/sathyam/media/media_files/3izsByC9xxjfC3Bz6jeL.jpg)
കോട്ടയം: കേരള കോണ്‍ഗ്രസ് എക്സിക്യൂട്ടീവ് ചെയര്‍മാന്‍ മോന്‍സ് ജോസഫ് എംഎല്‍എയ്ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുഡിഎഫ് മുന്‍ ജില്ലാ ചെയര്‍മാനും കേരള കോണ്‍ഗ്രസ് ഡെമോക്രാറ്റിക് പാര്‍ട്ടി അധ്യക്ഷനുമായ സജി മഞ്ഞക്കടമ്പില്‍ രംഗത്ത്.
വയനാട്ടില്‍ പ്രളയദുരന്തം ഉണ്ടായി നാടുമുഴുവന്‍ വയനാടിനായി അണിനിരന്നപ്പോള്‍ മോന്‍സ് ജോസഫ് അമേരിക്കയില്‍ പണപ്പിരിവ് നടത്തുകയായിരുന്നെന്നാണ് സജിയുടെ ആരോപണം.
ഒരു മാസത്തോളം അമേരിക്കയിലായിരുന്ന മോന്‍സ് വയനാട് ദുരന്തത്തിന്‍റെയും പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് ചിലവിന്‍റെയും പേരില്‍ അമേരിക്കയില്‍ കോടികളുടെ പിരിവ് നടത്തിയെന്നാണ് സജി ആരോപിച്ചത്. പ്രളയ ഫണ്ട് പിരിക്കാന്‍ ആരാണ് ഇദ്ദേഹത്തെ ചുമതലപ്പെടുത്തിയത്.
ഇത്തരത്തില്‍ പതിവായി യുഎസ് പര്യടനം നടത്തുന്ന 'അമേരിക്കന്‍ എംഎല്‍എ'യുടെ വിദേശയാത്രകളെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്നാണ് സജി മഞ്ഞക്കടമ്പില്‍ ആവശ്യപ്പെട്ടത്.
ആഴ്ചകളോളം നീളുന്ന അമേരിക്കന്‍ യാത്ര നടത്തുന്ന എംഎല്‍എയുടെ യാത്രോദ്ദേശ്യം എന്തായിരിക്കും. 'ചായ' കുടിക്കാനാണോ മോന്‍സ് അമേരിക്കയിലേയ്ക്ക് പോകുന്നത്. മുമ്പ് കോഴിക്കോട് ചായകുടിക്കാന്‍ പോയ മോന്‍സിനെ അവിടെ യുവജന പ്രസ്ഥാനത്തിന്‍റെ പ്രതിനിധികള്‍ തടഞ്ഞുവെന്നും സജി ആരോപിച്ചു.
ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 14 വരെ മോന്‍സ് ജോസഫ് നടത്തിയ അമേരിക്കന്‍ പര്യടനത്തെക്കുറിച്ചായിരുന്നു സജിയുടെ ആരോപണം. അമേരിക്കയിലെ പ്രമുഖ മലയാളി സംഘടന നടത്തിയ പ്രളയ ഫണ്ട് സമാഹരണത്തിന്‍റെ പിതൃത്വം ഏറ്റെടുക്കാനും മോന്‍സ് ശ്രമിച്ചെന്ന് സജി പറഞ്ഞു.