/sathyam/media/media_files/kxIJ1byCn6HrcmUoGpKA.jpg)
കാഞ്ഞിരപ്പള്ളി: അനിയന്ത്രിതമായ മൃഗവേട്ട ഉണ്ടായിരുന്ന ഒരു കാലഘട്ടത്തില്‍ 1972 ല്‍ കൊണ്ടുവന്ന കേന്ദ്ര വന്യജീവി നിയമം ഇന്ന് കാട്ടുമൃഗങ്ങള്‍ മനുഷ്യനെ ആക്രമിക്കുന്ന ഈ കാലഘട്ടത്തില്‍ ബൂമറാംഗ് ആയി മാറിയെന്നും 50 വര്‍ഷം പിന്നിട്ട ഈ നിയമം പൊളിച്ചെഴുതണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ.
സി.ആര്‍.പി.സി ആക്ടിലെ ചില വ്യവസ്ഥകള്‍ പ്രകാരം ഒരാള്‍ക്ക് സ്വയ രക്ഷയ്ക്കുവേണ്ടി വെടിവയ്ക്കാനും ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകുമ്പോള്‍ കളക്ടര്‍ക്ക് വെടിവയ്ക്കാന്‍ ഉത്തരവിറക്കാനും ഒക്കെയുള്ള അധികാരങ്ങള്‍ പോലും വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ നിയമത്തിന്‍റെ പേരില്‍ നടപ്പിലാക്കാന്‍ കഴിയുന്നില്ല.
അതിനാല്‍ മനുഷ്യനുവേണ്ടി ഈ നിയമങ്ങള്‍ പരിഷ്കരിക്കുകയല്ലാതെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു. കാഞ്ഞിരപ്പള്ളിയില്‍ ഇന്‍ഫാം സംഘടിപ്പിച്ച ഇഎസ്എ വിടുതല്‍ സന്ധ്യയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനവാസമേഖലകള്‍ പരിസ്ഥിതി ലോല പ്രദേശമായി പ്രഖ്യാപിക്കപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തുക എന്നുള്ളതാണ് എല്ലാവരുടെയും നിലപാട്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് കൃത്യമായ ഇടപെടലുകള്‍ ഉണ്ടാകും. അതിനായി ചര്‍ച്ചകളും അഭിപ്രായ രൂപീകരണങ്ങളും നടന്നു വരികയാണ്.
കേരളാ കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തിയിരുന്നു. ബഫര്‍ സോണ്‍ വിഷയത്തില്‍ ഉള്‍പ്പെടെ കര്‍ഷകര്‍ക്ക് അനുകൂല നിലപാട് സ്വീകരിപ്പിക്കാന്‍ ഇടപെടല്‍ നടത്തിയ ജോസ് കെ മാണി നടത്തുന്ന നീക്കങ്ങള്‍ ഫലം കാണുമെന്നും അദ്ദേഹം പറഞ്ഞു.
ജനവാസമേഖലകളില്‍ താമസിക്കുന്നത് കര്‍ഷകരാണ്. അവര്‍ അവിടെ ഖനനമോ വ്യവസായമോ ഒന്നും നടത്തുന്നവരല്ല. അവര്‍ ഒരുതരത്തിലും ഭൂമിയെ ദുര്‍ബലപ്പെടുത്തുന്ന നീക്കങ്ങള്‍ നടത്തുന്നവരല്ല. എന്നുമാത്രമല്ല പ്രകൃതിക്ക് സഹായകരമായ കൃഷി പോലുള്ള നടപടികളാണ് കര്‍ഷകര്‍ സ്വീകരിക്കുന്നത്. ഇത് കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്താന്‍ സാധിക്കണം.
കേന്ദ്ര വന്യജീവി നിയമം കാലഹരണപ്പെട്ടതാണ്. പണ്ട് വന്യജീവികളെ സംരക്ഷിക്കാനുണ്ടാക്കിയ നിയമം ഇന്ന് ബൂമറാംഗ് പോലെ മനുഷ്യനു നേരെ തിരിഞ്ഞിരിക്കുകയാണെന്നും കര്‍ഷകര്‍ക്ക് അനുകൂല തീരുമാനമെടുക്കാന്‍ ഒന്നിച്ചു നില്‍ക്കണമെന്നും സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ കൂട്ടിച്ചേര്‍ത്തു.
ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, എംപിമാരായ ജോസ് കെ മാണി, ആന്‍റോ ആന്‍റണി, ഡീന്‍ കുര്യാക്കോസ്, ഫ്രാന്‍സിസ് ജോര്‍ജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ എന്നിവര്‍ പ്രസംഗിച്ചു. ബിഷപ്പ് മാര്‍ ജോസ് പുളിക്കല്‍ സമാപന സന്ദേശം നല്‍കി.