കോട്ടയം: എസി, മിന്നുന്ന ലൈറ്റുകള്‍, ഒഴുകിയിറങ്ങുന്ന ലിഫ്റ്റ്... തൃശൂര്‍ ശക്തന്‍ നഗറില്‍ കോര്‍പറേഷന്‍ നിര്‍മിച്ച ആകാശപാത നവീകരണത്തിനു ശേഷം വെള്ളിയാഴ്ച തുറക്കുന്നു. അപ്പോള്‍, കോട്ടയത്തെ ആകാശപ്പാതയോ ? വിവാദങ്ങളില്‍ മുങ്ങി ഉറങ്ങുന്നു. ഒരു സര്‍ക്കാര്‍ പദ്ധതി എങ്ങനെ നന്നായി നടത്താമെന്നും എങ്ങനെ നശിപ്പിക്കാമെന്നും ഉള്ളതിന്റെ രണ്ടു ഉദാഹരണങ്ങളാണ് ഇവ.
ശക്തന്‍ നഗറില്‍ കോര്‍പറേഷന്‍ നിര്‍മിച്ച ആകാശപാത സംസ്ഥാനത്തെ ഏറ്റവും നീളം കൂടിയ ആകാശപാതയാണ്. മുന്‍പ് പൊതുജനങ്ങള്‍ക്കായി തുറന്നിരുന്നെങ്കിലും പിന്നീട് കൂടുതല്‍ സുരക്ഷിതമാക്കാന്‍ അടച്ചിട്ടിരിക്കുകയായിരുന്നു.
ചില്ലുകള്‍ കൊണ്ട് വശങ്ങള്‍ സുരക്ഷിതമാക്കി ഉള്‍ഭാഗം പൂര്‍ണമായും ശീതീകരിച്ചിട്ടുണ്ട്. ഇതിലേക്ക് കയറാന്‍ ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്.
കോര്‍പറേഷന്‍ അമൃത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി വൃത്താകൃതിയില്‍ നിര്‍മിച്ച ആകാശപാതക്ക് 5.50 കോടി രൂപയാണ് ചെലവായത്. ആകാശപാതയുടെ മുകളില്‍ സ്ഥാപിച്ച 50 കിലോ വോട്ടിന്റെ സൗരോര്‍ജ പാനലുകള്‍ ഉപയോഗിച്ചാണ് എസി, ലൈറ്റുകള്‍, ലിഫ്റ്റുകള്‍ എന്നിവ പ്രവര്‍ത്തിക്കുക.
പക്ഷേ, കോട്ടയത്തേതാകട്ടേ ആകാശപാതയെചൊല്ലിയുള്ള വിവാദങ്ങളും ഏറെക്കുറെ പ്രതിപക്ഷവും ഭരണപക്ഷവും മറന്നമട്ടാണ്. കഴിഞ്ഞ ജൂണ്‍ - ജൂലൈ മാസങ്ങളില്‍ കോട്ടയത്ത് കടുത്ത രാഷ്ട്രീയ പോര് നടന്നത് ആകാശ പാതയുടെ പേരിലായിരുന്നു.
സര്‍ക്കാര്‍ പദ്ധതി മനഃപൂര്‍വം തടഞ്ഞു എന്നാണു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും ഭാവനാശൂന്യമായ പദ്ധതിയെന്നും പൊളിച്ചുനീക്കണമെന്നും സി.പി.എം ജില്ലാ നേതൃത്വവും നിലപാടെടുത്തതോടെ ആകാശപാത വിവാദ വിഷയമായി മാറുകയായിരുന്നു.
പിന്നീട് ആകാശപാതയുടെ ചുവട്ടില്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ സത്യഗ്രഹവും സി.പി.എമ്മിന്റെ നേതൃത്വത്തില്‍ അഴിമതി തുറന്നുകാട്ടാൻ മാര്‍ച്ചും നടന്നിരുന്നു.
കോട്ടയത്തെ ആകാശപാത പദ്ധതി നടപ്പിലാക്കാനാവില്ലെന്നു സര്‍ക്കാര്‍ നിയമസഭയില്‍ വ്യക്തമാക്കിയതോടെ നഗരമധ്യത്തില്‍ നിലനില്‍ക്കുന്ന നിര്‍മാണം ഇനി എന്തു ചെയ്യുമെന്ന ചോദ്യം ബാക്കിയാണ്.
സര്‍ക്കാര്‍ പദ്ധതി മനഃപൂര്‍വം തടഞ്ഞു എന്നാണു തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയുടെ നിലപാട്. ഭാവനാശൂന്യമായ പദ്ധതിയെന്നും പൊളിച്ചുനീക്കണമെന്നും സിപിഎം ജില്ലാ നേതൃത്വം നേരത്തെ ആവശ്യപ്പെട്ടിരുന്നു. പക്ഷേ സമരങ്ങൾ ആരംഭിച്ചു ഒരു മാസം പിന്നിട്ടപ്പോഴേയ്ക്കും ഇരു കൂട്ടരും സമരം സമരവും പ്രതിഷേധവുമെല്ലാം മറന്നമട്ടാണ്.
2016 ല്‍ അഞ്ചരക്കോടി രൂപ അനുവദിച്ചാണ് ആകാശപാത നിര്‍മ്മാണം തുടങ്ങിയത്. ഒരു കോടി രൂപ ചെലവില്‍ ഉരുക്ക് തൂണുകള്‍ സ്ഥാപിച്ച് അതില്‍ കമ്പികള്‍ ചേര്‍ത്ത് വച്ച് ഒരു രൂപം മാത്രം ഉണ്ടാക്കി. പിന്നീട് പണികള്‍ നിലച്ചു. റോഡ് സുരക്ഷ വകുപ്പിന്റെ പദ്ധതിയുടെ നിര്‍മാണ ചുമതല കിറ്റ്‌കോയ്ക്ക് ആയിരുന്നു.
കഴിഞ്ഞ എട്ടുവര്‍ഷമായി നഗരമധ്യത്തില്‍ നിലനില്‍ക്കുന്ന ആകാശപാത പദ്ധതിയുടെ ഇരുമ്പു തുണുകളും മറ്റും ഇനി എന്തു ചെയ്യുമെന്നാണു നാട്ടുകാര്‍ ചോദിക്കുന്നത്. ആകാശപാതയുമായി ബന്ധപ്പെട്ട കേസ് ഹൈക്കോടതിയില്‍ ഉള്ളതിനാല്‍ എല്ലാത്തിനും ഉത്തരം നല്‍കുക കോടതിയായിരിക്കും.