പിണറായി പി.ആറായത് ഇപ്പോഴല്ല. പിണറായി പി.ആ‍ർ ഏജൻസികളുടെ സഹായം തേടാൻ തുടങ്ങിയത് മുഖ്യമന്ത്രിയാകാൻ ഇറങ്ങിയപ്പോൾ മുതൽ. പരുക്കൻ പ്രതിഛായ മാറ്റി ചിരിക്കാൻ പഠിപ്പിച്ചതും പി.ആ‍ർ ഏജൻസിയുടെ പൊടിക്കൈ. കോവിഡ് കാല കരുതലിലും പി.ആ‍ർ സ്പർശം. പി.ആർ ഏജൻസികളോടുളള വിമ‍ർശനം പുറമേയ്ക്ക് മാത്രം, പിവിക്ക് പി.ആറിനോട് മാത്രം മമത !

പാ‍‍ർട്ടി സെക്രട്ടറിയായപ്പോൾ മുതൽ ക‍‍ർക്കാശ്യത്തിൻെറ ആൾരൂപമായി കരുതിപോന്നിരുന്ന പിണറായിയെ ചിരിക്കാൻ പഠിപ്പിച്ചതും പി.ആ‍ർ ഏജൻസിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
pinarai vijayan-10
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: മാധ്യമങ്ങളോട് സംസാരിക്കാൻ പി.ആ‍‍‍‍ർ ഏജൻസിയുടെ സഹായം വേണ്ടെന്ന് പൊതുവേദിയിൽ ഊറ്റം കൊണ്ടിരുന്നുവെങ്കിലും മുഖ്യമന്ത്രി ആകാൻ കച്ചകെട്ടിയിറങ്ങിയപ്പോൾ മുതൽ പിണറായി വിജയൻ പി.ആ‍ർ.ഏജൻസികളുടെ സഹായം തേടിയിരുന്നു. 

Advertisment

പാ‍‍ർട്ടി സെക്രട്ടറിയായപ്പോൾ മുതൽ ക‍‍ർക്കാശ്യത്തിൻെറ ആൾരൂപമായി കരുതിപോന്നിരുന്ന പിണറായിയെ ചിരിക്കാൻ പഠിപ്പിച്ചതും പി.ആ‍ർ ഏജൻസിയാണെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരം.

pinarai vijayan-8

ലാവ്ലിൻ അഴിമതി കേസിൻെറ ഭാരമെല്ലാം ഇറക്കിവെച്ച് പാ‍ർലമെന്ററി രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ പുറപ്പെട്ട പിണറായിക്ക് മുന്നിലുളള പ്രധാന തടസം പരുക്കൻ പ്രതിഛായയായിരുന്നു. 

വടുക്കളുളള മുഖത്ത് ചിരിവിരിയുന്നത് അപൂ‍ർവമാണെന്നായിരുന്നു അക്കാലത്തെ പ്രചരണം. ഈ പ്രതിഛായയുമായി തിരഞ്ഞെടുപ്പിനെ നേരിടാനിറങ്ങിയാൽ വിപരീതഫലം ചെയ്യുമോ എന്നായിരുന്നു പിണറായി ടീമിൻെറ ആശങ്ക.

ചിരിയോ.. ചിരി..


ഈ ഘട്ടത്തിലാണ് പി.ആ‍ർ ഏജൻസിയുടെ സഹായം തേടുന്നത്. ഏജൻസിയുടെ പൊടിക്കൈകൾ പ്രയോഗിക്കാൻ തുടങ്ങിയതോടെ പരുക്കൻ മുഖത്ത് പുഞ്ചിരി തത്തിക്കളിക്കാൻ തുടങ്ങി. പിണറായിയുടെ ചിരിക്കുന്ന ചിത്രങ്ങൾ മാത്രം നൽകാൻ ശ്രദ്ധിച്ചിരുന്ന പാ‍ർട്ടി മുഖപത്രം ദേശാഭിമാനിയുടെ പാത പിന്തുട‍ർന്ന് മറ്റ് മാധ്യമങ്ങളും ചിരിചിത്രങ്ങൾ അച്ചടിക്കാൻ തുടങ്ങി.


അതും പി.ആ‍ർ ഏജൻസിയുടെ തന്ത്രപരമായ ഇടപെടലായിരുന്നു. ഇക്കാലയളവില്‍ കാര്‍ക്കശ്യം വിട്ടു പൊട്ടി ചിരിക്കുകയും തമാശ പറയുകയും ചെയ്യുന്ന പിണറായി വിജയനെ മലയാളികള്‍ കണ്ടു. 

അന്നു ഏറെ പേരെ അമ്പരപ്പിച്ച ഒന്നായിരുന്നു പിണറായിയുടെ പൊട്ടിച്ചിരി. മുഖ്യമന്ത്രി പിണറായി വിജയനു 'മേക്ക് ഓവര്‍' നല്‍കിയത് മുംബൈയില്‍ നിന്നുള്ള പി.ആര്‍ ഏജന്‍സികളാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചിരുന്നു.

പിണറായിയുടെ ശരീര ഭാഷ പഠിച്ച് എങ്ങനെ സംസാരിക്കണമെന്നു പഠിപ്പിച്ചതു പിആര്‍ ഏജന്‍സികളാണെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. നിയമസഭാ തിരഞ്ഞെടുപ്പിൻെറ പ്രചാരണത്തിന് പിണറായിക്ക് വേണ്ടി തന്ത്രങ്ങൾ ആവിഷ്കരിച്ച അതേ പി.ആര്‍. ഏജന്‍സികള്‍ തന്നെ ഇപ്പോൾ പിണറായിക്കു കുരുക്കായി മാറുകയും ചെയ്തു കഴിഞ്ഞു.

vd satheesan

പിആര്‍ഡി അല്ല പിആര്‍ 

സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍ സംവിധാനമായ പി.ആര്‍.ഡിയെ തഴഞ്ഞു പല കരാറുകളും പി.ആര്‍. ഏജന്‍സികൾക്കാണു പിണറായി സര്‍ക്കാര്‍ നല്‍കിയിരുന്നത്. മുഖമന്ത്രിയുടെ ഫേസ്ബുക്ക് ഹാന്‍ഡില്‍ ചെയ്യാന്‍ ലക്ഷങ്ങള്‍ മുടക്കി സ്വകാര്യ പി.ആര്‍. ഏജന്‍സിയെ വരെ നിയമിച്ചിരുന്നു. 


ഒന്നാം സ‍ർക്കാരിൻെറ ഒന്നാം വാ‍ർഷിക ആഘോഷ കാലത്ത് സമൂഹ മാധ്യമങ്ങളിലൂടെയുളള പ്രചരണത്തിന് പാ‍ർട്ടിയുടെ മലബാറിലെ ഒരു ജില്ലാ സെക്രട്ടറിക്ക് 40 ലക്ഷത്തിൻെറ കരാറാണ് നൽകിയതത്രെ. സ‍ർക്കാർ പി.ആ‍ർ കരാറുകളിൽ വെട്ടുമേനി കണ്ട മലബാറിലെ ഒരു ജില്ലാ കമ്മിറ്റി അംഗം സ്വന്തം നിലയ്ക്ക് ഏജൻസി തന്നെ തുടങ്ങി.


ജില്ലാ സെക്രട്ടറിയുടെ മകനും ജില്ലാ കമ്മിറ്റി അംഗവും തമ്മിലുളള ഒളിയുദ്ധത്തിൻെറ ഫലമാണ് വാസ്കോഡ ഗാമ കാൽകുത്തിയ ജില്ലയിലെ പുതിയ ചില വിവാദങ്ങൾ എന്നതാണ് മറ്റൊരു കാര്യം. 

മുഖം മിനുക്കാന്‍ പിആര്‍ 

പി.ആ‍ർ. ഏജൻസികളുടെ ഇടപെടലിൻെറ രുചി പിടിച്ച മുഖ്യമന്ത്രിയുടെ താൽപര്യ പ്രകാരമാണ് സര്‍ക്കാര്‍ പദ്ധതികളുടെ സമൂഹ മാധ്യമ പ്രചാരണത്തിന് പി.ആര്‍. ഏജന്‍സിയെ ഏല്‍പിക്കാൻ തീരുമാനമെടുത്തത്. 

സര്‍ക്കാരിന്റെ പബ്ലിക് റിലേഷന്‍സ് വിഭാഗമാണ് അതുവരെ സമൂഹ മാധ്യമങ്ങളില്‍ പ്രചാരണം നടത്തിയിരുന്നത്. ഇതു വേണ്ടത്ര ഫലവത്താകുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു ഈ പി.ആ‍ർ. ഏജൻസികളെ കൊണ്ടുവന്നത്. 

കോവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാറിന്റെ പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലേക്കു ഫലവത്തായ രീതിയില്‍ എത്തുന്നില്ല എന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ഇങ്ങനെയൊരു തീരുമാനം എന്നാണു പിന്നീട് വന്ന ഔദ്യോഗിക വിശദീകരണം. സര്‍ക്കാരിന്റെ പല പ്രവര്‍ത്തനങ്ങളും ഏകോപിപ്പിച്ചു നടപ്പാക്കുന്നതു സ്വകാര്യ പി.ആര്‍ ഏജന്‍സികളാണ്. 

പിആര്‍  'ക്യാപ്റ്റന്‍'

ഇതിനു പിന്നാലെയാണു സാമൂഹ്യപ്രചരണത്തിനു സ്വകാര്യ ഏജന്‍സിയെ ഏല്‍പിക്കാന്‍ ഔദ്യോഗികമായി തീരുമാനമെടുത്തത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പി.ആര്‍. ഏജന്‍സികളെ ഉപയോഗിച്ചു പരമാവധി മേക്കോവര്‍ നടത്താന്‍ പിണറായി വിജയന്‍ ശ്രമിക്കുന്ന കാഴ്ചയാണു കണ്ടത്. 'ക്യാപ്റ്റന്‍' വിളി പോലും പി.ആര്‍. ബുദ്ധിയായിരുന്നു എന്നു സംശയിക്കുന്നവര്‍ ഏറെയാണ്.


ജനങ്ങളുടെ മനോഗതി അറിയാനും സമൂഹത്തില്‍ തങ്ങളുടെ പാര്‍ട്ടിയുടെയും സ്ഥാനാര്‍ഥികളുടെയും സ്വീകാര്യത എത്രയുണ്ട് എന്നു മനസിലാക്കാനുമാണ് എല്‍.ഡി.എഫ് പാര്‍ട്ടി സംവിധാനത്തിനു പുറമേ ഇത്തരം ഏജന്‍സികളെ ഉപയോഗിച്ചത്. സാമ്പിള്‍ സര്‍വേ നടത്തിയും അതിലൂടെ കിട്ടുന്ന വിവരങ്ങള്‍ ശാസ്ത്രീയമായി അപഗ്രഥിച്ചു നിര്‍മിതബുദ്ധിപോലെയുള്ള ആധുനിക സാങ്കേതിക വിജ്ഞാനം ഉപയോഗിച്ചുമാണു വിദഗ്ദ്ധര്‍ ജനങ്ങളുടെ മനസ് അളക്കുന്നത്. 


തികച്ചും ശാസ്ത്രീയമായി തന്നെയാണ് ഇതിന്റെ ഓരോ ഘട്ടവും പൂര്‍ത്തിയാക്കുന്നത് എന്നതിനാല്‍ തെരഞ്ഞെടുപ്പിലേയ്ക്കു നീങ്ങുന്ന ജനങ്ങളുടെ മനസ് ഏറെകുറെ കൃത്യമായിത്തന്നെ മനസിലാക്കാനും വിലയിരുത്താനും കഴിയും. ഈ സാധ്യത കൃത്യമായി പ്രയോഗിച്ചപ്പോള്‍ ഒന്നാം പിണറായി സര്‍ക്കാരിനെതിരെ വന്ന ആരോപണങ്ങള്‍ പലതും ജനങ്ങള്‍ മുഖവിലയ്‌ക്കെടുത്തില്ല.

ആ കരുതലും പിആര്‍ 

കോവിഡ് കാലത്ത് ദിവസവും മുഖ്യമന്ത്രിയുടെ ഒരു മണിക്കൂര്‍ വാര്‍ത്താ സമ്മേളനത്തിന്റെ ഉള്ളടക്കം എഴുതി നല്‍കിയതും കുരങ്ങിനും നായയ്കും ഭക്ഷണം കൊടുക്കണമെന്നു പറയാന്‍ പഠിപ്പിച്ചതും ഈ ഏജന്‍സികളാണെന്നും സതീശന്‍ ആരോപിച്ചിരുന്നു. പക്ഷേ, ആരോപണങ്ങള്‍ ഇടതുപക്ഷം തള്ളിക്കളയുകയാണു ചെയ്തത്.

pinarai vijayan covid reports


ഇപ്പോള്‍ ഹിന്ദുവില്‍ നല്‍കാന്‍ മുഖ്യമന്ത്രിയുടെ അഭിമുഖം തയാറാക്കിയതും അതേ അഭിമുഖത്തില്‍ മലപ്പുറം സംബന്ധിച്ച വിവാദ പരാമര്‍ശങ്ങള്‍ ചേര്‍ക്കാന്‍ ആവശ്യപ്പെട്ട പി.ആര്‍ ഏജന്‍സി കൈസനും വിവാദങ്ങളില്‍ നിറയുകയാണ്.


കേരള സര്‍ക്കാരിന്റെ പി.ആര്‍.ഡിയെ ഇരുട്ടില്‍ നിര്‍ത്തിയാണു ലക്ഷങ്ങള്‍ മുടക്കിയുള്ള പിണറായിയുടെ പി.ആര്‍ നാടകങ്ങള്‍ അരങ്ങേറുന്നത്. ഇതേ പി.ആര്‍ ഏജന്‍സിയെ വെച്ചു വയനാട് ഉരുള്‍പൊട്ടലുമായി ബന്ധപ്പെട്ടു കഴിഞ്ഞയാഴ്ച 'ഖലീജ് ടൈംസി'ന് പിണറായി വിജയന്‍ അഭിമുഖം നല്‍കിയിരുന്നത്രെ.

Advertisment