/sathyam/media/media_files/xOppSAwZ5L3zlaX374hC.jpg)
കാഞ്ഞിരപ്പള്ളി: ക്രൂരമായ സമീപനവും മനുഷ്യത്വം തൊട്ടുതീണ്ടാത്ത പ്രവര്‍ത്തന ശൈലിയുമുള്ള സംസ്ഥാനത്തെ ഫോറസ്റ്റ് ഉദ്യോഗസ്ഥന്മാര്‍ വന്യമൃഗങ്ങള്‍ക്കൊത്ത സ്വഭാവരീതികള്‍ തന്നെ ഉള്ളവരാണെന്ന പരാമര്‍ശവുമായി ആന്‍റോ ആന്‍റണി എംപി.
ഫോറസ്റ്റ് സംരക്ഷിക്കേണ്ടത് വനം വകുപ്പിന്‍റെ ചുമതലയാണ്. അതിനാല്‍ തന്നെ വന്യമൃഗങ്ങളെ വനത്തില്‍ നിലനിര്‍ത്താനുള്ള ചുമതലയും അവരുടേതാണ്. അതിലവര്‍ പരാജയപ്പെടുമ്പോഴാണ് വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങി കൃഷിഭൂമിയിലേയ്ക്ക് വരുന്നത്.
യഥാര്‍ഥത്തില്‍ ഒരു വന്യമൃഗം നാട്ടിലേയ്ക്കിറങ്ങുമ്പോള്‍ ബന്ധപ്പെട്ട ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പേരില്‍ കേസെടുക്കുകയാണ് വേണ്ടത് - അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം സംഘടിപ്പിച്ച 'ഇഎസ്ഐ വിടുതല്‍ സന്ധ്യ'യില്‍ സംബന്ധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇഎസ്ഐ നടപ്പിലാക്കുമ്പോള്‍ ഒരിഞ്ചു ഭൂമിപോലും വനത്തിനകത്തേയ്ക്കോ, വനത്തില്‍ നിന്ന് പുറത്തേയ്ക്കോ കൂട്ടിച്ചേര്‍ക്കരുതെന്ന് ആന്‍റോ ആന്‍റണി പറഞ്ഞു. ജണ്ടയിട്ട സ്ഥലം മാത്രം പരിസ്ഥിതി ലോലം എന്ന വാദത്തില്‍ ഉറച്ചുനില്‍ക്കുന്നതാണ് നല്ലത്.
ഏലമലക്കാടുകളുടെ കാര്യത്തില്‍ പട്ടയം കൊടുത്തിരിക്കുന്നത് റവന്യു വകുപ്പാണെന്നതിനാല്‍ അവ വനംവകുപ്പിന് വിട്ടുകൊടുക്കാതെ റവന്യു വകുപ്പിനു കീഴില്‍ തന്നെ സംരക്ഷിക്കപ്പെടണം. അതല്ലെങ്കില്‍ ഇന്‍ഫാം ആവശ്യപ്പെടുന്ന പ്രകാരം റവന്യു - വനം വകുപ്പുകള്‍ സംയുക്തമായി ചുമതല വഹിക്കണമെന്നാണ് തന്‍റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.