/sathyam/media/media_files/pinapple-market-vazhakkulam.jpg)
കോട്ടയം: നവരാത്രി ദീപാവലി ആഘോഷങ്ങള്‍ തുണച്ചു, മികച്ച വില ലഭിച്ചു പൈനാപ്പിള്‍ വിപണി. വേനലില്‍ വന്‍ തോതില്‍ വിളനാശം സംഭവിച്ചു ഉല്‍പ്പാദനം കുറഞ്ഞതും വില വര്‍ധനയ്ക്കു കാരണമായി.
പച്ചയ്ക്ക് 54 രൂപയും പഴത്തിനു 59 രൂപവരെ വില ലഭിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 17 രൂപവരെ അധികമായി ഇക്കുറി കര്‍ഷകര്‍ക്കു ലഭിക്കുന്നുണ്ട്.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കുന്നതാണ് വില കൂടാൻ കാരണം. സാഹചര്യങ്ങള്‍ അനുകൂലമായി തുടര്‍ന്നാല്‍ നവംബര്‍ അവസാനം വരെ ഉയര്‍ന്ന വില ലഭിക്കുമെന്ന പ്രതീക്ഷയിലാണു കര്‍ഷകര്‍.
പൈനാപ്പിളിന്റെ പ്രധാന വിപണിയായ വാഴക്കുളത്തും കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലയിലും പൈനാപ്പിള്‍ കച്ചവടം തകൃതിയായി നടക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 39, 37, 47 എന്നിങ്ങനെയായിരുന്നു വില.
വില ഉയര്‍ന്നു നില്‍ക്കുന്നതു കൂടുതല്‍ കര്‍ഷകര്‍ ഈ മേഖലയിലേക്കു വരാന്‍ കാരണമാകും. കഴിഞ്ഞ ഡിസംബറില്‍ സ്പെഷല്‍ ഗ്രേഡ് പോലും കിലോയ്ക്കു 20 രൂപയ്ക്കു വില്‍ക്കേണ്ടി വന്നതു പല കര്‍ഷകരെയും പ്രതിസന്ധിയിലാക്കിയിരുന്നു.
ഒരു ചക്ക വില്‍പ്പനയ്ക്കു തയാറാകുമ്പോള്‍ 30 രൂപ ചെലവാകുമെന്നാണു കര്‍ഷകരുടെ കണക്ക്. ശരാശരി 40 രൂപയെങ്കിലും ലഭിച്ചാല്‍ മാത്രമേ നഷ്ടമില്ലാതെ കൃഷി മുന്നോട്ടു കൊണ്ടുപോകാനാകൂ.
പ്രതികൂല കാലാവസ്ഥയാണു കര്‍ഷകരെ ഏറെ ബുദ്ധിമുട്ടിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായി കഴിഞ്ഞ വേനല്‍ക്കാലത്തു പലയിടങ്ങളിലും തോട്ടങ്ങളില്‍ കര്‍ഷകര്‍ കൃത്രിമജലസേചന മാര്‍ഗങ്ങള്‍ ഒരുക്കിയിരുന്നു.
ഉണക്കു ബാധിക്കാതിരിക്കാന്‍ തോട്ടത്തിനു മുകളില്‍ പച്ച നെറ്റ് വിരിച്ച വകയിലും വന്‍ ബാധ്യതയുണ്ടായി. വേനലിന്റെ ആഘാതം ഈ സീസണില്‍ ഉത്പാദനത്തില്‍ വന്‍ കുറവിനു കാരണമായിട്ടുണ്ട്.