/sathyam/media/media_files/M9630k3BchQLOJxpYtZ0.jpg)
കാഞ്ഞിരപ്പള്ളി: കാട്ടില്‍നിന്നിറങ്ങി നാട്ടില്‍ വരുന്ന പന്നികളെ വെടിവച്ചു കൊല്ലാനും ഏറെ ഔഷധഗുണമുള്ള ഈ ഇറച്ചി നിശ്ചിത വില ഈടാക്കി നാട്ടുകാര്‍ക്ക് വിതരണം ചെയ്യാനും സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് വാഴൂര്‍ സോമന്‍ എംഎല്‍എ.
കാട്ടുപന്നിയെ വെടിവച്ചു കൊല്ലാന്‍ അവകാശം ലഭിച്ചേ തീരൂ. എന്നിട്ട് അതിനെ പെട്രോള്‍ ഒഴിച്ച് കത്തിച്ചു കളഞ്ഞ് വീണ്ടും പരിസ്ഥിതി മലിനീകരണം ഉണ്ടാക്കുകയല്ല വേണ്ടത്. പകരം അതിന്‍റെ ഇറച്ചി നിശ്ചിത വില വില്ലേജ് ഓഫീസിലോ ഫോറസ്റ്റ് ഓഫീസിലോ അടച്ച് ജനങ്ങള്‍ക്ക് ലഭ്യമാക്കാനും നടപടി സ്വീകരിക്കണം. തടിപോലെ, തേന്‍പോലെ, കുന്തിരിക്കം പോലുള്ള ഒരു കാട്ടുവിഭവമാണ് കാട്ടുപന്നിയും. അതിന് ഏറെ ഔഷധഗുണമുണ്ട്. അത് പെട്രോള്‍ ഒഴിച്ച് കത്തിച്ച് നശിപ്പിച്ച് കളയേണ്ട ഒന്നല്ല - അദ്ദേഹം പറഞ്ഞു.
കാഞ്ഞിരപ്പള്ളി പാറത്തോട് ഇന്‍ഫാം കാര്‍ഷിക ജില്ല സംഘടിപ്പിച്ച 'ഇഎസ്എ വിടുതല്‍ സന്ധ്യ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഏലമലക്കാടുകള്‍ റവന്യൂ ഭൂമിതന്നെയാണ്. അക്കാര്യത്തില്‍ ആശങ്ക വേണ്ട. മരം സംരക്ഷിക്കാനാണ് വനം വകുപ്പിനെ ഏല്പിച്ചിരിക്കുന്നത്. വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങാതിരുന്നാല്‍ ഫെന്‍സിംഗും മറ്റും വേണം. അതിനുള്ള ഫണ്ട് കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് താങ്ങാനാകില്ല. പകരം ലോകബാങ്ക് സഹായം ഉറപ്പാക്കുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ വന്യമൃഗ ശല്യത്തിന് പരിഹാരം ആകുകയുള്ളു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.