/sathyam/media/media_files/1iSfki5FwDz2qKtfTiqf.jpg)
കോട്ടയം: ലഹരി ഉപയോഗം യുവാക്കളുടെ ജീവിതം തകര്‍ക്കുന്നു, തടയാന്‍ പോലീസിനുമാകുന്നില്ല. സ്‌കൂള്‍ കോളജ് വിദ്യാര്‍ഥികളില്‍ യഥേഷ്ടം ലഹരി എത്തിച്ചു വില്‍പ്പന നടത്തുന്ന ഗുണ്ടാ സംഘങ്ങള്‍ സജീവമായി മാറിയിട്ടുണ്ട്. മുന്‍പു കഞ്ചാവാണ് വിദ്യാര്‍ഥികള്‍ക്കു ലഭിച്ചിരുന്നതെങ്കില്‍ ഇന്നത് എം.ഡി.എം.എ ഉള്‍പ്പടെയുള്ള സിന്തറ്റിക്ക് ഡ്രഗുകളാണ്.
സ്‌കൂള്‍ കുട്ടികള്‍, കോളജ് വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ ലഹരി സംഘത്തിന്റെ കെണിയില്‍പ്പെടുന്നത് രക്ഷിതാക്കള്‍ക്കും പേടി സ്വപ്നമാണ്. ലഹരി സംഘങ്ങളില്‍ പലര്‍ക്കും ഗുണ്ടാസംഘങ്ങളുമായും ബന്ധമുണ്ട്. സംശയാസ്പദമായ സാഹചര്യത്തില്‍ കാണുന്ന ഇത്തരം സംഘങ്ങളോട് കാര്യം തിരക്കിയാല്‍ അസഭ്യവര്‍ഷവും ഉണ്ടാകുന്നതായി നാട്ടുകാര്‍ പറയുന്നു.
ഗുണ്ടാ സംഘങ്ങളോടുള്ള ആരാധന
സിനിമകളില്‍ കാണുന്നതുപോലെ മദ്യവും മയക്കുമരുന്നും മുതല്‍ ചോദിക്കുന്നത് എന്തും നല്‍കുന്ന ഗുണ്ടാ സംഘങ്ങളാണ് വിദ്യാര്‍ഥികളുടെ ഹീറോകള്‍. വീട്ടില്‍ നിന്നു ആവശ്യത്തിന് പണം കിട്ടയില്ലെങ്കിലും ഗുണ്ടാ ചേട്ടന്‍മാര്‍ വിദ്യാര്‍ഥികള്‍ക്കു ആവശ്യത്തിന് സാധനം നല്‍കും.
ഇനി കുട്ടികള്‍ക്കു ആരോടെങ്കിലും വിരോധമുണ്ടെങ്കില്‍ അവരെ തല്ലാനും ആവേശം മോഡൽ ചേട്ടന്‍മാരും റെഡി. പക്ഷേ, കൂട്ടുകാരെ സംഘത്തില്‍ ചേര്‍ക്കുകയും ലഹരി പറയുന്ന ആളുകള്‍ക്ക് എത്തിച്ചു നല്‍കുകയും വേണം. ഇത്തരത്തില്‍ കെണിയില്‍പ്പെടുന്ന കുട്ടികളെ ഉപയോഗിച്ചുള്ള ലഹരി കച്ചവടം നിത്യസംഭവമായി മാറിക്കഴിഞ്ഞു.
ഗുണ്ടകളുടെ സ്വന്തം ചങ്ങനാശേരി
നടുറോഡില്‍ ഒരാളെ ഓടിച്ചിട്ടു വെട്ടികൊല്ലാന്‍ ശ്രമിക്കാം... വേണമെങ്കില്‍ പെണ്‍കുട്ടികയെും അവരുടെ മതാപിതാക്കളെയും തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്താം. കടയില്‍ സാധനം വാങ്ങി നില്‍ക്കുന്നവരെ തലക്കടിച്ചു വീഴ്ത്താം..
സിനിമയില്‍ നടക്കുന്ന എന്തും ചങ്ങനാശേരിയില്‍ നടക്കും. പോലീസ് ചെറു വിരല്‍ അനക്കില്ലെന്നു മത്രം.. പറ്റിയാല്‍ അര മണിക്കൂര്‍ വൈകി എത്തുകയും ചെയ്യും. കഴിഞ്ഞ കുറച്ചു നാളുകളയായി ചങ്ങനാശേരിയില്‍ നടക്കുന്ന സംഭവങ്ങളാണിത്.
ആയിരക്കണക്കിന് ആളുകള്‍ എത്തുന്ന ചങ്ങനാശേരി നഗരത്തില്‍ ജനങ്ങള്‍ക്കു സുരക്ഷ ലഭിക്കില്ല. നഗരം ഗുണ്ടാ ചേട്ടന്‍മാരുടെ കൈയിലാണ്. വിദ്യാര്‍ഥകള്‍ മുതല്‍ കൊല്ലും കൊലയുമായി നടക്കുന്നവർ വരെ ഇത്തരം സംഘങ്ങളില്‍ ഉണ്ട്.
ലഹരിക്കച്ചവടമാണ് ഇക്കൂട്ടരുടെയും പ്രധാന വരുമാനം.. പണത്തിന് അത്യാവശ്യമുണ്ടായാല്‍ പട്ടാപ്പകല്‍ പോലും മോഷണം നടത്താനും ഇവര്‍ക്കു മടിയില്ല.
കുമാരനല്ലൂരും ചുറ്റുവട്ടവും
ജനസാന്ദ്രതയേറിയ മേഖലയാണെങ്കിലും ഇടവഴികളും ആളൊഴിഞ്ഞ വീടുകളും കേന്ദ്രമാക്കിയാണു കുമാരനല്ലൂരില്‍ സംഘങ്ങളുടെ പ്രവര്‍ത്തനം. കഞ്ചാവു മുതല്‍ രാസലഹരി വരെ യഥേഷ്ടം വില്‍ക്കുന്നതായാണു പരാതി. പുറത്തു നിന്നുമെത്തുന്ന സംഘങ്ങളാണു ലഹരി ഇടപാടുകള്‍ക്കു നേതൃത്വം നല്‍കുന്നതെന്നു നാട്ടുകാര്‍ പറയുന്നു.
നേരത്തെ ലഹരിസംഘങ്ങള്‍ മേഖലയില്‍ സജീവമായിരുന്നുവെങ്കിലും പോലീസിന്റെയും എക്സൈസിന്റെയും ഇടപെടലിനെത്തുടര്‍ന്നു നിര്‍ജീവമായിരുന്നു. ലഹരി ഇടപാടുകള്‍ക്കു നേതൃത്വം നല്‍കിയവരെല്ലാം പോലീസിന്റെ വലയിലാകുകയും ചെയ്തിരുന്നു. എന്നാല്‍, പോലീസിന്റെയും എക്സൈസിന്റെ പരിശോധനകളും പട്രോളിങ്ങും നിലച്ചതോടെ സംഘങ്ങള്‍ വീണ്ടും തലപൊക്കുകയായിരുന്നു.
പ്രദേശത്തെ പല ചെറുവഴികളും തിരക്കൊഴിഞ്ഞ നേരങ്ങളില്‍ ലഹരി ഇടപാടുകാരുടെ സജീവ കേന്ദ്രങ്ങളാണ്. വാങ്ങാനും വില്‍ക്കാനുമൊക്കെയെത്തുന്ന സംഘങ്ങള്‍ നാട്ടുകാര്‍ക്കും ഭീഷണിയായി മാറുകയാണ്. ലഹരിയ്ക്കടിമകളായ ഇവരില്‍ പലരും അക്രമാസക്തരാകുന്നതു നാട്ടുകാരുടെ ഭയം വര്‍ധിപ്പിക്കുന്നു.