കോട്ടയം: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കോമ്പൗണ്ടില്‍ കഞ്ചാവു വില്‍പ്പന, എട്ടുകിലോ കഞ്ചാവുമായി ഇടുക്കി സ്വദേശിയായ യുവാവ് അറസ്റ്റില്‍. ഇടുക്കി ഉടുമ്പന്‍ഞ്ചോല കട്ടപ്പന കല്ലുകുന്ന് തൈക്കുഴിയില്‍ ഹാരീഷ് റഹ്മാനെ (34)യാണ് എക്‌സൈസിന്റെ രാജേഷ് പി.ജിയുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റു ചെയ്തത്.
മെഡിക്കല്‍ കോളജിലെ ഗൈനക്കോളജി വിഭാഗത്തിലെ പാര്‍ക്കിങ് ഏരിയയില്‍ നിന്നാണ് എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് ഇന്‍സ്‌പെക്ടര്‍ പി.ജി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിനെ എട്ടു കിലോ കഞ്ചാവുമായി കസ്റ്റഡിയില്‍ എടുത്തത്.
വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു കേസിനാസപ്ദമായ സംഭവം. മെഡിക്കല്‍ കോളജ് ഭാഗത്ത് പട്രോളിങ് നടത്തുകയായിരുന്നു എക്‌സൈസ് സംഘം. ഈ സമയത്താണു മെഡിക്കല്‍ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിലെ പാര്‍ക്കിങ് ഏരിയയില്‍ കഞ്ചാവു കൈമാറ്റം നടക്കുന്നതായി വിവരം ലഭിച്ചത്.
തുടര്‍ന്ന്, എക്‌സൈസ് സംഘം സ്ഥലത്ത് എത്തി. കാറിനുള്ളില്‍ ബാഗുമായി സംശയാസ്ദമായ സാഹചര്യത്തില്‍ യുവാവിനെ കണ്ടെത്തിയ എക്‌സൈസ് സംഘം പരിശോധന നടത്തി. ഇതോടെ നാലു പാഴ്‌സലുകളിലായി എട്ടു കിലോ കഞ്ചാവു സൂക്ഷിച്ചിരിക്കുന്നതായി വിവരം ലഭിച്ചിരിക്കുകയായിരുന്നു. തുടര്‍ന്ന്, ബാഗ് തുറന്നു പരിശോധിച്ചപ്പോള്‍ പൊതികളിലായി കഞ്ചാവു കണ്ടെത്തിയത്.
ഒഡീഷയില്‍ നിന്നും ട്രെയിന്‍ മാര്‍ഗം സുഹൃത്തായ ഇതര സംസ്ഥാനക്കാരനാണു തനിക്ക് കഞ്ചാവ് എത്തിച്ചു നല്‍കിയതെന്നു പ്രതി പറഞ്ഞു. പ്രതിയ്ക്ക് മുന്‍പു ക്രിമിനല്‍ക്കേസുകള്‍ ഉണ്ടോ എന്ന് പരിശോധിക്കുമെന്ന് എക്‌സൈസ് സംഘം അറിയിച്ചു.
അസി.എക്‌സൈസ് ഇന്‍സ്‌പെക്ടര്‍മാരായ അരുണ്‍ സി.ദാസ്, ബിനോദ് കെ.ആര്‍, ബൈജുമോന്‍, എം. നൗഷാദ് , പ്രിവന്റീവ് ഓഫിസര്‍ നിഫി ജേക്കബ്, ആരോമല്‍ മോഹന്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ പ്രശോഭ്, ശ്യാം ശശിധരന്‍, സുനില്‍കുമാര്‍, വിനോദ്, എക്‌സൈസ് ഡ്രൈവര്‍ എന്നിവര്‍ പരിശോധനയ്ക്കു നേതൃത്വം നല്‍കി. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്യും.