/sathyam/media/media_files/CqmF8LAuSONxBYBAZChj.jpg)
കോട്ടയം: സ്വര്‍ണക്കടത്ത്, മലപ്പുറം വിവാദം, എ.ഡി.ജി.പിയുടെ സ്ഥാനചലനം, നിയമസഭയില്‍ പ്രതിപക്ഷ ബഹളം.. കേരളാ രാഷ്ട്രീയത്തില്‍ വിവാദങ്ങള്‍ നിറയുമ്പോള്‍ ഇതില്‍ ഒന്നും പെടാതെ രക്ഷപെട്ട ഒരാള്‍ ഉണ്ട് 'മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി.ശശി'.
രണ്ടാം പിണറായി സര്‍ക്കാര്‍ നേരിട്ട ഏറ്റവും വലിയ ആരോപണങ്ങള്‍ ഉയര്‍ന്നതു സ്വന്തം കൂടാരത്തില്‍ നിന്നു പുറത്തു വന്ന പി.വി അന്‍വര്‍ എം.എല്‍.എ ഉയര്‍ത്തിയ ആരോപണങ്ങളായിരുന്നു.
തൃശ്ശൂര്‍ പൂരം കലക്കിയത് ബി.ജെ.പിക്കുവേണ്ടി എ.ഡി.ജി.പി. എം.ആര്‍ അജിത്കുമാറാണെന്ന ആരോപണം ഉന്നയിച്ചതിനൊപ്പം പി. ശശിക്കെതിരെ രൂക്ഷമായ ഭാഷയിലാണ് അന്‍വര്‍ വാര്‍ത്താ സമ്മേളനം വിളിച്ച് ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നത്.
പക്ഷേ, അന്‍വര്‍ ഉയര്‍ത്തിയ ആരോപണങ്ങളില്‍ നിന്നു പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശിക്ക് പാര്‍ട്ടി പിന്തുണയെന്ന കവചം ഒരുക്കി മുഖ്യമന്ത്രിയുടെ പൂര്‍ണ സംരക്ഷണമൊരുക്കുകയും ചെയ്തു.
പി.വി. അന്‍വറല്ല, പി. ശശിക്കെതിരെ ആര് പരാതി പറഞ്ഞാലും അവജ്ഞയോടെ തള്ളുമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ശശിയുടേതു മാതൃകാപരമായ പ്രവര്‍ത്തനമെന്നാണു മുഖ്യമന്ത്രി അന്ന് പറഞ്ഞത്. അന്‍വര്‍ ആവശ്യപ്പെടുന്നതു നിയമവരുദ്ധ കാര്യങ്ങളാണെന്നു വെളിപ്പെടുത്തി മുഖ്യമന്ത്രി വാദിയെ പ്രതിയാക്കുകയും ചെയ്തതോടെ എല്‍.ഡി.എഫ്. ക്യാമ്പ് വിട്ടു അന്‍വര്‍ പുറത്തു വന്നു.
കഴിഞ്ഞ ഒരു മാസം മുഖ്യമന്ത്രിയുടെ ആഭ്യന്തര വകുപ്പിനെ പ്രതിസ്ഥാനത്ത് നിര്‍ത്തിയാണു പി.വി. അന്‍വര്‍ യുദ്ധം തുടങ്ങിയത്. പി. ശശിയും, എ.ജി.ഡി.പിയുമാണ് ഉന്നമെങ്കിലും ലക്ഷ്യം താനാണെന്നു മുഖ്യമന്ത്രിയ്ക്കു മനസിലായി.
പാര്‍ട്ടിക്കുള്ളില്‍ മുഖ്യമന്ത്രിക്കെതിരെ പടപ്പുറപ്പാട് ഒരുങ്ങുന്നുവെന്ന ഊഹാപോഹങ്ങള്‍ നിലനില്‍ക്കുന്നതിനിടെയാണ് അന്‍വറിന്റെ ആരോപണങ്ങള്‍ സര്‍ക്കാരിനു നേരെ തിരിഞ്ഞത്.
പി. ശശി സര്‍ക്കാരിനെ ചീഞ്ഞ അവസ്ഥയിലെത്തിച്ചു. മുഖ്യമന്ത്രിയ്ക്കായി ശശി കിണര്‍ കുത്തിവച്ചിരിക്കുന്നു. ആഭ്യന്തര വകുപ്പ് പി. ശശി ഭരിക്കുന്നു ഇങ്ങനെയായിരുന്നു അന്‍വറിന്റെ ആരോപണങ്ങള്‍.
അതിലൂടെ തന്നെ പ്രതിക്കൂട്ടിലാക്കിയ അന്‍വറിന്റെ ആരോപണങ്ങളെല്ലാം നിഷ്‌കരുണം തള്ളിയാണു പി. ശശിക്കുള്ള കവചം മുഖ്യമന്ത്രിയൊരുക്കിയത്. ഇതോടെ വാദി പ്രതിയായി.
നിയമപരമായ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ശശിയെ ഇരുത്തിയിരിക്കുന്നത്. അങ്ങനെ ചെയ്യാത്തതിന്റെ പേരില്‍ എന്തെങ്കിലും പറഞ്ഞ് ആരോപണമുന്നയിച്ചാല്‍ വെറുതെ നടപടിയെടുക്കില്ല എന്നു കൃത്യമായി തന്നെ മുഖ്യമന്ത്രി പറഞ്ഞു.
ഇതോടെ അന്‍വര്‍ ആവശ്യപ്പെട്ട കാര്യം നടപ്പിലാക്കി കൊടുക്കാത്തതിന്റെ വൈരാഗ്യമാണ് ഉയര്‍ന്നു വന്ന വിവാദങ്ങള്‍ക്കു പിന്നിലെന്നു പറയാതെ പറഞ്ഞു വാദിയായി രംഗത്തിറങ്ങിയ അന്‍വറിനെ മുഖ്യമന്ത്രി പ്രതിയുമാക്കി.
സി.പി.എം. സമ്മേളനങ്ങള്‍ നടക്കുന്ന ഈ കാലത്തുണ്ടായ വിവാദങ്ങള്‍ പാര്‍ട്ടി അണികള്‍ ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയെങ്കിലും എ.ഡി.ജി.പി, ശശി എന്നിവരെ സംരക്ഷിക്കുന്ന നിലപാട് മുഖ്യമന്ത്രി സ്വീകരിച്ചു. ഒരു വിഭാഗം പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പി. ശശി അനഭിമതനാണ്.
പാര്‍ട്ടിക്കാരുടെ ആവശ്യം പറഞ്ഞു പോലും മുഖ്യമന്ത്രിയുടെ ഓഫീസിലേക്കു കയറിചെല്ലാനാവാത്ത അവസ്ഥയുണ്ടെന്നു സമ്മേളനങ്ങളില്‍ നേതക്കാള്‍ നിരന്തരം പറഞ്ഞു. എന്നാല്‍, പി.ശശിക്കും അദ്ദേഹത്തെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിക്കും കുലുക്കമൊന്നും ഉണ്ടായില്ലെന്നു മാത്രം.
ഇതിനിടൈ സി.പി.ഐയും. എ.ഡി.ജി.പിക്കെതിരെ നടപടി ആവശ്യപ്പെട്ടു രംഗത്തിറങ്ങിയതോടെയാണു മുഖ്യമന്ത്രിയുടെ കടുംപിടുത്തത്തില്‍ അയവുണ്ടായത്. അപ്പോഴും ഡി.ജി.പിയുടെ റിപ്പോര്‍ട്ടിന്മേല്‍ സ്ഥാന ചലനം മാത്രമാണ് എം.ആര്‍. അജിത്കുമാറിനുണ്ടായത്.
മുഖ്യമന്ത്രിയുടെ പി.ആര്‍. വിവാദങ്ങളും കേരള രാഷ്ട്രീയത്തില്‍ ചൂടേറിയ ചര്‍ച്ചയായി. മുഖ്യമന്ത്രിയുടെ അഭിമുഖത്തില്‍ പി.ആര്‍. ഏജന്‍സിക്കാര്‍ കടന്നു കൂടിയതുമെല്ലാം രാഷ്ട്രീയ കേരളം ചര്‍ച്ച ചെയ്തു. എന്നാല്‍, പി.ശശിയുടെ പേര് എവിടെയും ഉയര്‍ന്നു വന്നില്ല.
എ.ഡി.ജി.ജി.പി സ്ഥാനത്ത് നിന്ന് അജിത് കുമാറിനെ മാറ്റിയ സന്ദര്‍ഭത്തിലും ആഭ്യന്തരവകുപ്പ് 'കൈയാളുന്ന' പി. ശശിയെക്കുറിച്ചുള്ള ആരോപണങ്ങള്‍ വിസ്മൃതിലാണ്ടു.
ചുരക്കത്തില്‍ അന്‍വറും അജിത്ത്കുമാറും ഔട്ടായപ്പോള്‍ പി. ശശി വിവാദങ്ങളില്‍ നിന്നൊഴിഞ്ഞു സേഫായി. ശശിയെ സംരക്ഷിക്കുന്ന കാര്യത്തില്‍ പിണറായി കാട്ടുന്ന ജാഗ്രത സാധാരണ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കു പോലും ദഹിച്ചിട്ടില്ലെന്നാതു സത്യം.