/sathyam/media/media_files/NF4AaFmP2CatHGqRj362.jpg)
കാഞ്ഞിരപ്പള്ളി: വനങ്ങളില്‍ ഓരോ മേഖലകളിലും വളരേണ്ട വന്യമൃഗങ്ങളുടെ ആവാഹന ശേഷി സംബന്ധിച്ച് ശാസ്ത്രീയമായ പഠനം നടത്തുകയും കണക്കില്‍ കവിഞ്ഞും പെരുകുന്ന വന്യമൃഗങ്ങളെ വെടിവച്ചു കൊല്ലാന്‍ നിയമം കൊണ്ടുവരികയും ചെയ്യണമെന്ന് കെ ഫ്രാന്‍സീസ് ജോര്‍ജ് എംപി.
മാധവ് ഗഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നതുപോലെ ലോകരാജ്യങ്ങളുടെ അതേ മാതൃകയില്‍ നമ്മുടെ നാട്ടിലും വന്യമൃഗങ്ങള്‍ പെരുകുന്ന സമയത്ത് ഹണ്ടിങ് സീസണ്‍ പ്രഖ്യാപ്പിക്കുകയും സീസണില്‍ വെടിവയ്ക്കാന്‍ ലൈസന്‍സ് ഏര്‍പ്പെടുത്തുകയും ചെയ്യണമെന്ന് അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളി മലനാട് ഡെവലപ്മെന്‍റ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ ഇന്‍ഫാം സംഘടിപ്പിച്ച 'ഇഎസ്എ വിടുതല്‍ സന്ധ്യ'യില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ വേട്ടയാടാന്‍ വിദേശരാജ്യങ്ങളില്‍ അനുമതി നല്‍കാറുണ്ട്. കണക്കില്‍ കവിഞ്ഞ് വന്യമൃഗങ്ങള്‍ പെരുകുമ്പോള്‍ അതിനെ നിര്‍മാര്‍ജനം ചെയ്യുക മാത്രമാണ് മാര്‍ഗം. ഓസ്ട്രേലിയയില്‍ അവിടുത്തെ ദേശീയ മൃഗത്തെപ്പോലും അവ പെരുകുമ്പോള്‍ വെടിവച്ചു കൊല്ലുകയാണ് പതിവ്. ഈ രീതിയിലേക്ക് നമ്മുടെ നാടും മാറണം. അതിനായി വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടില്‍ നിയമഭേഗതി വരുത്തണം.
ബഫര്‍ സോണ്‍ വനത്തിനു പുറത്തേക്ക് ഒരു കിലോമീറ്റര്‍ എന്നത് മാറ്റി വനത്തിനുള്ളിലേക്ക് ആക്കണം. ജണ്ടയിട്ട ഭൂമിയില്‍ നിന്ന് പുറത്തേക്ക് ഒരു കിലോമീറ്റര്‍ ഇറക്കിയാല്‍ കാലക്രമേണ അത് വനഭൂമിയായി മാറും. വന്യമൃഗങ്ങള്‍ പുറത്തേക്കെത്തും. വീണ്ടും ബഫര്‍സോണ്‍ വര്‍ധിപ്പിക്കേണ്ടി വരും. അതിനു പകരം വനത്തിനുള്ളിലേക്കുള്ള ഒരു കിലോമീറ്റര്‍ ബഫര്‍സോണ്‍ തിരിക്കണം.
അതിനുള്ളില്‍ ഇലക്ട്രിക് വേലിയോ സോളാര്‍ വേലിയോ അതുമല്ലെങ്കില്‍ കരിമ്പനപോലുള്ള വൃക്ഷങ്ങളോ വച്ച് പിടിപ്പിച്ച് സംരക്ഷണം ഒരുക്കണം. ഇതില്‍ ഏതുതരം സുരക്ഷാമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്ന് ഓരോ മേഖലയിലെ സാഹചര്യങ്ങള്‍ കണക്കിലെടുത്ത് തീരുമാനിക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാരിനെക്കൊണ്ട് ഒരു തീരുമാനമെടുപ്പിക്കുന്നതിന് രാഷ്ട്രീയ നേതൃത്വങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് പറഞ്ഞു.
പ്രശ്ന ബാധിത മേഖലകളിലെ ജനപ്രതിനിധികളെയും ഇന്‍ഫാം ഭാരവാഹികളെയും പങ്കെടുപ്പിച്ചു നടത്തിയ വിടുതല്‍ സന്ധ്യ 5 മണിക്കൂര്‍ നേരം നീണ്ടു നിന്നു .
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.