തുലാവര്‍ഷ മഴയ്‌ക്കൊപ്പം എത്തുന്ന മിന്നലിനെ കരുതിയിരിക്കണം. നാലു ദിവസത്തിനുള്ളിൽ രണ്ടു മരണം. മിന്നലേറ്റാല്‍ കേള്‍വി മുതല്‍ ജീവന്‍ വരെ നഷ്ടപ്പെട്ടേക്കാം

കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

New Update
heavy rain precuations
Listen to this article
0.75x1x1.5x
00:00/ 00:00

കോട്ടയം: തുലാവര്‍ഷ മഴയ്‌ക്കൊപ്പം എത്തുന്ന മിന്നലിനെ കരുതിയിരിക്കണം.. പലരും മിന്നലിനു നല്‍കുന്ന മുന്നറിയിപ്പുകള്‍ അത്ര കാര്യമായി എടുക്കാറില്ല. തുലാമഴയ്‌ക്കൊപ്പം ഇടിയും മിന്നലും കൂടെയെത്തും. ഇത്തരം മിന്നലുകള്‍ ഏല്‍ക്കാന്‍ സാധ്യതയേറെയാണ്.

Advertisment

ഇന്നലെ കോട്ടയത്തെ കൈപ്പുഴക്കാറ്റില്‍ കാറ്റുകൊള്ളാന്‍ എത്തിയ രണ്ടു പേര്‍ക്കാണു മിന്നലേറ്റത്. ഇന്നു നെടുമങ്ങാട് തിരിച്ചിട്ടപാറയില്‍വച്ചു മിന്നലേറ്റു പതിനെട്ടുകാരനു ജീവന്‍ നഷ്ടമാവുകയും ചെയ്തു. ഉച്ചയ്ക്ക് 12 മണിയോടെ പ്രദേശത്തു ശക്തമായ മഴയും ഇടിമിന്നലും ഉണ്ടായിരുന്നു.

ഈ സമയം യുവാവും സുഹൃത്തും അവിടെയുള്ള ക്ഷേത്രത്തിനു സമീപത്തെ പാറക്കല്ലിനടിയില്‍ കയറി നിന്നു. ഇവിടെവച്ചാണ് ഇരുവര്‍ക്കും മിന്നലേറ്റത്. സുഹൃത്തിനു നിസാര പരുക്കാണുള്ളത്.

ഇന്നു തന്നെ തിരുവനന്തപുരത്ത് ടെറസില്‍ തുണി വിരിക്കാന്‍ കയറിയ യുവതിക്കു മിന്നലേല്‍ക്കുകയും ചെയ്തിരുന്നു. കഴുത്തിനും മറ്റു ശരീര ഭാഗത്തുമാണ് പൊള്ളലേറ്റത്. യുവതിയെ ചികിത്സയ്ക്കായി തിരുവനന്തപുരം കിംസ് ആശുപത്രിയിലേക്കു മാറ്റി.

രണ്ടു ദിവസം മുന്‍പാണ് ആലപ്പുഴയില്‍ മിന്നലേറ്റു വീട്ടമ്മ മരിച്ചത്. ആലപ്പുഴ വീയപുരത്താണു ദാരുണസംഭവമുണ്ടായത്. വീയപുരം വിത്ത് ഉല്‍പാദന കേന്ദ്രത്തിലെ പുഞ്ചയില്‍ ജോലി കഴിഞ്ഞു മടങ്ങുമ്പോഴായിരുന്നു അപകടം.

തിങ്കളാഴ്ച തൃശൂരില്‍ മിന്നലേറ്റു യുവതിക്കു കേള്‍വി ശക്തി നഷ്മായി. വീടിന്റെ ഭിത്തില്‍ ചാരിയിരുന്ന് ആറ് മാസം പ്രായമായ കുഞ്ഞിനു മുലയൂട്ടുന്നതിനിടെയാണു മിന്നലേറ്റത്. മിന്നലേറ്റതിന്റെ ആഘാതത്തില്‍ അമ്മയും കുഞ്ഞും തെറിച്ചു വീഴുകയായിരുന്നു.

യുവതിയുടെ പുറത്ത് പൊള്ളലേറ്റിട്ടുണ്ട്. മുടിയും കരിഞ്ഞു. ഭാഗ്യം കൊണ്ടു മാത്രമാണു കുഞ്ഞു പരുക്കേല്‍ക്കാതെ രക്ഷപെട്ടത്.. മിന്നലേറ്റു വീട്ടിലെ സ്വിച്ച് ബോര്‍ഡും ബള്‍ബുകളും പൊട്ടിത്തെറിച്ചിരുന്നു.


മഴയുടെ സ്വഭാവം മാറുന്നതു പോലെ ഇടിയുടെയും മിന്നലിന്റെയും രൂപവും ഭാവവും മാറുകയാണോ എന്ന ആശങ്കയാണ് ഉയരുന്നത്. കേരളത്തില്‍ വര്‍ഷം ഏകദേശം 70 പേര്‍ കേരളത്തില്‍ ഇടിയും മിന്നലുമേറ്റ് മരിക്കുന്നുവെന്നാണു കണക്ക്.


ഇതിനു പുറമേയാണ് ഇടിമിന്നലില്‍ പരുക്കേല്‍ക്കുന്നവരുടെ എണ്ണം. ഒരു മിന്നല്‍ മതി വീട്ടിലെ എല്ലാ വൈദ്യുതോപകരണവും കത്തിക്കാന്‍. ഇടിമിന്നല്‍ തടയാന്‍ വഴിയില്ല. എന്നാല്‍, സുരക്ഷ ഉറപ്പാക്കാന്‍ വഴികള്‍ പലതുണ്ട്.

ഇടിമിന്നല്‍ അതീവ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്.

കാര്‍മേഘം കണ്ടു തുടങ്ങുന്ന സമയം മുതല്‍ തന്നെ മുന്‍കരുതലുകള്‍ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.

ഇടിമിന്നല്‍ സുരക്ഷാ നിര്‍ദേശങ്ങള്‍

  • ഇടിമിന്നലിന്റെ ആദ്യ ലക്ഷണം കണ്ടുകഴിഞ്ഞാല്‍ ഉടന്‍ തന്നെ സുരക്ഷിതമായ കെട്ടിടത്തിനുള്ളിലേക്കു മാറുക. തുറസായ സ്ഥലങ്ങളില്‍ തുടരുന്നത് ഇടിമിന്നലേല്‍ക്കാനുള്ള സാധ്യത വര്‍ധിപ്പിക്കും.
  • ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുള്ള ഘട്ടത്തില്‍ ജനലും വാതിലും അടച്ചിടുക. വാതിലിനും ജനലിനും അടുത്തു നില്‍ക്കാതെയിരിക്കുക. കെട്ടിടത്തിനകത്തു തന്നെ ഇരിക്കുകയും പരമാവധി ഭിത്തിയിലോ തറയിലോ സ്പര്‍ശിക്കാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക. 
  • ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക. വൈദ്യുതോപകരണങ്ങളുമായുള്ള  സാമീപ്യം ഇടിമിന്നലുള്ള സമയത്ത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് ടെലഫോണ്‍ ഉപയോഗിക്കുന്നത് ഒഴിവാക്കണം. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതു കൊണ്ട് കുഴപ്പമില്ല.
  • അന്തരീക്ഷം മേഘാവൃതമാണെങ്കില്‍ തുറസായ സ്ഥലത്തും ടെറസിലും, കുട്ടികള്‍ ഉള്‍പ്പെടെ, കളിക്കുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്ത് വൃക്ഷങ്ങളുടെ ചുവട്ടില്‍ നില്‍ക്കരുത്. വാഹനങ്ങള്‍ മരച്ചുവട്ടില്‍ പാര്‍ക്ക് ചെയ്യുകയുമരുത്.
  • ഇടിമിന്നലുള്ള സമയത്ത് വാഹനത്തിനകത്ത് തന്നെ തുടരുക. കൈകാലുകള്‍ പുറത്തിടാതിരിക്കുക. വാഹനത്തിനകത്ത് നിങ്ങള്‍ സുരക്ഷിതരായിരിക്കും. സൈക്കിള്‍, ബൈക്ക്, ട്രാക്ടര്‍ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഇടിമിന്നല്‍ സമയത്ത് ഒഴിവാക്കുകയും ഇടിമിന്നല്‍ അവസാനിക്കുന്നത് വരെ സുരക്ഷിതമായ ഒരു കെട്ടിടത്തില്‍ അഭയം തേടുകയും വേണം.
  • മഴക്കാറ് കാണുമ്പോള്‍ തുണികള്‍ എടുക്കാന്‍ ടെറസിലേക്കോ, മുറ്റത്തേക്കോ ഇടിമിന്നലുള്ള സമയത്ത് പോകരുത്.
  • കാറ്റില്‍ മറിഞ്ഞു വീഴാന്‍ സാധ്യതയുള്ള വസ്തുക്കള്‍ കെട്ടി വെക്കുക.
  • ഇടിമിന്നലുള്ള സമയത്ത് കുളിക്കുന്നത് ഒഴിവാക്കുക. ടാപ്പുകളില്‍ നിന്ന് വെള്ളം ശേഖരിക്കുന്നതും ഒഴിവാക്കുക. പൈപ്പിലൂടെ മിന്നല്‍ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.
  • ഇടിമിന്നല്‍ ഉണ്ടാകുമ്പോള്‍ ജലാശയത്തില്‍ മീന്‍ പിടിക്കാനോ കുളിക്കാനോ ഇറങ്ങുവാന്‍ പാടില്ല. കാര്‍മേഘങ്ങള്‍ കണ്ട് തുടങ്ങുമ്പോള്‍ തന്നെ മത്സ്യബന്ധനം, ബോട്ടിങ് തുടങ്ങിയ പ്രവൃത്തികള്‍ നിര്‍ത്തി വച്ച് ഉടനെ അടുത്തുള്ള കരയിലേക്ക് എത്താന്‍ ശ്രമിക്കണം. ഇടിമിന്നലുള്ള സമയത്ത് ബോട്ടിന്റെ ഡെക്കില്‍ നില്‍ക്കരുത്. ചൂണ്ടയിടുന്നതും വലയെറിയുന്നതും ഇടിമിന്നലുള്ള സമയത്തു നിര്‍ത്തി വയ്ക്കണം.
  • പട്ടം പറത്തുന്നത് ഒഴിവാക്കുക.
  • ഇടിമിന്നലുള്ള സമയത്തു ടെറസിലോ മറ്റ് ഉയരമുള്ള സ്ഥലങ്ങളിലോ വൃക്ഷക്കൊമ്പിലോ ഇരിക്കുന്നത് അപകടകരമാണ്.
  • വളര്‍ത്തു മൃഗങ്ങളെ തുറസായ സ്ഥലത്ത് ഈ സമയത്ത് കെട്ടരുത്. അവയെ അഴിക്കുവാനും സുരക്ഷിതമായി മാറ്റി കെട്ടുവാനും മഴ മേഘം കാണുന്ന സമയത്ത് പോകരുത്. ഇതു നിങ്ങള്‍ക്ക് ഇടിമിന്നലേല്‍ക്കാന്‍ കാരണമായേക്കാം.
  • അടുത്തുള്ള കെട്ടിടത്തിലേക്കു മാറാന്‍ സാധിക്കാത്ത വിധത്തില്‍ തുറസായ സ്ഥലത്താണങ്കില്‍ പാദങ്ങള്‍ ചേര്‍ത്തുവച്ച് തല, കാല്‍ മുട്ടുകള്‍ക്ക് ഇടയില്‍ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
  • ഇടിമിന്നലില്‍നിന്ന് സുരക്ഷിതമാക്കാന്‍ കെട്ടിടങ്ങള്‍ക്കു മുകളില്‍ മിന്നല്‍ രക്ഷാ ചാലകം സ്ഥാപിക്കാം. വൈദ്യുതോപകരണങ്ങളുടെ സുരക്ഷക്കായി സര്‍ജ് പ്രൊട്ടക്ടര്‍ ഘടിപ്പിക്കാം.
  • മിന്നലിന്റെ ആഘാതത്താല്‍ പൊള്ളല്‍ ഏല്‍ക്കുകയോ കാഴ്ച്ചയോ കേള്‍വിയോ നഷ്ടമാവുകയോ ഹൃദയാഘാതം സംഭവിയ്ക്കുകയോ വരെ ചെയ്യാം. മിന്നലാഘാതം ഏറ്റ ആളിന്റെ ശരീരത്തില്‍ വൈദ്യുത പ്രവാഹം ഇല്ല എന്ന് മനസിലാക്കണം. അതിനാല്‍ മിന്നലേറ്റ ആളിനു പ്രഥമ ശുശ്രൂഷ നല്‍കുവാന്‍ മടിക്കരുത്. മിന്നല്‍ ഏറ്റാല്‍ ആദ്യ മുപ്പത് സെക്കന്‍ഡ് ജീവന്‍ രക്ഷിക്കാനുള്ള സുവര്‍ണ നിമിഷങ്ങളാണ്. മിന്നലേറ്റ ആളിന് ഉടന്‍ വൈദ്യ സഹായം എത്തിക്കുക.
Advertisment