/sathyam/media/media_files/2024/10/21/1QL98wZQSSfQ0vaLudlo.jpg)
കോട്ടയം: ശബരിമല സീസണ്‍ ആരംഭിക്കാനിരിക്കെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തത് തിരിച്ചടിയാകുന്നു. നല്ല ഭക്ഷണം നല്‍കണം, വൃത്തിയുള്ള സാഹചര്യത്തില്‍ പാകംചെയ്യുന്നതാണോയെന്ന് പരിശോധിക്കണം, വില അധികമായി ഈടാക്കുന്നുണ്ടോയെന്ന് ശ്രദ്ധിക്കണം.. ശബരിമല തീര്‍ഥാടന കാലത്ത് ഭക്ഷ്യ സുരാക്ഷാ വകുപ്പിന് പിടിപ്പതു പണിയാണുള്ളത്. പക്ഷേ ഉദ്യോഗസ്ഥരുടെ കുറവ് വകുപ്പിൻ്റെ പ്രവർത്തനങ്ങളെ ബാധിക്കുന്നുണ്ട്.
അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാടകര്‍ ഉള്‍പ്പടെ കഴിഞ്ഞ തീര്‍ഥാടന കാലത്ത് വ്യാപക പരാതി ഉന്നയിച്ചിരുന്നു. ഗുണമേന്മയില്ല, അളവില്ല, തരംകിട്ടിയാല്‍ തോന്നിയ വില ഈടാക്കും എന്നിങ്ങനെ പരാതികള്‍ നിരവധിയായിരുന്നു.
പരാതികള്‍ ഒഴിവാക്കാന്‍ നടപടി സ്വീകരിക്കേണ്ടതു ഭക്ഷ്യ സുരക്ഷാ വകുപ്പാണ്. എന്നാല്‍, ആവശ്യത്തിനു ജീവനക്കാരില്ലാത്തത് തിരിച്ചടിയായിരുന്നു. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ സീസണില്‍ ഭക്ഷണ വിതരണത്തില്‍ പാളിച്ചകളുണ്ടായാലും നടപടിയ്ക്കു സാധ്യത കുറവാണെന്നും ആക്ഷേപമുണ്ട്.
ലക്ഷക്കണക്കിനു ഭക്തരാണു നവംബര്‍ പകുതി മുതല്‍ രണ്ടു മാസം കോട്ടയം, എരുമേലി ഉള്‍പ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലൂടെ പമ്പയിലേക്കു കടന്നുപോകുന്നത്. ഇവര്‍ക്കെല്ലാം ഗുണനിലവാരമുള്ള, നിശ്ചിത അളവിലുള്ള ഭക്ഷണം നല്‍കേണ്ടത് അധികൃതരുടെ ഉത്തരവാദിത്വവുമാണ്. എന്നാല്‍, ഇതു നിയന്ത്രിക്കാന്‍ ആവശ്യത്തിനു ജീവനക്കാരില്ലാത്തതു ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പ്രവര്‍ത്തനത്തെ പിന്നോട്ടടിക്കുന്നു.
കളക്ടറുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് വിലവിവരപട്ടിക പ്രസിദ്ധീകരിക്കുകയും പേരിനു മാത്രം കുറച്ചു പിരിശോധനകള്‍ നടത്തി നടപടികള്‍ അവസാനിപ്പിക്കുകയുമാണ് മുന്‍ സീണില്‍ ഉണ്ടായത്. ഇതോടെ തീര്‍ഥാടകര്‍ പലരും ചൂഷണത്തിനിരയായി. ഇക്കുറിയും ഇതു ആവര്‍ത്തിക്കുമോയെന്ന ആശങ്കയാണുള്ളത്.
ഒരു ഭക്ഷ്യസുരക്ഷാ സര്‍ക്കിള്‍ ഓഫീസില്‍ ഭക്ഷ്യസുരക്ഷ ഓഫീസര്‍, ക്ലാര്‍ക്ക്, ഓഫീസ് അറ്റന്‍ഡന്റ് എന്നിവര്‍ ഉള്‍പ്പെട്ടതാണ്. ഒട്ടുമിക്ക സര്‍ക്കിളുകളിലും ഓഫീസ് അറ്റന്‍ഡന്റ് തസ്തിക സൃഷ്ടിച്ചിട്ടു പോലുമില്ല. ഇവിടങ്ങളിലെല്ലാം ഉദ്യോഗസ്ഥര്‍ക്കു അധിക ചുമതല നല്കിയിരിക്കുകയാണ്.
നിലവിലെ സാഹചര്യത്തില്‍ ഒരു നിയോജകമണ്ഡലത്തില്‍ ഒരു ഭക്ഷ്യസുരക്ഷ ഓഫീസര്‍ മാത്രമാണുള്ളത്. ശരാശരി പത്തു പഞ്ചായത്തുകളാണു ഒരു ഓഫീസറുടെ പരിധിയിലുള്ളത്. ആയിരക്കണക്കിനു ചെറുതും വലുതുമായ സ്ഥാപനങ്ങള്‍ പരിധിയിലുണ്ട്.
ഓരോ ഉദ്യോഗസ്ഥനും സ്ഥാപനങ്ങളില്‍ പരിശോധന നടത്തുകയും സാമ്പിള്‍ ശേഖരിക്കുന്നതിനു പുറമെ ദൈനംദിന ജോലികളും കോടതി ഡ്യൂട്ടി ഉള്‍പ്പടെയുള്ള ജോലികള്‍ നിര്‍വഹിക്കേണ്ടതുമുണ്ട്.
അധിക ജോലി ഭാരമുള്ള ഉദ്യോഗസ്ഥനു സ്വന്തം സര്‍ക്കിളിലെ 50 ശതമാനം സ്ഥാപനങ്ങളില്‍ പോലും പരിശോധന നടത്താന്‍ സാധിക്കുന്നില്ല. അടിയന്തരമായി ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു ജീവനക്കാരെ നിയമിക്കണമെന്ന് ആവശ്യം ശക്തമായിരിക്കുകയാണ്.