/sathyam/media/media_files/yXoPEP9W8UW6UhzYMdO1.jpg)
കോട്ടയം: കേരളത്തില്‍ ഇപ്പോള്‍ പി.വി മാരുടെ കളിയാണെന്നു സോഷ്യല്‍മീഡിയ. സംസ്ഥാനത്തെ പുതിയ ഇന്റലിജന്‍സ് മേധാവിയായി പി. വിജയന്‍ എത്തിയതോടുകൂടിയാണു പുതിയൊരു പി.വിയെ കൂടി മലയാളികള്‍ക്കു കിട്ടിയത്. പി.വി. അന്‍വര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ എന്നിവരും 'പി.വി' എന്ന ചുരുക്ക പേരില്‍ അറിയപ്പെടുന്നവരാണ്.
മറ്റു രണ്ടു പി.വിമാരോടും എതിര്‍പ്പുള്ളവര്‍ ഏറെയുണ്ടെങ്കില്‍ ഇന്റലിജന്‍സ് മേധാവിയായി എത്തിയ പി. വിജയന്‍ പൊതുസ്വീകാര്യനാണ്. സംസ്ഥാനത്തെ ഇന്റലിജന്‍സ് മേധാവിയായിരുന്ന മനോജ് ഏബ്രഹാം ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പിയായി മാറിയ ഒഴിവിലേക്കാണു നിയമനം. എം.ആര്‍. അജിത്കുമാറിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മുന്‍പു സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥനാണ് പി. വിജയന്‍.
ഏലത്തൂര്‍ ട്രെയിന്‍ തീവയ്പ് കേസില്‍ പ്രതിയുമായുള്ള യാത്രാവിവരങ്ങള്‍ പുറത്തായതു വിജയന്‍ വഴിയാണെന്നായിരുന്നു അജിത്കുമാറിന്റെ റിപ്പോര്‍ട്ട്. നിലവില്‍ കേരള പോലീസ് അക്കാദമി ഡയറക്ടറാണ് പി.വിജയന്‍.
1999 ബാച്ച് ഐ.പി.എസ് ഉദ്യോഗസ്ഥനായ വിജയന്‍ തീവ്രവാദ വിരുദ്ധ സേനയുടെ തലവനായിരുന്നു. ബുക്ക് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിയുടെ ചുമതലയും സ്റ്റുഡന്‍ഡ് കേഡറ്റ് ചുമതലയും വഹിച്ചിട്ടുണ്ട്. ഏത് ചുമതലകളില്‍ ഇരുന്നാലും തിളക്കത്തോടെയാകും മടക്കം.
ശരിക്കും ആരാണു പി.വി ?
കേരളത്തില്‍ ഒട്ടു മിക്കവരും ചോദിക്കുന്ന ചോദ്യമാണ് ആരാണ് ശരിക്കുള്ള 'പിവി' എന്നത്. മുഖ്യമന്ത്രി പിണറായി വിജയനും മകള്‍ വീണാ വിജയനും അടക്കമുള്ളവരെ ആരോപണ വിധേയരാക്കിയ കരിമണല്‍ കോഴ (മാസപ്പടി) വിവാദത്തില്‍ നടത്തിയ അന്വേഷണത്തിനിടെയാണു പി.വി. എന്ന പ്രയോഗം ശ്രദ്ധേയമാകുന്നത്.
വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടി നിയമവിരുദ്ധവും പരിസ്ഥിതി വിരുദ്ധവുമായ എന്തെങ്കിലും പരിഗണന സിഎംആര്‍എല്‍ കമ്പനി പണം നല്‍കി നേടിയിട്ടുണ്ടോ ? എന്ന അന്വേഷണം പുരോഗമിക്കുന്നതിനിടെ ആദായനികുതി വകുപ്പ് പരിശോധനയില്‍ പിടിച്ചെടുത്ത കുറിപ്പുകളില്‍ ഉണ്ടായിരുന്ന രണ്ടക്ഷരമാണു പി.വി. പിന്നീട് 'പി.വി' ആര് എന്നു ചോദ്യത്തിനു മലയാളികള്‍ കണ്ടെത്തിയ ആദ്യ ഉത്തരം മുഖ്യമന്ത്രി പിണറായി വിജയനായിരുന്നു.
ഇതു കേരള രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിക്കാന്‍ പോന്നതായിരുന്നു. പ്രതിപക്ഷത്തു നിന്നു വി.ഡി. സതീശന്‍, രമേശ് ചെന്നിത്തല, മാത്യൂ കുഴല്‍നാടന്‍ തുടങ്ങിയ മുന്‍നിര നേതാക്കളെല്ലാം പണം കൈപ്പറ്റിയ പി.വി മുഖ്യമന്ത്രിയാണെന്ന ആരോപണം ഉയര്‍ത്തി. ഇതോടെ സര്‍ക്കാരും സി.പി.എമ്മും പ്രതിരോധത്തിലാകുന്ന അവസ്ഥയുണ്ടായി.
പിന്നാലെ ആ 'പി.വി' താനല്ലെന്നു പിണറായി വിജയന്‍ തന്നെ വ്യക്തമാക്കി രംത്തു വന്നു. ഇതേ വാദം സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും ആവര്‍ത്തിച്ചു. പി.വി. എന്നയാള്‍ പിണറായി വിജയനല്ലെന്നും പാര്‍ട്ടി ഇക്കാര്യം പരിശോധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരെ ഉയര്‍ന്നതു വ്യാജ ആരോപണങ്ങളാണ്. പരിശോധന നടത്തിയശേഷമാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി നിഗമനത്തിലെത്തിയതെന്നുമാണ് എം.വി.ഗോവിന്ദന്‍ വിശദീകരിച്ചത്.
പി.വി എന്ന പി.വി അന്‍വര്‍
എട്ടു വര്‍ഷം മുന്‍പു സി.പി.എം സഹയാത്രികനായി കൂടെ കൂടിയ പി.വി അന്‍വറും പി.വി. എന്ന ചുരുക്കപേരില്‍ അറിയപ്പെടുന്നയാളാണ്. കോണ്‍ഗ്രസില്‍ നിന്നെത്തി കോണ്‍ഗ്രസിസു നേര്‍ക്കു കടുത്ത പോരാട്ടം നയിച്ചയാളാണു പി.വി അന്‍വര്‍.
അന്‍വറിന്റെ വാക്പ്രയോഗങ്ങളുടെ ചൂടറിഞ്ഞവരില്‍ വി.ഡി സതീശനും ഇപ്പോള്‍ എം.ആര്‍. അജിത്കുമാറും പിണറായി വിജയനും പി. ശശിയുമൊക്കെയുണ്ട്. തുടക്കത്തില്‍ സി.പി.എം സൈബര്‍ ഗ്രൂപ്പുകളുടെ മുഖചിത്രമായി മാറാനും അന്‍വറിനു സാധിച്ചിരുന്നു.
ഒരു മാസം മുൻപ് സ്വര്‍ണക്കടത്ത്, എം.ആര്‍. അജിത്കുമാര്‍ വിഷയങ്ങള്‍ ഉന്നയിച്ചുകൊണ്ട് മുഖ്യമന്ത്രിയുമായി ഇടഞ്ഞ അന്‍വര്‍ പിന്നീട് ഇടതു ബന്ധം ഉപേക്ഷിച്ചു പുറത്തു വരുകയും പുതിയ പാര്‍ട്ടി 'ഡി.എം.കെ' പ്രഖ്യാപിക്കുകയും ചെയ്തു.