/sathyam/media/media_files/infam-conference.jpg)
കോട്ടയം: ഇന്‍ഫാമിന്റെ ഇഎസ്എ സമരത്തിന് ജനപിന്തുണയേറുന്നു. ഇഎസ്എ പ്രശ്നത്തില്‍ കെസിബിസിയുടെ കര്‍ഷക സംഘടനയായ ഇന്‍ഫാം കാഞ്ഞിരപ്പള്ളി പാറത്തോട്ടില്‍ എംപിമാരും എംഎല്‍എമാരും ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെ ക്ഷണിച്ചു വരുത്തി 'ഇഎസ്എ വിടുതല്‍ സന്ധ്യ' എന്ന പേരില്‍ നിര്‍ണായക യോഗം ചേര്‍ന്നതോടെയായിരുന്നു ഈ വിഷയത്തില്‍ ശക്തമായ പ്രതിഷേധങള്‍ക്ക് തുടക്കമായത്.
ഇന്‍ഫാം വിടുതല്‍ സന്ധ്യയില്‍ കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി, ആന്റോ ആന്റണി എംപി, ഫ്രാന്‍സിസ് ജോര്‍ജ് എംപി, ഡീന്‍ കുര്യാക്കോസ് എംപി, ചീഫ് വിപ്പ് ഡോ. എന്‍ ജയരാജ്, സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍ എംഎല്‍എ, വാഴൂര്‍ സോമന്‍ എംഎല്‍എ എന്നിവരാണ് പങ്കെടുത്തത്.
ജനപ്രതിനിധികള്‍ക്കു മുമ്പില്‍ ഇഎസ്എ പരിധിയില്‍ അകപ്പെട്ടുപോയ ജനവാസ കേന്ദ്രങ്ങളെ പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യമാണ് ഇന്‍ഫാം ദേശീയ ചെയര്‍മാന്‍ ഫാ. തോമസ് മറ്റമുണ്ടയില്‍ 'വിടുതല്‍ സന്ധ്യ'യില്‍ അവതരിപ്പിച്ചത്.
അതോടൊപ്പം പതിനായിരക്കണക്കിന് കര്‍ഷകര്‍ ഒപ്പിട്ട നിവേദനങ്ങള്‍ ഇന്‍ഫാം ഭാരവാഹികള്‍ ജനപ്രതിനിധികള്‍ക്കു നല്‍കുകയും ചെയ്തു. 5 മണിക്കൂര്‍ നീണ്ട ചര്‍ച്ചകളും സംവാദങ്ങളുമായിരുന്നു ഇതേ തുടര്‍ന്ന് ഇന്‍ഫാം വേദിയില്‍ നടന്നത്. പരിപാടി അര്‍ദ്ധരാത്രിയും കഴിയും വരെ നീളുകളും ചെയ്തു.
പിന്‍ബലമേകി കെസിബിസിയും ബിഷപ്പുമാരും
ഇഎസ്എ വിഷയത്തില്‍ ഇന്‍ഫാം ഏതറ്റം വരെയും പോകുമെന്ന് ഇഎസ്എ വിടുതല്‍ സന്ധ്യയില്‍ സംബന്ധിച്ച കാഞ്ഞിരപ്പള്ളി ബിഷപ് മാര്‍ ജോസ് പുളിക്കല്‍ പറഞ്ഞു. ഇന്‍ഫാം യോഗത്തിനു പിന്നാലെ ശക്തമായ നിലപാട് ആവര്‍ത്തിച്ച് കെസിബിസി ജാഗ്രതാ സമിതിയുടെ ആഭിമുഖ്യത്തില്‍ വിപുലമായ ഓണ്‍ലൈന്‍ മീറ്റിംഗും ചേര്‍ന്നു. ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്എ പരിധിയില്‍ നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ യോഗം സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടും ഇതിനിടെ ജനപ്രതിനിധികളെ സംഘടിപ്പിച്ച് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നിരുന്നു. സഭയുടെ കര്‍ഷക നിലപാട് ആവര്‍ത്തിച്ച് മാര്‍ കല്ലറങ്ങാട്ട് കഴിഞ്ഞ ദിവസം ദീപികയിലും ലേഖനം എഴുതിയിരുന്നു.
ദിവസങ്ങള്‍ക്ക് മുമ്പ് നിയുക്ത ചങ്ങനാശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ തോമസ് തറയില്‍ തിരുവനന്തപുരത്ത് ഇഎസ്എ ബാധിത മേഖലകളിലെ ജനപ്രതിനിധികളെ വിളിച്ചുകൂട്ടിയും പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്തു. ഇന്‍ഫാം ദേശീയ രക്ഷാധികാരി മാര്‍ റെമീജിയോസ് ഇഞ്ചനാനിയും സിബിസിഐ പ്രസിഡന്റും തൃശൂര്‍ ആര്‍ച്ചുബിഷപ്പുമായ മാര്‍ ആന്‍ഡ്രൂസ് താഴത്തും ചേര്‍ന്ന് ജോസ് കെ. മാണി എംപിയോടൊപ്പം മുഖ്യമന്ത്രിയെ സന്ദര്‍ശിച്ചും വിഷയത്തിന്റെ ഗൗരവം ധരിപ്പിച്ചു.
മലബാറില്‍ ഇഎസ്എ മേഖയില്‍ നിന്ന് ജനവാസ മേഖലയെ ഒഴിവാക്കണമെന്നാവശ്യപ്പെട്ട് തലശേരി ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പാംബ്ലാനിയും രംഗത്തുവന്നു. ഇഎസ്എയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കരുതെന്ന് പാലക്കാട് രൂപതാധ്യക്ഷന്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കലും ആവശ്യപ്പെട്ടു. എകെസിസിയും കെസിബിസി ജാഗ്രതാ കമ്മീഷനും ഇന്‍ഫാമിനൊപ്പം നിലയുറപ്പിച്ചു.
ക്രിയാത്മക പ്രതികരണവുമായി ജനപ്രതിനിധികളും
ഇന്‍ഫാം വിടുതല്‍ സന്ധ്യയില്‍ ഇന്‍ഫാം നിലപാടിനൊപ്പം ചേര്‍ന്ന ജനപ്രതിനിധികള്‍ ഇന്‍ഫാമിന്റെ നിവേദനത്തിന്റെ കൂടി അടിസ്ഥാനത്തില്‍ അവരുടെ നിര്‍ദേശങ്ങള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കൈമാറി.
ഇടതുമുന്നണി നേതാവുകൂടിയായ കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ കണ്ട് പ്രശ്നത്തിന്റെ ഗൗരവസ്ഥിതി ബോധിപ്പിക്കുകയും ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ശിപാര്‍ശ സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തിരുന്നു. ഇക്കാര്യം ഇന്‍ഫാം വേദിയിലും ജോസ് കെ മാണി അറിയിച്ചിരുന്നു.
ഇടുക്കി എംപി അഡ്വ. ഡീന്‍ കുര്യാക്കോസും വിശദമായ റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള നിവേദനമാണ് കേന്ദ്ര സര്‍ക്കാരിന് സമര്‍പ്പിച്ചത്. ആന്റോ ആന്റണിയും ഫ്രാന്‍സിസ് ജോര്‍ജും സംഭവത്തിന്റെ വിശദമായ നിവേദനം കേന്ദ്രത്തിന് നല്‍കി. വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ വിഷയം വീണ്ടും കേന്ദ്ര സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍ കൊണ്ടുവരാണ്‍ ശ്രമങ്ങള്‍ ഉണ്ടാകുമെന്ന് ഡീന്‍ കുര്യാക്കോസ് അറിയിച്ചിട്ടുമുണ്ട്.
ഒപ്പം ചേര്‍ന്ന് രാഷ്ട്രീയ പാര്‍ട്ടികളും കര്‍ഷക-സാമൂഹ്യ സംഘടനകളും
ഇന്‍ഫാം വിടുതല്‍ സന്ധ്യയ്ക്കു ശേഷം മന്ത്രി റോഷി അഗസ്റ്റിന്‍ ഇടുക്കിയില്‍ കര്‍ഷക പ്രതിനിധികളുടെ യോഗം വിളിച്ച് സര്‍ക്കാര്‍ ചെയ്ത കാര്യങ്ങള്‍ വിശദീകരിക്കുകയും ജനവാസ കേന്ദ്രങ്ങള്‍ ഇഎസ്എ പരിധിയില്‍ നിന്നും ഒഴിവാക്കുമെന്ന് അറിയിക്കുകയും ചെയ്തു.
വിജയിച്ച ഇന്‍ഫാം സമര മുന്നേറ്റങ്ങള്‍
1. പമ്പാവാലി, എയ്ഞ്ചല്‍വാലി പ്രദേശങ്ങളിലെ വനത്തിനുള്ളില്‍ പെട്ടുപോയ 502 ഹെക്ടര്‍ ജനവാസ മേഖലയെ വന പരിധിയില്‍ നിന്ന് ഒഴിവാക്കാന്‍ ഗവണ്‍മെന്റ് തീരുമാനമെടുത്തതിന്റെ കാരണം എയ്ഞ്ചല്‍വാലി, പമ്പാവാലി പ്രദേശത്തെ ജനങ്ങളോടു ചേര്‍ന്നു നിന്നുകൊണ്ട് ഇന്‍ഫാമും മറ്റ് കര്‍ഷക സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും നടത്തിയ സമരങ്ങളുടെ വിജയമാണ്.
2. കോട്ടയം ജില്ലയിലെ തോട്ടം പുരയിടം പ്രശ്‌നത്തിന് ഒരു പരിധിവരെയെങ്കിലും പരിഹാരം ഉണ്ടാക്കുന്നതിന് സര്‍ക്കാരിനെ പ്രേരിപ്പിച്ചതിനും ഇന്‍ഫാം സമരമുന്നേറ്റങ്ങള്‍ക്ക് നിര്‍ണായക പങ്കുണ്ട്.
3. ദേശീയോദ്യാനങ്ങളുടെയും സംരക്ഷിത വനപ്രദേശങ്ങളുടെയും വന്യജീവി സങ്കേതങ്ങളുടെയും ചുറ്റും ഒരു കിലോമീറ്ററെങ്കിലും ബഫര്‍സോണ്‍ വേണമെന്നുള്ള തീരുമാനത്തെ പുനഃപരിശോധിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചതും ഇന്‍ഫാം ജനപങ്കാളിത്തത്തോടെ നടത്തിയ സമരമുന്നേറ്റങ്ങളായിരുന്നു.
കരുത്തു പകര്‍ന്ന് മാധ്യമങ്ങളും സോഷ്യല്‍മീഡിയയും
ഇഎസ്എ പ്രശ്നം ചര്‍ച്ചയാക്കി അച്ചടി-ദൃശ്യ മാധ്യമങ്ങളായ ദീപിക, മലയാള മനോരമ, മാതൃഭൂമി, മംഗളം, ദേശാഭിമാനി, ഏഷ്യാനെറ്റ്, മീഡിയവണ്‍, മാതൃഭൂമി, കൈരളി, പ്രാദേശിക വാര്‍ത്താ ചാനലുകള്‍, ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നിവ ശക്തമായ പിന്തുണയേകി.
ഇതോടെ കേരളത്തിന്റെ പൊതുവികാരം ജനവാസ കേന്ദ്രങ്ങളെ ഒഴിവാക്കിക്കൊണ്ടുള്ള ഇഎസ്എ പരിധി നിര്‍ണയിക്കണമെന്ന നിലപാടിലേയ്ക്ക് എത്തിക്കാന്‍ കഴിഞ്ഞു എന്നതാണ് യാഥാര്‍ഥ്യം. മിനിസ്ട്രി ഓഫ് എന്‍വയോണ്‍മെന്റ് ഫോറസ്റ്റ് ആന്‍ഡ് ക്ലൈമറ്റ് ചേഞ്ചിലേക്ക് പരാതികള്‍ അയച്ചും പ്രതിഷേധം അറിയിച്ചും ഇന്‍ഫാം ഇപ്പോഴും സമരമുഖത്തു തുടരുകയാണിപ്പോഴും.