/sathyam/media/media_files/bucqzQQUpAK8UNLRhPDI.jpg)
വൈക്കം: പരിമിതികള്‍ക്കു നടുവില്‍ നിന്നു വീണ്ടും നേട്ടം സ്വന്തമാക്കി വൈക്കം കെ.എസ്.ആര്‍.ടി.സി ഡിപ്പോ. കേരളത്തിലെ എല്ലാ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളും ആവേശത്തോടെ പങ്കെടുത്ത 'പഞ്ചപാണ്ഡവ ക്ഷേത്ര ദര്‍ശന' ബജറ്റ് ടൂറിസം യാത്രയില്‍ എറ്റവും കൂടുതല്‍ ട്രിപ്പ് ആസൂത്രണം ചെയ്ത ഡിപ്പോയ്ക്കുള്ള പുരസ്‌കാരമാണ് വൈക്കം സ്വന്തമാക്കിയത്. തുടര്‍ച്ചയായി മൂന്നാം വര്‍ഷമാണ് വൈക്കം ഡിപ്പോ ഈ നേട്ടം സ്വന്തമാക്കുന്നത്.
മലക്കപ്പാറ, മൂന്നാര്‍, ഇലവീഴാപൂഞ്ചിറ, ഇല്ലിക്കല്‍കല്ല്, ഗവി തുടങ്ങിയ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കും നാലമ്പല ദര്‍ശനം ആറന്‍മുളവള്ളസദ്യ തുടങ്ങിയവയടക്കം ഇതിനോടകം വൈക്കം ഡിപ്പോയില്‍നിന്ന് വിജയകരമായി നൂറ്റിയിരുപതോളം ട്രിപ്പുകള്‍ നടത്തി.
125 -ാം ട്രിപ്പ് മാനസിക ശാരീരിക വെല്ലുവിളികള്‍ നേരിടുന്ന കുട്ടികള്‍ക്കായി സ്‌പോണ്‍സര്‍ഷിപ്പില്‍ നടത്താനാണ് ബജറ്റ് ടൂറിസം സെല്‍ അധികൃതരുടെ തീരുമാനം.
പരിമിതികളുടെ നടുവില്‍ നിന്നാണ് വൈക്കം ഡിപ്പോയുടെ നേട്ടം. ഇതിനടെ വൈക്കം ഡിപ്പോ സെപ്റ്റംബറില്‍ രണ്ടു ദിവസങ്ങളില്‍ ടാര്‍ഗറ്റ് മറികടക്കുകയും ചെയ്തിരുന്നു.
ആവശ്യത്തിന് ബസില്ല, ജീവനക്കാരുടെ എണ്ണത്തിലും കുറവ് പല ട്രിപ്പുകളും മുടങ്ങുന്നു, തുടങ്ങി നിവരധി പരാതികളാണ് വൈക്കം ഡിപ്പോയേക്കുറിച്ച് യാത്രക്കാര്‍ക്ക് ഉണ്ടായിരുന്നത്.
ആലപ്പുഴ ഭാഗത്തേക്കുള്ള സര്‍വീസുകളും തൊടുപുഴ ചെയിന്‍ സര്‍വീസും പുതിയതായി ആരംഭിച്ച ഗുരുവായൂര്‍ കോഴിക്കാട് ബസുമാണ് ഡിപ്പോയ്ക്ക് നേട്ടമായത്.
അതേ സമയം ബജറ്റ് ടൂറിസം ജനങ്ങള്‍ക്കിടയില്‍ മികച്ച അഭിപ്രായം നേടിവന്‍ വിജയംനേടുമ്പോഴും യാത്രയെ പ്രിയതരമാക്കുന്ന ജീവനക്കാര്‍ക്ക് ഉല്ലസിക്കാന്‍ വകയില്ല. ഡ്യൂട്ടി ആരംഭിച്ച് 500 - 600 ടിക്കറ്റ് നല്‍കി കഴിഞ്ഞാല്‍ ഒന്നര മണിക്കൂര്‍ വിശ്രമം ലഭിക്കും.
ടൂറിസം ബജറ്റ് സെല്ലിന്റെ ഭാഗമാകുന്ന കണ്ടക്ടര്‍ക്കും ഡ്രൈവര്‍ക്കും സാധാരണ ഡ്യൂട്ടിക്ക് പുറമെ ആറുമണിക്കൂര്‍ അധിക ഡ്യൂട്ടി ചെയ്യേണ്ടി വരുന്നു. ഒരു ട്രിപ്പ് നടത്താന്‍ ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ പാലിക്കാന്‍ കുറഞ്ഞത് അഞ്ചു ദിവസമെങ്കിലും ജീവനക്കാര്‍ പെടാപ്പാടുപെടുന്ന അവസ്ഥയാണ്.
ബജറ്റ് ടൂറിസവുമായി ബന്ധപ്പെട്ട് കണ്ടക്ടര്‍ക്കോ ഡൈവര്‍ക്കോ അധിക ഡ്യൂട്ടിയോ സാമ്പത്തിക ആനുകൂല്യങ്ങളോ ലഭിക്കുന്നില്ല. പുലര്‍ച്ചെ ആരംഭിക്കുന്ന വിനോദയാത്ര രാത്രി പന്ത്രണ്ടിനാണ് മിക്കപ്പോഴും ഡിപ്പോയില്‍ തിരിച്ചെത്തുന്നത്.