/sathyam/media/media_files/2024/10/16/WF8A8oYxfX5JE54rARJT.jpg)
കോട്ടയം: എ.ഡി.എം നവീന്‍ ബാബു എന്‍.ഒ.സി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് അനുവദിച്ച അലോട്ട്‌മെന്റ റദ്ദാക്കണമെന്നാവശ്യപ്പെട്ടു കോണ്‍ഗ്രസ് രംഗത്ത്.
ഈ ആവശ്യം ഉന്നയിച്ചു എ.ഐ.സി.സി ഗവേഷണ വിഭാഗം ചെയര്‍മാന്‍ ഡോ. ബി.എസ്. ഷിജു ബി.പി.സി.എല്‍ സി.എം.ഡി ജി.കൃഷ്ണകുമാറിനു കത്ത് കൈമാറി.
കണ്ണൂര്‍ അഡീഷനല്‍ ജില്ലാ മജിസ്‌ട്രേട്ട് കെ. നവീന്‍ ബാബുനെതിരെ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉന്നയിച്ച അഴിമതി ആരോപണം തിരിച്ചടിക്കുകയാണ്. നവീന്‍ എന്‍ഒസി നല്‍കാന്‍ കൈക്കൂലി ആവശ്യപ്പെട്ടെന്ന് പറയുന്ന പെട്രോള്‍ പമ്പ് ദിവ്യയുടെ ഭര്‍ത്താവിന്റേതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
കൈക്കൂലിയെക്കുറിച്ച് പരാതി ഉന്നയിച്ച പ്രശാന്ത് ബെനാമിയാണെന്ന് ആരോപിച്ച് ഡി.സി.സി. പ്രസിഡന്റ് മാര്‍ട്ടിന്‍ ജോര്‍ജ് രംഗത്തു വന്നതിന് പിന്നാലെയണ് പെട്രോള്‍ പമ്പ് അലോട്ട് ചെയ്ത നടപടി റദ്ദുചെയ്യണമെന്ന ആവശ്യം കൂടി കോണ്‍ഗ്രസ് ഉന്നയിക്കുന്നത്. ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ അലോട്ട്‌മെന്റ് നപടികളുടെ വിശ്വാസ്യതയെയാണ് ചോദ്യം ചെയ്യുന്നത്.
പി.പി ദിവ്യയുടെ കുടുംബവുമായി പ്രശാന്തന് അടുത്ത ബന്ധമാണുള്ളത്. പെട്രോള്‍ പമ്പിന് അംഗീകാരം നേടിയെടുക്കാന്‍ ഇടപെടല്‍ ഉണ്ടായി. പെട്രോള്‍ പമ്പിന്റെ സ്ഥാനം റോഡിലെ വളവിലായാണ്. ഇത് സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണെന്നിരിക്കെ പെര്‍മിറ്റ് വേഗത്തിലാക്കാന്‍ ദിവ്യ ഉദ്യോഗസ്ഥരെ നിര്‍ബന്ധിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ ഇപ്പോള്‍ പുറത്തുവരുന്നു.
ദിവ്യ എ.ഡി.എമ്മിനെ അധിക്ഷേപിച്ചതു തുടര്‍ന്ന് അദ്ദേഹത്തിന്റെ ആത്മഹത്യയും അലോട്ട്മെന്റിന്റെ സുതാര്യത സംബന്ധിച്ച സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.
എ.ഡി.എമ്മിനെതിരായ ദിവ്യയുടെ പരസ്യമായ പരാമര്‍ശങ്ങളും തുടര്‍ന്നുള്ള കൈക്കൂലി ആരോപണങ്ങളും മുഴുവന്‍ നടപടി ക്രമങ്ങളെയും കരിനിഴല്‍ വീഴ്ത്തിയെന്നും അലോട്ട്മെന്റ് റദ്ദാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിഷയത്തില്‍ സമഗ്ര അന്വേഷണം ആരംഭിക്കണമെന്നും ഡോ.ബി.എസ്. ഷിജു കത്തിൽ ആവശ്യപ്പെട്ടു.