/sathyam/media/media_files/VxChRuPLSVD8Pgw2q5y2.jpg)
കോട്ടയം: കുതിച്ചുയര്‍ന്നു കാന്താരി വില, വിത്തും മികച്ചയിനം തൈകളും അന്വേഷിച്ച് എത്തുന്നവരും ഏറെയാണ്. ഓണക്കാലത്ത് കാന്താരിയുടെ ഉപയോഗം വര്‍ധിച്ചതോടെയാണ് വിലയും കുതിച്ചുയര്‍ന്നത്.
ഒരു കിലോ കാന്താരിക്ക് വില 600 രൂപയാണ്. വില കുറഞ്ഞ ശേഷമാണ് ഇപ്പോള്‍ വീണ്ടും വില വര്‍ധിച്ചത്. രണ്ടു മാസം മുന്‍പു പച്ചക്കാന്താരി വില 1000 രൂപയായിരുന്നു. പിന്നീട് വില കുറയുകയും ചെയ്തിരുന്നു.
ഓണക്കാലത്ത് വില വീണ്ടും വര്‍ധിക്കുകയായിരുന്നു. അച്ചാര്‍ ഉള്‍പ്പടെയുള്ള വിഭവങ്ങള്‍ ഉണ്ടാക്കുന്നതിനായി ആളുകള്‍ കൂടുതലായി ആളുകള്‍ കാന്താരി വാങ്ങിയതോടെ വിലയും വര്‍ധിക്കുകയായിരുന്നു.
കാന്താരിമുളക് ഉപ്പിട്ട് വഴറ്റി ഉണക്കി വിദേശത്തേക്ക് കൊണ്ടുപോകാന്‍ തുടങ്ങിയതോടെയാണ് ഡിമാന്‍ഡ് കൂടിയത്. വിദേശമലയാളികളാണ് അവധിക്കുവന്നുപോകുമ്പോള്‍ സ്വന്തമാവശ്യത്തിനും സുഹൃത്തുക്കള്‍ക്കും നല്‍കാന്‍ വലിയ അളവില്‍ ഉണക്കി കൊണ്ടുപോകുന്നത്.
മലയാളികളുടെ ഭക്ഷ്യശീലത്തില്‍ എരിവേറിയ കറികളാണ് മിക്കവര്‍ക്കും ഇഷ്ടം. എരിവ് ലഭിക്കാന്‍ കാന്താരി മുളകാണ് മലയാളികള്‍ക്കു പ്രീയവും. വാതരോഗം, അജീര്‍ണം, വായുക്ഷോഭം, പൊണ്ണത്തടി എന്നിവയ്ക്കുള്ള ഔഷധമായ കാന്താരി ഉപയോഗിക്കുന്നവരും ഉണ്ട്.
കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാനും കാന്താരിക്കു കഴിയും. രക്തശുദ്ധിക്കും ഹൃദയാരോഗ്യത്തിനും രക്തക്കുഴലുകളുടെ വികസനത്തിനും ഗുണകരമാണ്. ജീവകം സി. ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിദേശ വിപണിയിലടക്കം ആവശ്യക്കാരുണ്ട്.
വെള്ളക്കാന്താരി, പച്ചക്കാന്താരി, വയലറ്റ് കാന്താരി എന്നിവയില്‍ പച്ചനിറത്തിലുള്ള ചെറിയ കാന്താരിക്കാണ് എരിവ് കൂടുതല്‍. കറികളില്‍ ചേര്‍ക്കുന്നതിനുപുറമേ അച്ചാറായും ഉപ്പിലിട്ടും ഉപയോഗിക്കുന്നവരും ധാരാളമാണ്.
കൂടുതല്‍ തണലില്ലാത്ത പുരയിടങ്ങളില്‍ കാന്താരി കൃഷി ചെയ്യാം. 20-30 ഡിഗ്രി താപനിലയില്‍ കാന്താരി തൈകൾ നന്നായി വളരും. പി.എച്ച്. 6.5-നും ഏഴിനും ഇടയിലുള്ള മണ്ണില്‍ നന്നായി വളരും. തനി വിളയായോ ഇടവിളയായോ കൃഷിചെയ്യാം. 35-40 ദിവസം പ്രായമായ തൈകളാണ് നടീലിന് ഉപയോഗിക്കുന്നത്.