കോട്ടയം: ഭരണരംഗത്ത് മാതൃഭാഷ വ്യാപകമാക്കുന്നതിനൊപ്പം ഭാഷ എങ്ങനെ പ്രയോഗിക്കണമെന്ന സാക്ഷരത കൂടി അനിവാര്യമാണെന്ന് സംസ്ഥാന സാക്ഷരതാ മിഷൻ ഡയറക്ടർ എ.ജി. ഒലീന.
ഭരണഭാഷാ വാരാഘോഷത്തിൻ്റെ ഭാഗമായി ജില്ലാ സാക്ഷരതാ മിഷനും വിവര -പൊതുജനസമ്പർക്ക വകുപ്പും സംയുക്തമായി കോട്ടയം മോഡൽ എച്ച്.എസ്.എസിൽ സംഘടിപ്പിച്ച 'ഭാഷയും ഭരണകൂടവും' പ്രഭാഷണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ.
അധികാരത്തിൻ്റെ ഭാഷ ഒരിടത്തും ഉപയോഗിക്കരുത്. ഉപയോഗിക്കപ്പെടുന്നത് ആർദ്രതയുടെയും പാരസ്പര്യത്തിൻ്റെയും സ്നേഹത്തിൻ്റെയും ചേർത്തുപിടിക്കലിൻ്റെയും സുതാര്യമായ ഭാഷയായിരിക്കണം.
ഭാഷ അധികാരമാണെന്നതു പോലെ സ്വാന്തനമാണെന്ന തിരിച്ചറിവു കൂടി എല്ലാവർക്കും വേണം. ഭരണഭാഷാ പ്രയോഗ സാക്ഷരത വേണം. മലയാളം എന്തിനും പ്രാപ്തമായ ഭാഷയാണെന്ന ബോധ്യവും വേണമെന്നും എ.ജി. ഒലീന പറഞ്ഞു.
ജില്ലാ ഇൻഫർമേഷൻ ഓഫീസർ എ. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ കെ.വി. രതീഷ്, അധ്യാപകരായ വി.എസ്. ആദർശ്, അഖിൽ സുരേഷ്, പച്ചമലയാളം കോഴ്സ് അധ്യാപിക കെ. ബിന്ദു എന്നിവർ സംസാരിച്ചു.