ ലോകം.
വിജയുടെ "ഗോട്ടി"നു ലഭിച്ച മികച്ച പ്രതികരണം ശുഭപ്രതീക്ഷയായി കണ്ടു നിര്‍മാതാക്കളും. ആരോപണങ്ങള്‍ മലയാള സിനിമാ മേഖലയെ ദോഷകരമായി ബാധിക്കരുതെന്നും സിനിമ തുടര്‍ന്നും മുന്നേറണമെന്നും സാമൂഹ്യമാധ്യമങ്ങളിലൂടെ മുതിര്‍ന്ന അഭിനേതാക്കളായ മോഹന്‍ലാലും മമ്മൂട്ടിയും അടുത്തിടെ ആശങ്ക പ്രകടിപ്പിച്ചിരുന്നു.
സൂപ്പര്‍ താരങ്ങളായ ഇരുവരുടെയും ചിത്രങ്ങള്‍ ഓണ റിലീസിന് ഇല്ലെന്നതും ശ്രദ്ധേയമാണ്. ഓണത്തിന് മോന്‍ലാലിന്റെ ബറോസും മമ്മൂട്ടിയുടെ ബ്രസൂക്കയുമെല്ലാം ഉണ്ടാകുമെന്നു ആദ്യം പ്രഖ്യാപിച്ചെങ്കിലും പിന്നീട് റിലീസ് ഡേറ്റ് നീട്ടുകയായിരുന്നു.
ബറോസ് ഒക്‌ടോബര്‍ 3ന് റിലീസ് ചെയ്യുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വരുന്നതിനു മുന്‍പാണ് ഇരു ചിത്രങ്ങളുടെയും റിലീസ് തിയതി നീട്ടിയത്. ഇക്കുറി ഓണ റിലീസിനു തയ്യാറെടുക്കുന്നതു മൂന്നു പ്രധാന മലയാള ചിത്രങ്ങള്‍ ഉള്‍പ്പടെ അഞ്ചോളം ചിത്രങ്ങളാണ്.
യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന അജയന്റെ രണ്ടാം മോഷണമാണ് ആദ്യം റിലീസ് ചെയ്യുന്ന ചിത്രങ്ങളില്‍ ഒന്ന്. ഈ വര്‍ഷത്തെ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന മലയാളം സിനിമകളില്‍ ഒന്നായ അജയന്റെ രണ്ടാം മോഷണം സെപ്റ്റംബര്‍ 12ന് റിലീസ് ചെയ്യും.
നവാഗതനായ ജിതിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന 3ഡി ആക്ഷന്‍ അഡ്വഞ്ചര്‍ ചിത്രത്തില്‍ ടൊവിനോ തോമസ് ട്രിപ്പിള്‍ റോളില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്മി, കൃതി ഷെട്ടി എന്നിവര്‍ പ്രധാന സ്ത്രീ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തില്‍ രോഹിണി, ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് ഉത്തമന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ആസിഫ് അലിയുടെ കിഷ്‌കിന്ധ കാണ്ഡവും അജയന്റെ രണ്ടാം മോഷണത്തിനൊപ്പം റിലീസ് ചെയ്യുന്നുണ്ട്. ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും ഛായാഗ്രഹണവും ബാഹുല്‍ രമേശാണ്.
അപര്‍ണ ബാലമുരളി, വിജയരാഘവന്‍, ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ബാഡ് ബോയിസും ബിജു മേനോനും മേതില്‍ ദേവികയും പ്രധാന വേഷങ്ങളില്‍ എത്തുന്ന വിഷ്ണു മോഹന്‍ സംവിധാനം ചെയ്യുന്ന കഥ ഇന്നുവരെയും സെപ്റ്റംബറില്‍ തന്നെ റിലീസ് പ്രഖ്യാപിച്ചിട്ടുണ്ട്.
റിലീസ് അടുത്തതോടെ അണിയറപ്രവര്‍ത്തകരും ആശങ്കയിലാണ്. മുന്‍പ് ഓണക്കാലത്തുണ്ടായതുപോലൊരു തള്ളിക്കയറ്റം ഇക്കുറി ഉണ്ടാകില്ലെന്നും പലരും കരുതുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടു വന്നതിനു പിന്നാലെ സിനിമാ കാണാന്‍ എത്തുന്നവരുടെ എണ്ണം നന്നേ കുറഞ്ഞിരുന്നു. ഇക്കാലയളവില്‍ പിടിച്ചു നിന്നതു നവാഗതരും ഇന്‍സ്റ്റാഗ്രാം താരങ്ങളും ഒക്കെ ഉള്‍പ്പെട്ട ''വാഴ'' മാത്രമാണ്.
ലേഡി സൂപ്പര്‍ സ്റ്റാര്‍ മഞ്ജു വാര്യരുടെ ഫൂട്ടേജ്, മീരാ ജാസ്മിൻ നായികയായി എത്തിയ പാലും പഴവും, ഭാവനയുടെ ഹണ്ടിനുമൊക്കെ ലഭിച്ചതു വളരെ കുറഞ്ഞ കലക്ഷന്‍ മാത്രമാണ്. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ തമിഴ്‌നടന്‍ വിജയ്യുടെ ഗോട്ട് മാത്രണു മികച്ച കലക്ഷനുമായി മുന്നേറുന്നത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പ്രേക്ഷര്‍ മലയാള സിനിമയില്‍ നിന്നു വിട്ടു നിന്നാല്‍ ഗുരുതര പ്രതിസന്ധിയാകും സൃഷ്ടിക്കുക. ഇതേ തുടര്‍ന്ന് സിനിമാ പ്രേമോഷന്‍ പ്രോഗ്രാമുകളില്‍ തങ്ങള്‍ ഇരകള്‍ക്കൊപ്പമെന്ന് ആവര്‍ത്തിച്ചു പറയേണ്ട അവസ്ഥയാണു താരങ്ങള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കും ഉള്ളത്.