/sathyam/media/media_files/NFQeNnUAJqQxqEIX05af.jpg)
കോട്ടയം: കെ.എസ്.ആര്‍.ടി.സിയുടെ പ്രീമിയം എ.സി. സൂപ്പര്‍ഫാസ്റ്റ് സര്‍വീസ് ഉടന്‍ ആരംഭിക്കും. ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് പുറത്തിറക്കിയിട്ടുള്ള മാര്‍ക്കോപോളോ ബസുകളാണു സൂപ്പര്‍ഫാസ്റ്റ് സര്‍വീസിന് ഉപയോഗിക്കുന്നത്.
പ്രീമിയം സര്‍വീസ് ആയതിനാല്‍ തന്നെ മികച്ച സൗകര്യവും കെ.എസ്.ആര്‍.ടി.സി. ഉറപ്പുനല്‍കുന്നു. പുഷ്ബാക്ക് സീറ്റുകള്‍, വൈഫൈ, ഉയര്‍ന്ന ലെഗ് സ്‌പേസ്, ഒരു നിരയില്‍ നാലു സീറ്റുകള്‍ വീതം മൊത്തം 40 സീറ്റുകളായിരിക്കും ഈ ബസില്‍ ഉണ്ടാകുക.
ഇതിനല്‍ തന്നെ 35 പുഷ്ബാക്ക് സീറ്റുകളും 5 ഹൈബാക്ക് സീറ്റുകളുമാണ് ഒരുക്കിയിരിക്കുന്നത്. ലെഗേജ് ബൂത്ത് ഉള്‍പ്പടെ ബസില്‍ സജ്ജമാണ്. കെ.എസ്.ആര്‍.ടി.സിയുടെ പതിവു നിറമായ ചുവപ്പും മഞ്ഞയില്‍ നിന്നും മാറി വെള്ളയും നീലയും നിറമാണു ബസുകള്‍ക്കു നല്‍കിയിരിക്കുന്നത്.
കെ.എസ്.ആര്‍.ടി.സി. ആരംഭിക്കാനൊരുങ്ങുന്ന പ്രീമിയം സൂപ്പര്‍ ഫാസ്റ്റ് സര്‍വീസിനു മുന്നോടിയായുള്ള പരീക്ഷണയോട്ടത്തിനായി ബസുകള്‍ എത്തിച്ചിരുന്നു. വാഹനങ്ങളുടെ പെര്‍ഫോമെന്‍സ് വിലയിരുത്തുന്നതിനും ഇന്ധനക്ഷമത യാത്ര സൗകര്യം എന്നിവ മനസിലാക്കുന്നതിനുമായാണു പരീക്ഷണയോട്ടം നടത്തിയത്.
48 ബസുകള്‍ വാങ്ങുന്നതിനാണു കരാര്‍ വിളിച്ചിരുന്നത്. പത്തു ബസുകള്‍ വാങ്ങാന്‍ സ്വിഫ്റ്റും ടെന്‍ഡര്‍ ക്ഷണിച്ചിരുന്നു.
പ്രീമിയം സൂപ്പര്‍ഫാസ്റ്റ് ബസുകള്‍ക്കു സ്‌റ്റോപ്പുകള്‍ പരിമിതമായിരിക്കും. എല്ലാ ഡിപ്പോകളിലും പ്രവേശിക്കില്ല. നിരക്ക് സൂപ്പര്‍ ഫാസ്റ്റിനേക്കാളും ഉയര്‍ന്നതായിരിക്കും. ഉടന്‍ തന്നെ ബസുകളുടെ സര്‍വീസ് പ്രഖ്യാപിക്കുമെന്നാണു കെ.എസ്.ആര്‍.ടി.സി അറിയിച്ചിരിക്കുന്നത്.