/sathyam/media/media_files/PQ744tdtzFKfx0x5Zjnw.jpg)
കോട്ടയം: വാർത്താ ചാനലുകളുടെ മത്സരയോട്ടത്തിൽ ഏഷ്യാനെറ്റിൻെറ ഒന്നാം സ്ഥാനം മറികടക്കാനാവാതെ റിപോർട്ടർ ടിവി. തുടർച്ചയായി രണ്ടാം സ്ഥാനത്തുളള റിപോർട്ടർ പോയ വാരം മൂന്ന് പോയിൻറിനാണ് രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടതെങ്കിൽ ഒടുവിൽ റേറ്റിങ്ങ് നടന്ന വാരത്തിൽ ഏഷ്യാനെറ്റുമായുളള പോയിൻെറ് വ്യത്യാസം 4 പോയിൻറിന് മുകളിലായി.
വാശിയോടെ ഏഷ്യാനെറ്റിനെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ മത്സരിക്കുമ്പോഴും അവരുമായുളള പോയിൻറ് വ്യത്യാസം കൂടുന്നത് റിപോർട്ടർ ടീമിന് നിരാശ പകരുന്നതാണ്.
39 -ാം ആഴ്ചയിലെ വാർത്താ ചാനൽ റേറ്റിങ്ങിൽ കേരളാ ടി.ജി യൂണിവേഴ്സ് വിഭാഗത്തിൽ 94.62 പോയിൻറുമായാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനത്ത് എത്തിയത്. രണ്ടാം സ്ഥാനത്തുളള റിപോർട്ടറിന് 90.18 പോയിൻറാണ് ഉളളത്.
എന്നാൽ നഗരമേഖലയിലെ റേറ്റിങ്ങിൽ റിപോർട്ടർ ഒന്നാം സ്ഥാനത്താണ്. ബാർക്ക് റേറ്റിങ്ങിലെ അർബൻ ടി.ജി യൂണിവേഴ്സ് വിഭാഗത്തിൽ 88.14 പോയിൻറാണ് റിപോർട്ടറിനുളളത്. ഏഷ്യാനെറ്റിന് 84.94 പോയിന്റുമായി രണ്ടാം സ്ഥാനത്തേയ്ക്ക് മാറേണ്ടിവന്നു.
പരസ്യവിഭാഗം ഏറ്റവും കൂടുതൽ ശ്രദ്ധയർപ്പിക്കുന്ന റേറ്റിങ്ങ് വിഭാഗമാണ് നഗരമേഖല. യൂണിവേഴ്സ് വിഭാഗത്തിൽ ഒന്നാം സ്ഥാനത്താണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ്, റിപോർട്ടറിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിടുന്നു എന്നാണ് നഗരമേഖലയിലെ അവരുടെ ഒന്നാം സ്ഥാനം നൽകുന്ന സൂചന.
വാർത്താവതരണത്തിൽ ചടുലത കൊണ്ടുവന്ന് ഏഷ്യാനെറ്റ് ശക്തമായി രംഗത്തുണ്ടെങ്കിലും നൂതന സാങ്കേതിക തികവോടെയുളള ഗ്രാഫിക്സ് സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ഏഷ്യാനെറ്റിൻെറ പോരായ്മ.
സ്ക്രീൻ ചടുലമായി നിലനിർത്താൻ ആധുനിക ഗ്രാഫിക്സ് സംവിധാനങ്ങൾ അനിവാര്യമാണ്. റിപോർട്ടറിൻെറ കുതിപ്പോടെ പിന്തളളപ്പെട്ട ആർ. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോറിന് ഈയാഴ്ചയും തിരിച്ചടിയാണ്.
മൂന്നാം സ്ഥാനത്തുളള ട്വൻറി ഫോറിന് 75.69 പോയിൻറാണുളളത്. റിപ്പോർട്ടറേക്കാൾ 14.5 പോയിന്റോളം കുറവാണിത്. തൊട്ടുമുൻപുളള ആഴ്ചയിലേതിൽ നിന്ന് 1 പോയിൻറിൻെറ കുറവാണ് ട്വൻറി ഫോറിനുളളത്.
അത്യാധുനിക എ.ആർ, വി.ആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ചടുലമായ വാർത്താവതരണം മലയാളത്തിന് സമ്മാനിച്ച ട്വൻറിഫോർ ഇടക്കാലത്ത് ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതാണ്. എന്നാൽ പിന്നീട് റിപോർട്ടർ കുതിച്ച് എത്തിയതോടെ ട്വൻറിഫോർ പിന്തളളപ്പെട്ടു.
ഫീൽഡിൽ നിന്ന് മികച്ച വാർത്തകൾ എത്തിക്കാൻ ആധികാരികതയുളള റിപോർട്ടർമാരില്ലാത്തതാണ് ട്വൻറി ഫോറിൻെറ പോരായ്മ. പ്രഭാത വാർത്താ ഷോയിൽ ശ്രീകണ്ഠൻ നായരുടെ മേധാവിത്വം തകർന്നതും ട്വൻറി ഫോറിൻെറ കീഴ്പോട്ടിറക്കത്തിന് കാരണമായി.
മോണിങ്ങ് ബാൻഡിൽ ട്വൻറി ഫോറിനെ പിന്തളളി റിപോർട്ടറിൻെറ അരുൺകുമാർ ഒന്നാം സ്ഥാനത്തെത്തി. അവതരണത്തിൽ ശ്രീകണ്ഠൻ നായരെ അനുകരിക്കുന്ന ശൈലിയാണ് അരുൺകുമാർ പ്രകടിപ്പിക്കുന്നത്.
റേറ്റിങ്ങിലെ മേധാവിത്വം നിലനിർത്താൻ ട്വൻറി ഫോറിന് നല്ല പ്രകടനം കാഴ്ചവെക്കേണ്ടിവരുമെന്നാണ് പുതിയ റേറ്റിങ്ങ് നൽകുന്ന പാഠം. റിപോർട്ടർ മുന്നിലേക്ക് കയറിയതോടെ തിരിച്ചടി നേരിട്ട പത്രമുത്തശികളുടെ വാർത്താ ചാനലുകളുടെ ശനിദശ തുടരുകയാണ്.
മലയാള മനോരമ കുടുംബത്തിൽ നിന്നുളള മനോരമ ന്യൂസ് പതിവ് പോലെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. പോയവാരത്തേക്കാൾ പോയിൻറ് നിലയിൽ നേരിയ വർദ്ധനവ് വരുത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് മുത്തശിമാരുടെ ചാനൽകുഞ്ഞുങ്ങൾക്ക് ആശ്വാസം പകരുന്ന കാര്യം.
തൊട്ടുമുൻപത്തെ ആഴ്ച 41.14 പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് ഒടുവിലത്തെ ആഴ്ചയിൽ 42.61 പോയിൻറുണ്ട്. 35.5 പോയിൻറ് ഉണ്ടായിരുന്ന മാത്യഭൂമി ന്യൂസിന് ഇപോൾ 37.23 പോയിൻറും ലഭിച്ചു.
പോയിൻറ് നിലയിൽ താഴേക്ക് പോയിക്കൊണ്ടിരുന്ന പ്രവണതക്ക് മാറ്റം വന്നുവെന്നത് ആശ്വാസകരം ആണെങ്കിലും മൊത്തം പോയിൻറ് 50ന് കീഴിലേക്ക് പതിച്ചത് മനോരമയ്ക്ക് ആശങ്കയാണ്.
ഇടക്കാലത്ത് മനോരമക്ക് വെല്ലുവിളി ഉയർത്തി കൊണ്ട് പോയിൻറ് നിലയിൽ മുന്നോട്ടുവന്ന മാതൃഭൂമി ന്യൂസ് ശക്തമായ തിരിച്ചുവരാനുളള ശ്രമത്തിലാണ്. നേരത്തെ ഫുഡ്, ട്രാവൽ വാർത്തകൾക്കും ഹ്യൂമൻ ഇൻററസ്റ്റ് പരമ്പരകൾക്കും മാത്രം പ്രാധാന്യം കൊടുത്തിരുന്ന മാതൃഭൂമി ന്യൂസ് ഇപ്പോൾ ഗൗരവമുളള വാർത്തകളും നൽകി തുടങ്ങിയിട്ടുണ്ട്.
38-ാം ആഴ്ചയിലെ റേറ്റിങ്ങിൽ ആറാം സ്ഥാനത്തായിരുന്ന കൈരളി ന്യൂസിന് ഈയാഴ്ച ആ മേധാവിത്വം നിലനിർത്താനായില്ല. കൈരളിയെ പിന്തളളി ജനം ടിവി ആറാം സ്ഥാനത്തെത്തി. ജനം ടിവിക്ക് 19.31 പോയിൻറ് ലഭിച്ചപ്പോൾ കൈരളിക്ക് 18.09 പോയിൻറാണുളളത്.
പോയ വാരത്തിൽ പോയിൻറ് കുറഞ്ഞതാണ് കൈരളി ന്യൂസിനെ ഏഴാം സ്ഥാനത്തെത്തിച്ചത്. ന്യൂസ് 18 കേരളയാണ് എട്ടാം സ്ഥാനത്ത്. 14.96 പോയിൻറാണ് ന്യൂസ് 18ൻെറ സമ്പാദ്യം.
പതിവ് പോലെ മീഡിയാ വൺ ചാനലാണ് റേറ്റിങ്ങിൽ ഏറ്റവും പിന്നിൽ. വാർത്താ ചാനൽ രംഗത്തെ പുതുമുഖങ്ങളായ മംഗളം ചാനൽ മേധാവി ആർ അജിത് കുമാർ നയിക്കുന്ന ന്യൂസ് മലയാളം 24x7 ഇതുവരെ റേറ്റിങ്ങ് ചാർട്ടിൽ ഇടം പിടിച്ചിട്ടില്ല.
കേരളത്തിലെ പ്രമുഖ കേബിൾ ടിവി ശ്യംഖലയായ കേരളാ വിഷന് പങ്കാളിത്തമുളള ന്യൂസ് മലയാളത്തിന് റേറ്റിങ്ങിൽ മുന്നോട്ട് വരാനുളള സാധ്യതകളുണ്ട്.