/sathyam/media/media_files/dEqr36Dxtu2BMLwz9Hxp.jpg)
കോട്ടയം: അനുദിനം മുറുകുന്ന വാർത്താചാനലുകളുടെ മത്സരത്തിൽ ഇഞ്ചോടിഞ്ച് പോരാട്ടം. ഒന്നാം സ്ഥാനം നിലനിർത്തുന്നുണ്ടെങ്കിലും ഏഷ്യാനെറ്റ് ന്യൂസിന് കാര്യങ്ങൾ അത്ര ഭദ്രം അല്ലെന്ന സൂചന നൽകി കൊണ്ടാണ് പോയ വാരത്തിലെ റേറ്റിംഗ് കണക്കുകൾ പുറത്ത് വന്നിരിക്കുന്നത്. ഏഷ്യാനെറ്റ് ന്യൂസിന് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള റിപ്പോർട്ടർ ടിവി, അവർക്ക് വൻ വെല്ലുവിളിയാണ് ഉയർത്തുന്നത്.
ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 97.47 പോയിൻറ് ലഭിച്ചപ്പോൾ രണ്ടാം സ്ഥാനക്കാരായ റിപ്പോർട്ടറിന് 94.93 പോയിൻറ് ആണ് ലഭിച്ചത്. ഒന്നും രണ്ടും സ്ഥാനക്കാർ തമ്മിലുള്ള പോയിൻറ് വ്യത്യാസം മൂന്നു പോയിന്റിൽ താഴെ മാത്രമാണ്. വാർത്താചാനലുകൾ തമ്മിലുള്ള റേറ്റിംഗ് മത്സരം അതിൻറെ പാരമ്യത്തിലെത്തിയിരിക്കുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ കണക്കുകൾ.
നഗരമേഖലയില്‍ റിപ്പോര്‍ട്ടര്‍ തേരോട്ടം
എന്നാൽ നഗരമേഖലയിലെ റേറ്റിങ്ങിൽ റിപോർട്ടർ ഒന്നാം സ്ഥാനത്താണ്. ബാർക്ക് റേറ്റിങ്ങിലെ അർബൻ ടി.ജി യൂണിവേഴ്സ് വിഭാഗത്തിൽ റിപോർട്ടറാണ് മുന്നിൽ. ഏഷ്യാനെറ്റിനെ ഒന്നാം സ്ഥാനത്ത് നിന്ന് താഴെയിറക്കാൻ വാശിയോടെ മത്സരിക്കുന്ന റിപ്പോർട്ടർ ടിവിക്ക് ആവേശം പകരുന്നതാണ് പുതിയ പോയിൻ്റ് നില. കഴിഞ്ഞയാഴ്ച പോയിൻറ് നിലയിൽ ഒന്നാമതെത്തും എന്ന് കരുതിയ റിപ്പോർട്ടറിന് ആ നേട്ടത്തിലേക്ക് എത്താനായിരുന്നില്ല.
ഇതിൽ റിപ്പോർട്ടർ ടീം കടുത്ത നിരാശയിൽ ആയിരുന്നു. റേറ്റിംഗ് വന്ന ദിവസം എഡിറ്റോറിയൽ യോഗം വിളിച്ച റിപ്പോർട്ടർ മാനേജിങ് എഡിറ്റർ ആന്റോ അഗസ്റ്റിനും കൺസൾട്ടിംഗ് എഡിറ്റർ അരുൺ കുമാറും ഈ നിരാശ പ്രകടിപ്പിക്കുകയും ചെയ്തു.
രാവിലെ 6 30ന് തന്നെ മോണിംഗ് ഷോ ആരംഭിച്ചും പത്ര വിശകലനം ഷോയിൽ ഉൾപ്പെടുത്തിയും റേറ്റിംഗ് പോയിൻറ് ഉയർത്താനാണ് റിപ്പോർട്ടർ തീരുമാനിച്ചിരിക്കുന്നത്. റേറ്റിംഗ് താഴെപ്പോകുന്ന രാത്രി ബാൻഡിൽ കാതലായ മാറ്റങ്ങൾക്കും റിപ്പോർട്ടർ ഒരുങ്ങുന്നുണ്ട്.
പൊന്നാനി വിവാദം റിപ്പോര്‍ട്ടറെ അടപടലം വീഴ്ത്തുമോ ?
എന്നാൽ പൊന്നാനിയിലെ സ്ത്രീയെ പോലീസ് പീഡിപ്പിച്ചെന്ന വാർത്ത നൽകിയത് വരുംദിവസങ്ങളിൽ തിരിച്ചടിയായി മാറുമോ എന്ന ആശങ്ക റിപ്പോർട്ടറിന്റെ എഡിറ്റോറിയൽ തലപ്പത്തുണ്ട്. റിപ്പോർട്ടർ വാർത്തയ്ക്ക് പിന്നിൽ മരം മുറി വിവാദം അന്വേഷിച്ച ഡിവൈഎസ്‌പി വി. ബെന്നിയോടുള്ള വിരോധമാണെന്ന റിപ്പോർട്ട് പോലീസ് ഹൈക്കോടതിയിൽ നൽകിയിട്ടുണ്ട്.
ഇതിൽ സർക്കാരും കടുത്ത നിലപാടെടുക്കാൻ സാധ്യതയുണ്ട്. പി.വി അൻവറിന്റെ പിന്തുണയോടെയാണ് പോലീസിനെതിരായ അഭിമുഖം ചമച്ചതെന്നും ആക്ഷേപമുണ്ട്. പി.വി അൻവറിന് റിപ്പോർട്ടർ നൽകുന്ന വലിയ പിന്തുണയിൽ അമർഷമുള്ള സർക്കാർ ഈ അവസരം ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇതെല്ലാമാണ് റിപ്പോർട്ടർ ക്യാമ്പിൽ ആശങ്ക പരത്തുന്നത്.
പൊന്നാനി വാർത്തയ്ക്കെതിരെ മറ്റു ചാനലുകളും അന്വേഷണാത്മക വാർത്തകൾ തയ്യാറാക്കി വെച്ചിട്ടുണ്ടെന്നും സൂചനയുണ്ട്. ഇത് പുറത്തു വന്നാൽ റിപ്പോർട്ടറിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കും എന്നാണ് ആശങ്ക. പുതിയതായി തുടങ്ങിയ ആര്‍ അജിത്കുമാര്‍ നയിക്കുന്ന 'ന്യൂസ് മലയാളം' ചാനല്‍ ഇക്കാര്യത്തില്‍ നിര്‍ണായകമായ ചില വിവരങള്‍ പുറത്തുവിടുമെന്ന അഭ്യൂഹവും ശക്തമാണ്.
പരസ്യത്തിലും പോരാട്ടം
പരസ്യവിഭാഗം ഏറ്റവും കൂടുതൽ ശ്രദ്ധയർപ്പിക്കുന്ന റേറ്റിങ്ങ് വിഭാഗമായ നഗരമേഖലയിൽ ഒന്നാം സ്ഥാനത്തായത് റിപ്പോർട്ടറിന് നേട്ടമാണ്. പരസ്യ വിഭാഗത്തിൽ കൂടുതൽ നിയമനങ്ങൾ നടത്തിയ റിപ്പോർട്ടർ വരുമാനം വർദ്ധിപ്പിക്കാനുള്ള നീക്കത്തിലാണ്.
റിപോർട്ടറിൽ നിന്ന് ശക്തമായ വെല്ലുവിളി നേരിടുന്നത് കൊണ്ട് ശ്രദ്ധേയമായ വാർത്തകൾ പുറത്തുകൊണ്ടുവന്ന് മത്സരത്തെ അതിജീവിക്കാനാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ശ്രമം.
പ്രധാന വിഷയങ്ങളിൽ ബ്രേക്കിംഗ് വാർത്തകളുമായി പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റാൻ കഴിയുമെന്നാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ വിലയിരുത്തൽ. നൂതന സാങ്കേതിക തികവോടെയുളള ഗ്രാഫിക്സ് സംവിധാനങ്ങളൊന്നും ഇല്ലാത്തതാണ് ഏഷ്യാനെറ്റിൻെറ പോരായ്മ.
ഒന്നില്‍ നിന്നും മൂന്നിലെത്തി ട്വൻറി ഫോര്‍
റിപോർട്ടറിൻെറ കുതിപ്പോടെ പിന്തളളപ്പെട്ട ആർ. ശ്രീകണ്ഠൻ നായരുടെ ട്വൻറി ഫോർ ഈയാഴ്ചയും മൂന്നാം സ്ഥാനത്താണ്. പോയവാരം ട്വൻറി ഫോറിന് 77.74 പോയിൻറാണുളളത്. തൊട്ടുമുൻപുളള ആഴ്ചയിലേ പോയിൻറിൻറിനേക്കാൾ 2 പോയിൻ്റ് ട്വൻറി ഫോറിന് കൂടിയിട്ടുണ്ട്.
അത്യാധുനിക എ.ആർ, വി.ആർ സാങ്കേതിക വിദ്യയുടെ സഹായത്തോടെയുളള ചടുലമായ വാർത്താവതരണം മലയാളത്തിന് സമ്മാനിച്ച ട്വൻറിഫോർ ഇടക്കാലത്ത് ഏഷ്യാനെറ്റിനെ മറികടന്ന് ഒന്നാം സ്ഥാനത്ത് എത്തിയതാണ്.
പ്രഭാത വാർത്താ ഷോയിൽ ശ്രീകണ്ഠൻ നായരുടെ മേധാവിത്വം തകർന്നതാണ് ട്വൻറി ഫോറിൻെറ വീഴ്ചക്ക് കാരണം. മോണിങ്ങ് ബാൻഡിൽ ട്വൻറി ഫോറിനെ പിന്തളളി റിപോർട്ടറിൻെറ അരുൺകുമാർ ഒന്നാം സ്ഥാനത്തെത്തി.
അവതരണത്തിൽ ശ്രീകണ്ഠൻ നായരെ അനുകരിക്കുന്ന ശൈലിയും ട്വൻ്റി ഫോറിൻ്റെ സ്ക്രീൻ അതേപടി പകർത്തിയുമാണ് അരുൺകുമാർ കളം പിടിച്ചത്. ചാനൽ രംഗത്തെ മേധാവിത്വം നിലനിർത്താൻ ട്വൻറി ഫോറിന് നല്ല പ്രകടനം കാഴ്ചവെക്കേണ്ടിവരുമെന്നാണ് പുതിയ റേറ്റിങ്ങ് നൽകുന്ന സൂചന.
മനോരമ അവിടെതന്നെ
മലയാള മനോരമ കുടുംബത്തിൽ നിന്നുളള മനോരമാ ന്യൂസ് പതിവ് പോലെ നാലാം സ്ഥാനത്തും മാതൃഭൂമി ന്യൂസ് അഞ്ചാം സ്ഥാനത്തുമാണ്. പോയ വാരത്തേക്കാൾ പോയിൻറ് നിലയിൽ വർദ്ധനവ് വരുത്താൻ കഴിഞ്ഞു എന്നത് മാത്രമാണ് മനോരമ ന്യൂസിന് ആശ്വാസം പകരുന്ന കാര്യം. തൊട്ടുമുൻപത്തെ ആഴ്ച 42.61പോയിൻറ് ഉണ്ടായിരുന്ന മനോരമ ന്യൂസിന് പോയ ആഴ്ചയിൽ 44.06 പോയിൻറുണ്ട്.
കഴിഞ്ഞയാഴ്ച 37.23 പോയിൻറ് ഉണ്ടായിരുന്ന മാത്യഭൂമി ന്യൂസിന് ഇപോൾ 37.16 പോയിൻ്റ് മാത്രമേയുള്ളു. 40-ാം ആഴ്ചയിലെ റേറ്റിങ്ങിൽ ജനം ടിവി തന്നെയാണ് ആറാം സ്ഥാനത്ത്. കഴിഞ്ഞ ആഴ്ച കൈരളി ന്യൂസിനെ പിന്തള്ളി ആറാം സ്ഥാനത്തെത്തിയ ജനം ടിവി ഈ ആഴ്ചയും അത് നിലനിർത്തി.
ജനം ടിവിക്ക് 20.61 പോയിൻറ് ലഭിച്ചപ്പോൾ കൈരളിക്ക് 19. 77 പോയിൻറാണുളളത്. ന്യൂസ് 18 കേരളയാണ് എട്ടാം സ്ഥാനത്ത്. 17.14 പോയിൻറ് ലഭിച്ച ന്യൂസ് 18 മുൻ ആഴ്ചയിലേക്കാൾ 3 പോയിൻ്റ് അധികമായി നേടി. മീഡിയാ വണിന് 9. 73 പോയിൻ്റ് ആണുളളത്.
സാന്നിധ്യം അറിയിച്ച് 'ന്യൂസ് മലയാളം'
ബാര്‍ക് റേറ്റിങ്ങില്‍ കയറിക്കൂടിയ ഏറ്റവും പുതിയ ചാനലാണ് മംഗളം മുന്‍ സിഇഓ ആര്‍ അജിത്കുമാര്‍ നയിക്കുന്ന 'ന്യൂസ് മലയാളം'. യാതൊരു ബഹളങ്ങളും ഇല്ലാതെ സംഭവിക്കുന്ന കാര്യങ്ങള്‍ മാന്യമായി അവതരിപ്പിക്കുന്ന അന്തസായ അവതരണ ശൈലിയാണ് ഇവരുടെ പ്രത്യേകത.
ദിവസങ്ങള്‍ക്കുള്ളില്‍ മികച്ച അവതരണ ശൈലി എന്ന അഭിപ്രായം നേടിയ ന്യൂസ് മലയാളവും വരും ആഴ്ചകളില്‍ പോയിന്‍റ് നിലയിലേയ്ക്ക് എത്തും.