/sathyam/media/media_files/339VktJOVtkyQ1aYYGtu.jpg)
കോട്ടയം: ഭക്ഷ്യ എണ്ണകള്‍ക്കു വില കൂടി. ഹോട്ടലുകളിലും തട്ടുകടകളിലുമെല്ലാം പാചക എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം വര്‍ധിക്കുന്നു. പഴകിയ എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം ക്യാന്‍സര്‍, ഹൃദയ സംബന്ധമായ ആരോഗ്യപ്രശനങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയേറെയാണ്.
ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തിയ രാത്രികാല പ്രത്യേക സ്‌ക്വാഡ് പരിശോധനയില്‍ ശുചിത്വ മാനദണ്ഡങ്ങള്‍ പാലിക്കാതെയും ഭക്ഷ്യ സുരക്ഷാ ലൈസന്‍സ് രജിസ്ട്രേഷന്‍ ഇല്ലാതെയും തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തിയിരുന്നു. ഇത്തരം സ്ഥാപനങ്ങളില്‍ ഭക്ഷ്യ എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം കണ്ടെത്തുകയും ചെയ്തിരുന്നു.
പലഹാരങ്ങളോ, ഇറച്ചിയോ ഒക്കെ ഫ്രെെ ചെയ്യുമ്പോള്‍ ബാക്കി വരുന്ന എണ്ണ പലരും ഒഴിവാക്കാറില്ല. ഇത് എടുത്തുവച്ച് വീണ്ടുമുപയോഗിക്കുകയാണ് പതിവ്. ചിലപ്പോൾ ദിവസങ്ങളോളം ഇത്തരം എണ്ണ ഉപയോഗിക്കുന്നവരും ഉണ്ട്.
എന്നാല്‍, ഇത് ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. അണുബാധ മുതല്‍ ക്യാന്‍സര്‍ വരെയുള്ള രോഗങ്ങള്‍ക്കാണ് ഈ ശീലം ഇടയാക്കുക.
പഴകിയ എണ്ണ ഉപയോഗിക്കുന്നത് വയറ് എളുപ്പത്തില്‍ അസ്വസ്ഥമാക്കുകയും, ദഹനപ്രശ്നങ്ങളുണ്ടാക്കുകയും വയറ്റില്‍ കൂടുതല്‍ ഗ്യാസ് ഉണ്ടാകാന്‍ ഇടയാക്കുകയും ചെയ്യും. ഹൃദയസംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇത് കാരണമായേക്കും.
ചീത്ത കൊഴുപ്പ് ശരീരത്തില്‍ അടിയാനും, ഇതുവഴി ഹൃദയധമനികളില്‍ ബ്ലോക്ക് ഉണ്ടാകാനുമുള്ള സാധ്യതകളും കൂടുതലാണ്. ഇതിനെല്ലാം പുറമെ, തലച്ചോറിലെ കോശങ്ങളെയും ഇത് ബാധിച്ചേക്കാം. അല്‍ഷിമേഴ്സ്, പാര്‍ക്കിന്‍സണ്‍സ് തുടങ്ങിയ മറവിരോഗങ്ങളിലേക്കും ഈ ശീലം നമ്മെ എത്തിച്ചേക്കാം.
ഹോട്ടലുകള്‍ തട്ടുകടകള്‍, ബജി കടകള്‍ എന്നിടങ്ങളെല്ലാം ഇത്തരം എണ്ണയുടെ ആവര്‍ത്തിച്ചുള്ള ഉപയോഗം നടക്കുന്നുണ്ട്. തമിഴ്‌നാട്ടില്‍ നിന്നുള്ള തേങ്ങയുടെയും കൊപ്രായുടെയും വരവ് കുറഞ്ഞതോടെ വെളിച്ചെണ്ണ വില ലിറ്ററിന് 240 രൂപവരെ എത്തിയിരുന്നു.
കേന്ദ്രം ഇറക്കുമതി തീരുവ വര്‍ധിപ്പിച്ചതോടെ പാംഓയില്‍, സണ്‍ഫ്‌ളവര്‍ ഓയില്‍ എന്നിവയുടെ വില 20 മുതല്‍ 30 രൂപവരെ വര്‍ധിച്ചിട്ടുണ്ട്.