/sathyam/media/media_files/IaksxvFc0Ntl17SdmaVh.jpg)
കടുത്തുരുത്തി: കൊട്ടാരക്കര താലൂക്കാശുപ്രതിയില്‍ വെച്ചു അക്രമിയുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ സ്മരണയ്ക്കായി മാതാപിതാക്കള്‍ നിര്‍മിച്ച ക്ലിനിക്കിന്റെ ഉദ്ഘാടനം നാളെ നടക്കും. മുട്ടുചിറ നമ്പിച്ചറക്കാലായില്‍ മോഹന്‍ദാസും വസന്തകുമാരിയും ആലപ്പുഴ തൃക്കുന്നപ്പുഴ വലിയപറമ്പിലാണു ക്ലിനിക്ക് നിര്‍മിച്ചിരിക്കുന്നത്.
നാളെ രാവിലെ 9 നു നടക്കുന്നു സൗജന്യ മെഡിക്കല്‍ ക്യാമ്പ് കേന്ദ്രമന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്യും. ക്ലിനിക്കിന്റെ ഉദ്ഘാടനം വൈകിട്ട് 4 നു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിര്‍വഹിക്കും. രമേശ് ചെന്നിത്തല എം.എല്‍.എ. അധ്യക്ഷത വഹിക്കും.
മന്ത്രി വി.എന്‍. വാസവന്‍, കാന്‍സര്‍ ചികിത്സാവിദഗ്ദ്ധന്‍ ഡോ.വി.പി. ഗംഗാധരന്‍, മോന്‍സ് ജോസഫ് എം.എല്‍.എ, ഡോ.മോഹനന്‍ കുന്നുമ്മല്‍, അജയ് തറയില്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.
മകളുടെ സ്മരണയ്ക്കായി നിര്‍മിച്ച ക്ലിനിക്കില്‍ പാവപ്പെട്ട രോഗികള്‍ക്കു സൗജന്യ ചികിത്സ നല്‍കാനാണു മാതാപിതാക്കളുടെ തീരുമാനം. വന്ദനയുടെ മാതാവ് വസന്തകുമാരിക്കു കുടുംബ സ്വത്തായി ലഭിച്ച സ്ഥലത്താണു ക്ലിനിക് നിര്‍മിച്ചത്.
കൊട്ടാരക്കര താലൂക്കാശുപ്രതിയില്‍ ഹൗസ് സര്‍ജനായി ജോലി നോക്കുന്നതിനിടെയാണു ഡോ. വന്ദന അക്രമിയുടെ കുത്തേറ്റു മരിച്ചത്.