/sathyam/media/media_files/kkJgVvxCnowIajjByzlX.jpg)
കോട്ടയം: തുടര്‍ച്ചയായി അപകടങ്ങള്‍, റെയില്‍വേ സുരക്ഷ സംബന്ധിച്ച് ആശങ്ക വര്‍ധിക്കുന്നു. 'കവച് ' സംവിധാനം നടപ്പാക്കുന്നതിനു കാലതാമസം ഉണ്ടാകുന്നതും ആശങ്കയ്ക്കു കാരമായി ചൂണ്ടിക്കാട്ടപ്പെടുന്നു.
കഴഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ട്രെയിന്‍ ദുരന്തങ്ങളില്‍ മരിച്ചവരുടെ എണ്ണം 366 ന് മുകളിലാണ്. വിവിധ അപകടങ്ങളിലായി ആയിരക്കണക്കിന് പേര്‍ക്കു പരുക്കേല്‍ക്കുയും ചെയ്തിട്ടുണ്ട്. അതില്‍ ഒടുവിലത്തേതാണ് ചെന്നൈ കവരപ്പേട്ട ട്രെയിന്‍ അപകടം.
ബാഗ്മതി എക്‌സ്പ്രസ് റെയില്‍വേ സ്‌റ്റേഷനു സമീപം നിര്‍ത്തിയിട്ടിരുന്ന ചരക്കു ട്രെയിനു പിന്നില്‍ ഇടിച്ചു നില്‍ക്കുകയായിരുന്നു. 1360 യാത്രക്കാരുമായി എത്തിയ ട്രെയിനാണ് അപകടത്തില്‍പ്പെട്ടത്. മൂന്നു കോച്ചുകള്‍ക്കു തീപിടിക്കുകയും 19 പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു. ഇതില്‍ നാലുപേരുടെ നില ഗുരുതരമാണ്.
തുടര്‍ച്ചായായ അപകടങ്ങള്‍ !
2023-24 വര്‍ഷം റെയില്‍വേയെ സംബന്ധിച്ച് ഏറെ നിര്‍ണായകമായിരുന്നു. കാരണം തുടര്‍ച്ചായായി ഉണ്ടാകുന്ന അപകടങ്ങള്‍ യാത്രക്കാരില്‍ കടുത്ത ആശങ്കയാണു സൃഷ്ടിച്ചത്.
ഈ കാലയളവില്‍ ചെറുതും വലുതുമായ നിരവധി ട്രെയിന്‍ അപകടങ്ങള്‍ മനുഷ്യമനസാക്ഷിയേ ഞെട്ടിച്ചു. 2023 ജൂണില്‍ ഒഡീഷയില്‍ മൂന്നു ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 296 പേര്‍ മരിക്കുകയും ആയിരത്തിലധികം പേര്‍ക്കു പരുക്കേല്‍ക്കുകയും ചെയ്തു.
ഒഡീഷ സംഭവത്തിന് ശേഷം മനുഷ്യജീവനുകള്‍ നഷ്ടപ്പെടുത്തുന്ന നിരവധി റെയില്‍ അപകടങ്ങള്‍ ഉണ്ടായിട്ടുണ്ട്. 2023 ഓഗസ്റ്റില്‍, മിസോറാമില്‍ നിര്‍മാണത്തിലിരിക്കുന്ന റെയില്‍വേ പാലം കുറുങ് നദിയിലേക്ക് തകര്‍ന്ന് 26 തൊഴിലാളികൾ മരിച്ചു.
അതേ മാസം, മധുരയ്ക്ക് സമീപം ലക്നൗ-രാമേശ്വരം ട്രെയിന് തീപിടിച്ച് ഒമ്പത് പേര്‍ മരിച്ചു. ഒക്ടോബറില്‍ ബീഹാറില്‍ നോര്‍ത്ത് ഈസ്റ്റ് എക്‌സ്പ്രസിന്റെ ആറ് കോച്ചുകള്‍ പാളം തെറ്റി നാല് പേര്‍ മരിക്കുകയും 70 ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
അതേ മാസം, ആന്ധ്രാപ്രദേശില്‍ രണ്ടു പാസഞ്ചര്‍ ട്രെയിനുകള്‍ കൂട്ടിയിടിച്ചു, അതിലൊന്ന് പാളം തെറ്റി 14 പേര്‍ മരിക്കുകയും 50 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.
2024ല്‍ മാത്രം 17 പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത നാലു സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അഞ്ചാമത്തെ അപകടമാണ് കവരപ്പേട്ടയിലേത്.
2024-ലെ ഏറ്റവും വലിയ ട്രെയിന്‍ അപകടം നടന്നത് ജൂണില്‍ പശ്ചിമ ബംഗാളിലെ ഡാര്‍ജിലിംഗില്‍ ചരക്ക് ട്രെയിന്‍ കാഞ്ചന്‍ജംഗ എക്‌സ്പ്രസുമായി കൂട്ടിയിടിച്ചതായിരുന്നു. അന്ന് 10 പേര്‍ കൊല്ലപ്പെടുകയും 60 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. ജൂലൈയില്‍ ഉത്തര്‍പ്രദേശില്‍ മറ്റൊരു ട്രെയിന്‍ പാളം തെറ്റി നാലുപേരുടെ ജീവന്‍ അപഹരിച്ചിരുന്നു.
ഈ ലിസ്റ്റില്‍ ഒടുവിലത്തേതാണ് ഇപ്പോള്‍ ചെന്നൈയില്‍ നടന്നത്. ഭാഗ്യംകൊണ്ടു മാത്രമാണ് അപകടം വന്‍ ദുരന്തമായി മാറാതിരുന്നത്. നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി നാട്ടിലേക്കു മടങ്ങിയ നിരവധി യാത്രക്കാരാണു ട്രെയിനില്‍ ഉണ്ടായിരുന്നത്.
ആശങ്ക വേണ്ട എല്ലാം സുരക്ഷിതമെന്ന് റെയില്‍വേ
അപകടങ്ങള്‍ തുടര്‍കഥയാകുമ്പോഴും എല്ലാം സുരക്ഷിതമെന്ന മറുപടിയാണ് റെയില്‍വേയും കേന്ദ്ര സർക്കാരും പറയുന്നത്. ചിലപ്പോള്‍ ഒന്നോരണ്ടോ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് എല്ലാം അവസാനിപ്പിക്കുകയും ചെയ്യും.
സുരക്ഷ ഉറപ്പാക്കാന്‍ ഇന്ത്യന്‍ റെയില്‍വേ വിപുലമായ സുരക്ഷാ നടപടികള്‍ നടന്നുവരുകയാണെന്നാണ് റെയില്‍വേയുടെ വിശദീകരണം. ട്രാക്കുകള്‍ക്കും സിഗ്‌നലുകള്‍ക്കുമുള്ള കര്‍ശനമായ ഗുണനിലവാര പരിശോധനകള്‍ ഇതില്‍ ഉള്‍പ്പെടുന്നു.
ഇത്തരത്തില്‍ ഇതിനോടകം 97,000 പരിശോധനകള്‍ പൂര്‍ത്തിയാക്കുകയും 90,000 സിഗ്‌നല്‍ പ്ലാനുകള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. ഈ സാമ്പത്തിക വര്‍ഷം മാത്രം 1,86,000 കിലോമീറ്റര്‍ സഞ്ചരിച്ച് പരിശോധന നടത്തി. 2,500 കിലോമീറ്ററിലധികം ട്രാക്കുകള്‍ പുതുക്കി. മുഴുവന്‍ റെയില്‍വേ ശൃംഖലയിലുടനീളം അള്‍ട്രാസൗണ്ട് പരിശോധനയും നടത്തിയെന്നും റെയിൽവേ ജൂലൈയില്‍ പറഞ്ഞിരുന്നു.
എല്ലാം ശരിയാക്കാൻ 'കവച് '
ഇന്ത്യയിലെ അത്രയും ബൃഹത്തായ റെയില്‍വേ സംവിധാനം മറ്റൊരു രാജ്യത്തിനും അവകാശപ്പെടാന്‍ സാധിക്കില്ല. റെയില്‍ സുരക്ഷയ്ക്കു കരുത്തു പകരുന്നതാണ് 'കവച് ' എന്ന് വിളിക്കുന്ന ഓട്ടോമാറ്റിക് ട്രാഫിക് കോളിഷന്‍ അവോയിഡന്‍സ് സിസ്റ്റം.
ഒരേ ട്രാക്കില്‍ സഞ്ചരിക്കുന്ന ട്രെയിനുകളുടെ കൂട്ടിയിടി ഒഴിവാക്കാനുള്ള സംവിധാനമാണിത്. നിലവിലെ സംവിധാനത്തിന്റെ പോരായ്മ മനസിലാക്കയതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ 'കവച് ' നടപ്പാക്കാന്‍ തീരുമാനിച്ചത്.
2020-ല്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ ദേശീയ ഓട്ടോമാറ്റിക് ട്രെയിന്‍ പ്രൊട്ടക്ഷന്‍ സിസ്റ്റം നിലവിലുള്ള സംവിധാനത്തിന് പകരമായി അംഗീകരിച്ചപ്പോള്‍ റെയില്‍ പാതയുടെ 35,000 കിലോമീറ്ററിലധികം കവച് വഹിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു.
പ്രാവര്‍ത്തികമാക്കിയാല്‍ മോശം കാലാവസ്ഥയില്‍ ട്രെയിനുകള്‍ സുരക്ഷിതമായി ഓടാന്‍ സഹായിക്കും, ലോക്കോ പൈലറ്റ് പരാജയപ്പെട്ടാലും അത്യാഹിത ഘട്ടങ്ങളില്‍ സ്വയമേ ബ്രേക്ക് പ്രയോഗിക്കുകയും അങ്ങനെ അപകടസാധ്യത കുറയുകയും ചെയ്യും.
എന്നാല്‍, കേന്ദ്രം പല അവശാശവാദങ്ങളും പറയുന്നുണ്ടെങ്കിലും കവച് നടപ്പാക്കല്‍ മന്ദഗതിയിലാണ് പുരോഗമിക്കുന്നത്. ഇതുവരെ 4% ജോലികള്‍ മാത്രമാണ് പൂര്‍ത്തിയായത്.
ഈ സംവിധാനം വേഗത്തിലാക്കിയിരുന്നെങ്കില്‍ നിരവധി റെയില്‍ അപകടങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നു.
കേന്ദ്ര സര്‍ക്കാര്‍ പറയുന്നതനുസരിച്ച്, 2023 ജൂലൈ വരെ 351.91 കോടി രൂപ കവചിനായി ചെലവഴിച്ചിട്ടുണ്ടെന്നാണ്. 2023-24 ല്‍ മാത്രം 798.98 കോടിയും പദ്ധതി നടപ്പാക്കാനായി അനുവദിച്ചിട്ടുണ്ട്.
വേറെയും ഉണ്ട് റെയില്‍വേയെ അലട്ടുന്ന പ്രശ്‌നങ്ങള്‍
ഇന്ത്യന്‍ റെയില്‍വേയ്ക്ക് അഭിമാനമയ വന്ദേഭാരത്, വന്ദേമെട്രോ ഉള്‍പ്പടെ വന്നുവെന്നു മേന്മപറയുമ്പോഴും ആവശ്യത്തിന് ട്രെയിന്‍ ഇല്ലാത്തത് കേരളം ഉൾപ്പടെ പല സംസ്ഥാനങ്ങള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.
ഇന്നു റെയില്‍വേ ഡിവിഷനുകളിലുടനീളമുള്ള സ്ലീപ്പര്‍, ജനറല്‍ കോച്ചുകളില്‍ തിരക്ക് ഒരു സ്ഥിരം സംഭവമായി മാറിയിട്ടുണുണ്ട്. എസി ടിക്കറ്റോ ബദല്‍ ഗതാഗത മാര്‍ഗമോ വാങ്ങാന്‍ കഴിയാത്ത സാധാരണക്കാരെയാണ് ഇതു ബാധിച്ചിരിക്കുന്നത്. എന്നാല്‍, ഈ വ്യാപകമായ പ്രശ്നങ്ങള്‍ക്കിടയിലും, വലിയ അപകടങ്ങള്‍ ഉണ്ടായിട്ടും റെയില്‍വേ മെല്ലെപ്പോക്ക് തുടരുകയാണ്.
സ്ലീപ്പര്‍, ജനറല്‍ കോച്ചുകളുടെ എണ്ണം കുറയുന്നതുള്‍പ്പെടെ നിരവധി കാരണങ്ങളാണ് തിരക്ക് കൂടാന്‍ കാരണം. 2024-25 ലെ ബജറ്റില്‍ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണത്തില്‍ എന്തെങ്കിലും വര്‍ധനയെക്കുറിച്ചോ മറ്റേതെങ്കിലും രീതിയില്‍ തിരക്ക് അനുഭവപ്പെടുന്നതിനെക്കുറിച്ചോ കാര്യമായ പരാമര്‍ശങ്ങള്‍ ഉണ്ടായില്ലെന്നതും ശ്രദ്ധേയമാണ്.