/sathyam/media/media_files/8TNpz80NTnOAZjYTS3SP.jpg)
കോട്ടയം: നികുതിവെട്ടിക്കാന്‍ ഇതര സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തുന്ന സിനിമാ താരങ്ങള്‍. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ നകുതി വെട്ടിക്കാണ്‍ പോണ്ടിച്ചേരിയും നാഗാലാന്‍ഡും മിസോറാമും ഒക്കെ തേടിപ്പോകുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
സിനിമാ താരം ബൈജു മദ്യപിച്ച് ഓടിച്ച ഓഡികാര്‍ അപകടത്തില്‍പ്പെട്ടതോടെയാണു വീണ്ടും വാഹന രജിസ്‌ട്രേഷന്‍ സംബന്ധിച്ച വെട്ടിപ്പു ചര്‍ച്ചയാകുന്നത്. ബൈജുവിന്റെ കാര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നതു ഹരിയാനയിലാണ്.
നികുതിവെട്ടിക്കാനായാണു ബൈജു ഹരിയാനയില്‍ രജിസ്‌ട്രേഷന്‍ നടത്തിയെന്ന ആരോപണം ഇതിനോടകം ഉയര്‍ന്നു കഴിഞ്ഞു. ഇതു പോലീസും മോട്ടോര്‍വാഹന വകുപ്പും പരിശോധിക്കണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിനു നഷ്ടമാക്കിയ സുരേഷ് ഗോപി
നികുതിവെട്ടിക്കാനയി ആഡംബര കാര്‍ രജിസ്‌ട്രേഷന്‍ മറ്റു സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്യുന്ന സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. താരങ്ങളുടെ നടപടി മുമ്പും ചര്‍ച്ചയായിട്ടുണ്ട്.
നികുതിവെട്ടിക്കാന്‍ വ്യാജ രേഖ ചമച്ചതിന് ഇപ്പോഴത്തെ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ 2017 ല്‍ പോലീസ് കേസ് എടുത്തിരുന്നു. രാജ്യസഭാ എം.പിയായിരിക്കെയാണു സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത്.
വ്യാജ വിലാസത്തില്‍ പുതിച്ചേരിയില്‍ വാഹനം രജിസ്റ്റര്‍ ചെയ്തതെന്നായിരുന്നു കേസ്. അമിത വേഗത്തില്‍ വണ്ടിയോടിച്ചതിനു പിഴയടച്ചില്ലെന്ന കുറ്റവും സുരേഷ് ഗോപിക്കെതിരെ അന്നു ഉയര്‍ന്നിരുന്നു. ഐ.ജി ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു അന്നത്തെ അന്വേഷണം. 40 ലക്ഷത്തോളം രൂപ സംസ്ഥാനത്തിന് നഷ്ടമായി എന്നാണു ക്രൈംബ്രാഞ്ച് കണക്കാക്കിയത്.
ഇത്തരത്തില്‍ കേരളത്തില്‍ ആദ്യമായിട്ടാണ് ഒരു രാജ്യസഭാ എംപിക്കെതിരെ നികുതിവെട്ടിപ്പിനു കേസെടുക്കുന്നത്. വ്യാജ വിലാസമുണ്ടാക്കി പോണ്ടിച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ ചെയ്തതിലൂടെ സംസ്ഥാനത്തിനു നഷ്ടമുണ്ടാക്കിയെന്ന് ക്രൈംബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്.
സുരേഷ് ഗോപി മോട്ടോര്‍ വാഹനവകുപ്പിനു രേഖകള്‍ നല്‍കിയിരുന്നെങ്കിലും ഇതു തൃപ്തികരമല്ലെന്നായിരുന്നു ക്രൈംബ്രാഞ്ചിന്റെ വാദം. എം.പിയായതിനു ശേഷവും മുമ്പുമായി രണ്ടു വാഹനങ്ങളാണു സുരേഷ് ഗോപി പുതുച്ചേരിയില്‍ രജിസ്‌ട്രേഷന്‍ നടത്തിയിരുന്നു.
വെട്ടിപ്പ് നടത്തിയ താരങ്ങള്‍ പിന്നെയുമുണ്ട്
തെന്നിന്ത്യന്‍ സിനിമാ താരങ്ങള്‍ വ്യാപകമായി വാഹനനികുതിവെട്ടിപ്പു നടത്തുന്നതിന്റെ തെളിവുകള്‍ കഴിഞ്ഞയിടക്ക് പുറത്തുവന്നിരുന്നു. ഇതിനെതുടര്‍ന്നു പുതുച്ചേരിയില്‍ കാര്‍ രജിസ്റ്റര്‍ചെയ്തതിന് നടന്‍ ഫഹദ് ഫാസിലിനെ അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചിരുന്നു. നടി അമലാപോളിനെതിരേയും കേസെടുത്തിരുന്നു.
മറ്റു പല തരാങ്ങളും ഇത്തരത്തില്‍ ഇതര സംസ്ഥാനങ്ങളില്‍ രജിസ്‌ട്രേഷന്‍ നടത്തി വെട്ടിപ്പു നടത്തിയിരുന്നു. എന്നാല്‍, ആദ്യം ശക്തമായ നടപടി ഉണ്ടായെങ്കിലും പിന്നീട് പോലീസോ മോട്ടോര്‍വാഹന വകുപ്പോ തുടര്‍ നടപടികള്‍ക്കു മുതിര്‍ന്നില്ല.
ഇപ്പോള്‍ സമാനമായ ചര്‍ച്ചകളാണു ബൈജുവിന്റെ കാര്‍ അപകടവും ഉയര്‍ത്തുന്നത്. എന്നാല്‍, ഇതിലൊന്നും സ്ഥിരീകരണമോ തുടര്‍ നടപടികളുണ്ടാകുമെന്നോ പോലീസ് വിശദീകരിക്കുന്നുമില്ല. താരങ്ങൾക്കെതിരെ നികുതി വെട്ടിപ്പിന് സഹതാരവും ഗതാഗത മന്ത്രിയുമായ ഗണേഷ്കുമാർ മുതിരുമോ എന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.
സെക്കന്‍ഡ് ഹാന്‍ഡ് വില്‍പ്പന തകൃതി
ഡല്‍ഹി, ഹരിയാന, തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആഡംബര കാറുകളുടെ വില്‍പ്പന കേരളത്തില്‍ വ്യാപകം. ആഡംബര കാര്‍ ഏതുവേണമെന്നു പറഞ്ഞാല്‍ അത് എത്തിച്ചു നല്‍കുന്ന ഡീലര്‍മാര്‍ കേരളത്തില്‍ സജീവമാണ്.
വാഹനങ്ങള്‍ ചിലപ്പോള്‍ അപകടത്തില്‍പ്പെട്ടു കേടുപാടുകള്‍ സംഭവിച്ചതാകാം. പക്ഷേ, കാണാന്‍ പുതുപുത്തന്‍ പോലെയിരിക്കും. ഇത്തരം വാഹനങ്ങള്‍ക്കു കേരളത്തില്‍ ആവശ്യക്കാര്‍ എറെയാണ്. സെക്കന്‍ഡ് ഹാന്‍ഡ് വാഹനങ്ങളായതിനാല്‍ നികുതിയും കുറവാണ്.
ഇതിനാൽ സെക്കന്‍ഡ് ഹാന്‍ഡ് കാറുകള്‍ വാങ്ങുന്ന താരങ്ങളും നിരവധിയാണ്. മറ്റു സംസ്ഥാനങ്ങളില്‍ നിന്നു എത്തിക്കുന്ന വാഹനങ്ങള്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണു നിയമം. പക്ഷേ, ഇവ പാലിക്കപ്പെടാറില്ല.