/sathyam/media/media_files/2024/10/19/LHc95FwbBubejJesGI7k.jpg)
കോട്ടയം: ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതിനു പിന്നാലെയുള്ള തുടര്‍ച്ചയായി പൊട്ടിത്തെറി കോണ്‍ഗ്രസിന് തലവേദനയാകുന്നു. അതൃപ്തരെല്ലാം പാര്‍ട്ടി വിടുമ്പോഴും നേട്ടമെന്നു പറഞ്ഞ് സമാധാനിക്കുകയാണ് കോണ്‍ഗ്രസ്.
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ സീറ്റുകിട്ടാത്തിന്റെ പേരിലും അഭിപ്രായ വ്യത്യാസങ്ങളുടെ പേരിലുമാണ് നേതാക്കള്‍ കോണ്‍ഗ്രസ് വിട്ടുപോകുന്നത്. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കുന്ന വിമര്‍ശനം ഉന്നയിച്ചാണു നേതാക്കള്‍ പുറത്തു പോകുന്നതെങ്കിലും പ്രതിഷേധക്കാരുടെ പടിയിറക്കം കോണ്‍ഗ്രസിന് ഇരട്ടി നേട്ടമാണു നല്‍കുന്നതെന്നാണ് നേതാക്കളുടെ വിലയിരുത്തല്‍.
കെ.പി.സി.സി മുന്‍ സെക്രട്ടറിയും കോണ്‍ഗ്രസ് നേതാവുമായിരുന്ന എന്‍.കെ സുധീറാണു കൂടുമാറ്റത്തിനു തുടക്കമിട്ടത്. ചേലക്കരയില്‍ രമ്യാ ഹരിദാസിനൊപ്പം സുധീറിനെയും കോണ്‍ഗ്രസ് പരിഗണിച്ചിരുന്നു. തെരഞ്ഞെടുപ്പ് അറിയിപ്പു വന്നയുടന്‍ രമ്യയുടെ പേര് കോണ്‍ഗ്രസ് പ്രഖ്യാപിച്ചതില്‍ പ്രതിഷേധിച്ചു സുധീര്‍ പി.വി. അന്‍വറുമായി സഹകരിച്ചു മത്സരിക്കാന്‍ തീരുമാനിക്കയുകയായിരുന്നു.
തന്നെ പാര്‍ട്ടി നേതൃത്വം അവഗണിക്കുകയാണെന്നായിരുന്നു സുധീറിന്റെ ആരോപണം. പിന്നാലെ അന്‍വറുമായി ചര്‍ച്ച നടകത്തുകയും അന്‍വറിന്റെ ഡി.എം.കെ. പാര്‍ട്ടിയുടെ സ്വതന്ത്ര സ്ഥാര്‍നാര്‍ഥിയായി മത്സരിക്കാന്‍ തയാറാവുകയായിരുന്നു. 2009ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആലത്തൂര്‍ മണ്ഡലത്തില്‍ നിന്നു സുധീര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിച്ചിട്ടുണ്ട്.
ഉപതെരഞ്ഞെടുപ്പു പ്രഖ്യാപിച്ചതോടെ പാര്‍ട്ടി വിട്ട രണ്ടാമന്‍ കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയ കണ്‍വീനായിരുന്ന ഡോ. പി.സരിനാണ്. സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥനായിരുന്ന സരിന്‍ 2016 ല്‍ ജോലി രാജിവെച്ചു യൂത്ത് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തി. പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ സരിന് കെ.എസ്.യു. തലം മുതല്‍ ഉയര്‍ന്നു വന്ന നേതാക്കളേക്കാള്‍ പ്രാധാന്യം കോണ്‍ഗ്രസ് നല്‍കി.
കോണ്‍ഗ്രസിനകത്ത് ''ജൂനിയര്‍ ശശി തരൂര്‍'' എന്നുപോലും സരിന്‍ വിശേഷിപ്പിക്കപ്പട്ടു. രാഹുല്‍ ഗാന്ധി ബ്രിഗേഡിന്റെ ഭാഗമായിരുന്ന സരിനു കോണ്‍ഗ്രസ് ഡിജിറ്റല്‍ വിഭാഗത്തിന്റെ ചുമതല നല്‍കിയതു രാഹുല്‍ ഗാന്ധി നേരിട്ടായിരുന്നു.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറിയായും സരിന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2021 ല്‍ ഒറ്റപ്പാലത്തു നിന്നു മത്സരിക്കാനും കോണ്‍ഗ്രസ് അവസരം നല്‍കി. പക്ഷേ, പരാജയപ്പെട്ടു.
രണ്ടു വര്‍ഷം കഴിഞ്ഞു നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒറ്റപ്പാലത്തു നിന്നു മത്സരിക്കാന്‍ സരിന് അവസരം നല്‍കാനിരിക്കെയാണു ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തെ പാലക്കാട് മത്സരിപ്പിക്കാന്‍ തീരുമാനിച്ചത്. ഇതില്‍ പ്രതിഷേധിച്ചു കോണ്‍ഗ്രസിനെ തള്ളിപ്പറയുകയും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, ഷാഫി പറമ്പില്‍ എം.പി. എന്നിവര്‍ക്കെതിരെ ആരോപണം ഉന്നയിച്ചു പാര്‍ട്ടി വിടുകയുമായിരുന്നു.
പിന്നാലെ ഇടതു പാളയത്തില്‍ എത്തിയ സരിന്‍ സി.പി.എം സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിക്കുകയായിരുന്നു.
ഉപതെരഞ്ഞെടുപ്പുകാലത്തു പാര്‍ട്ടിവിട്ട മൂന്നാമന്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബാണ്. സിറ്റിംങ്ങ് എംഎല്‍എയെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച് ബി.ജെ.പി. രണ്ടാം സ്ഥാനത്തുള്ള സീറ്റില്‍ ഉപതെരഞ്ഞെടുപ്പു നടത്തണമെന്ന് ആര്‍ക്കായിരുന്നു നിര്‍ബന്ധമെന്നു ചോദിച്ചുകൊണ്ടാണു ഷാനിബ് പാര്‍ട്ടി വിട്ടത്. സി.പി.എമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കാനാണു ഷാനിബിന്റെയും തീരുമാനം.
പ്രതിഷേധക്കാര്‍ എല്ലാം പുറത്തു പോകുന്നതോടെ തെരഞ്ഞെടുപ്പു കാലത്തു കോണ്‍ഗ്രസിന് ഒറ്റക്കെട്ടായി നിന്നു പ്രവര്‍ത്തിക്കാനാകുമെന്ന വിലയിരുത്തലാണു നേതൃത്വത്തിനുള്ളത്. അതൃപ്തിയുള്ളവര്‍ പാര്‍ട്ടിയില്‍ തുടര്‍ന്നാല്‍ അതു സ്ഥാനാര്‍ഥികള്‍ക്കു ഏറെ പ്രതിസന്ധി സൃഷ്ടിക്കുമായിരുന്നു.