/sathyam/media/media_files/Y0LtDDFdANyjoK3heQVx.jpg)
കോട്ടയം: കേന്ദ്രമന്ത്രി സുരേഷ് ഗോപി ഒക്‌ടോബര്‍ ഒന്‍പതിന് കോട്ടയം ജില്ലയിലെ വിവിധ ചടങ്ങുകളില്‍ പങ്കെടുക്കും. പാലായില്‍ എത്തുന്ന സുരേഷ് ഗോപി കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ എത്തും.
പൃഥ്വിരാജ് സുകുമാരൻ നായകനായ കടുവ സിനിമയിലെ കടുവാക്കുന്നേല്‍ കുര്യച്ചന്‍ എന്ന കഥാപാത്രത്തിന് പ്രചോദനമായ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുരുവിനാക്കുന്നേല്‍ കുറുവച്ചന്റെ ജീവിതമായിരുന്നു.
കടുവ സിനിമയില്‍ തന്റെ കഥ വളച്ചൊടിച്ചുവെന്നാരോപിച്ച് കുറുവച്ചന്‍ കോടതിയെ സമീപിച്ചിരുന്നു. ഇത് പിന്നീട് ഏറെ വിവാദമായിരുന്നു. അന്നു തന്റെ ജീവിത കഥ സുരേഷ് ഗോപി അഭിനയിക്കണമെന്ന ആഗ്രഹവും ജോസ് പ്രകടമാക്കിയിരുന്നു.
ഇടമറ്റം കുരുവിനാക്കുന്നേല്‍ തറവാട്ടിലാണ് ഇദ്ദേഹം ഇപ്പോള്‍ താമസിക്കുന്നത്. സമീപ കാലത്തുണ്ടായ ഹൃദയാഘാതത്തില്‍നിന്ന് മുക്തനായിവരുകയാണ്.
കടുവ എന്ന സിനിമയില്‍ കുര്യച്ചന്‍ എന്ന കഥാപാത്രമാണ് ജോസിന്റെ ജീവിതം പ്രശസ്തമാക്കിയത്. വര്‍ഷങ്ങള്‍ക്കു മുമ്പ് സംസ്ഥാനത്തെ പ്രമുഖനും അയല്‍വാസിയുമായിരുന്ന ഉന്നത പോലീസ് ഉദ്യോഗസ്ഥനുമായി ഉണ്ടായിരുന്ന തര്‍ക്കങ്ങളും സംഘര്‍ഷങ്ങളുമായിരുന്നു കുറുവച്ചന്റെ ജീവിതത്തിലെ വഴിത്തിരിവുകള്‍.
അദ്ദേഹത്തിന്റെ ജീവിതത്തിലെ ചില മുഹൂര്‍ത്തങ്ങള്‍ ചേര്‍ത്ത് ഇറങ്ങുന്ന സിനിമയിൽ സുരേഷ് ഗോപിയാണ് നായകന്‍.
പാലാ ചടങ്ങനാശേരി എന്നിവിടങ്ങളില്‍ നടക്കുന്ന ചടങ്ങുകളിങ്ങില്‍ പങ്കെടുക്കാനാണ് സുരേഷ് ഗോപി കോട്ടയത്ത് എത്തുന്നത്. ഒന്‍പതിന് രാവിലെ 10 ന് പാലാ അല്‍ഫോന്‍സാ കോളജിന്റെ ഡയമണ്ട് ജൂബിലി ആഘോഷ സമാപന ചടങ്ങില്‍ പങ്കെടുക്കും.
തുടര്‍ന്ന് സാധുക്കള്‍ക്കായി നിര്‍മിച്ച വീടുകളുടെ താക്കോല്‍ ദാനകര്‍മ്മം നിര്‍വഹിച്ച ശേഷം അരുവിത്തുറ പള്ളിയില്‍ എത്തി നേര്‍ച്ചകള്‍ എണ്ണ സമര്‍പ്പണം എന്നിവ നിര്‍വഹിച്ച ശേഷമാകും കുരുവിനാക്കുന്നേല്‍ കുറുവച്ചനെ കാണാനായി ഇടമറ്റത്തെ വീട്ടില്‍ പോകുന്നത്.
തുടര്‍ന്ന് മാര്‍ സ്ലീവാ ആശുപത്രിയിലെ ചടങ്ങില്‍ പാലാ രൂപതാ അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ടിനൊപ്പം പങ്കെടുക്കും. ഇവിടെ ബിഷപ്പിനൊപ്പം ഉച്ചഭക്ഷണവും കഴിച്ച ശേഷമാകും കേന്ദ്ര മന്ത്രി ചങ്ങനാശേരിയിലേക്കു തിരിക്കുക.