മുളക്കുളം: പെരുവയില്‍ പഞ്ചായത്ത് വെള്ളക്കരം അടക്കാത്തതിനെ തുടര്‍ന്നു ശൗചാലയത്തിന്റെയും മത്സ്യമാര്‍ക്കറ്റിലെയും ജലവിതണം വിച്ഛേദിച്ചു വാട്ടര്‍ അതോറിട്ടി. മുളക്കുളം പഞ്ചായത്തില്‍ പെരുവയിലെ ടാക്‌സി സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന കംഫര്‍ട്ട് സ്‌റ്റേഷനിലേയും, മത്സ്യ മാര്‍ക്കറ്റിലെയും ജലവിതരണമാണ് കഴിഞ്ഞ ദിവസം അധികൃതര്‍ എത്തി വിച്ഛേദിച്ചത്.
ശൗചാലത്തിന് 93,000 രൂപയും. മത്സ്യമാര്‍ക്കറ്റിലെ 45,000 രൂപയുമാണ് അടക്കുവാനുള്ളത്. വെള്ളം ഇല്ലാതായതോടെ ശൗചാലയം അടച്ചിട്ടിരിക്കുകയാണ്. പെരുവയിലെ വ്യാപാര സ്ഥാപനങ്ങളിലെ സ്ത്രീകളും നിരവധി യാത്രക്കാരും, സ്റ്റാന്‍ഡിലെ ഡ്രൈവര്‍മാരും ഉള്‍പ്പെടെയുള്ളവര്‍ ഉപയോഗിക്കുന്നതായിരുന്നു ശൗചാലയം. വെള്ളം ഇല്ലാതായതോടെ ശൗചാലയ നടത്തിപ്പുകാരന്‍ അംഗപരിമിതന്‍ കൂടിയായ മടത്താട്ട് കോളനിയിലെ അപ്പച്ചനും ദുരിതത്തിലായി.
എന്നാല്‍, പഞ്ചായത്തില്‍ ഒരറിയിപ്പും നല്‍കാതെയാണു വാട്ടര്‍ അതോറിട്ടി കണക്ഷന്‍ വിച്ചേദിച്ചതെന്നു പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.വാസുദേവന്‍ നായര്‍ പറഞ്ഞു. ആറു മാസം മുന്‍പു തലയോലപ്പറമ്പില്‍ വച്ചു നടന്നകുടിശിക അദാലത്തില്‍ തുക കുറക്കാമെന്നു പറഞ്ഞെങ്കിലും പിന്നീട് യാതൊരു അറിയിപ്പും നല്‍കിയില്ലെന്നും പ്രസിഡന്റ് പറഞ്ഞു.