/sathyam/media/media_files/2024/11/05/rKUhP0hYhDv7WEKGGlm9.jpg)
കോട്ടയം: മലയാള വാർത്താ ചാനലുകളുടെ റേറ്റിംഗിൽ വീണ്ടും ഒന്നാം സ്ഥാനം നിലനിർത്തി ഏഷ്യാനെറ്റ് ന്യൂസ്. ഇന്നലെ പുറത്തുവന്ന 43 -ാം ആഴ്ചയിലെ ബാർക് (ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ)
റേറ്റിംഗിൽ 112 പോയിന്റ് നേടിയാണ് ഏഷ്യാനെറ്റ് ന്യൂസ് ഒന്നാം സ്ഥാനം നിലനിർത്തിയത്.
റിപ്പോർട്ടർ ടി.വിയാണ് രണ്ടാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്ത് ഉള്ള ഏഷ്യാനെറ്റുമായി 14 പോയിൻ്റ് വ്യത്യാസത്തിലാണ് റിപോർട്ടർ രണ്ടാം സ്ഥാനത്തേക്ക് പിന്തളളപ്പെട്ടത്.
98 പോയിൻ്റ് ആണ് 43-ാം ആഴ്ചയിൽ റിപ്പോർട്ടർ ടിവി കരസ്ഥമാക്കിയത്. 80 പോയിൻ്റ് നേടി ട്വൻ്റിഫോർ മൂന്നാം സ്ഥാനത്താണ്.
ഒക്ടോബർ 18 മുതൽ 25 വരെയുള്ള ദിവസങ്ങളിലെ റേറ്റിങ്ങാണ് ഇന്നലെ പുറത്ത് വന്നത്. ദീപാവലി ആഘോഷങ്ങളെ തുടർന്നാണ് എല്ലാ വ്യാഴാഴ്ചയും പുറത്തിറക്കാറുള്ള റേറ്റിങ്ങ് 4 ദിവസം വെെകി ഇന്നലെ പുറത്ത് വിട്ടത്.
വാർത്താ ചാനലുകളിലെ പ്രേക്ഷകരിൽ 15 വയസിന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിലെ റേറ്റിംഗ് ആണിത്. മറ്റ് എല്ലാ വിഭാഗങ്ങളിലും ഇതേ സ്ഥാന ക്രമം തന്നെയാണ് വാർത്താ ചാനലുകൾക്കുള്ളത്.
42-ാം ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ 43 -ാം ആഴ്ചയിൽ വാർത്താ ചാനലുകളുടെ റേറ്റിംഗ് പോയിന്റിൽ വലിയതോതിൽ ഇടിവുണ്ട്. മലയാളം വാർത്ത ചാനലുകളുടെ ആകെ റേറ്റിംഗ് പോയിൻറ് 504 ൽ നിന്ന് 466 പോയിന്റായി കുറഞ്ഞു. 8% ഇടിവാണ് സംഭവിച്ചത്.
ഒന്നാം സ്ഥാനത്തുള്ള ഏഷ്യാനെറ്റ് ന്യൂസിന് 42ാം ആഴ്ച 122 പോയിൻറ് ഉണ്ടായിരുന്നു. എന്നാൽ 43-ാം ആഴ്ചയിൽ അത് 112 ആയി കുറഞ്ഞു. 10 പോയിൻ്റ് നഷ്ടമാണ് ഏഷ്യാനെറ്റ് ന്യൂസിന് ഉണ്ടായത്. രണ്ടാം സ്ഥാനക്കാരായ റിപ്പോർട്ടർ ടിവിക്കും പോയിൻറ് നഷ്ടമുണ്ട്.
തൊട്ടുമുമ്പിലുള്ള ആഴ്ചയേക്കാൾ 12 പോയിന്റിൻറെ കുറവാണ് റിപ്പോർട്ടർ നേരിട്ടത്. മൂന്നാം സ്ഥാനക്കാരായ ട്വൻ്റി ഫോറിന് 9 പോയിൻറ് നഷ്ടവും നേരിട്ടു. വൻ സംഭവങ്ങൾ ഒന്നും ഇല്ലാതെ പോകുന്ന ആഴ്ച ആയതു കൊണ്ടാണ് വാർത്താ ചാനലുകളുടെ പ്രേക്ഷക പങ്കാളിത്തം ഇടിയാൻ കാരണം.
ശ്രദ്ധിക്കപ്പെടുന്ന വാർത്താ സംഭവങ്ങൾ ഇല്ലെങ്കിൽ പ്രേക്ഷകർ കൂടുതലായി വിനോദ ചാനലുകളിലേക്ക് പോകുന്നതാണ് മലയാളത്തിൽ കണ്ടുവരുന്ന പ്രവണത.
ഒന്നര മാസം മുമ്പ് ട്വൻ്റി ഫോർ ഒന്നാം സ്ഥാനത്ത് എത്തുകയും റിപ്പോർട്ടർ ടിവിയിൽ നിന്ന് വൻ വെല്ലുവിളി ഉയരുകയും ചെയ്തതോടെ ഏഷ്യാനെറ്റ് ന്യൂസ് വാർത്ത അവതരണത്തിലും റിപ്പോർട്ടിങ്ങിലും പഴയ ചടുലത തിരിച്ചു കൊണ്ടുവന്നു.
ഇതോടെ ആണ് ഏഷ്യാനെറ്റ് ഒന്നാം സ്ഥാനത്തേക്ക് തിരികെ എത്തിയത്. വാർത്ത അവതരണത്തിലും സാങ്കേതിക തികവിലും പുതിയ മാറ്റങ്ങൾ കൊണ്ടുവന്ന റിപ്പോർട്ടർ ഒരു ഘട്ടത്തിൽ ഏഷ്യാനെറ്റിനെ മറികടക്കുമെന്ന് തോന്നിച്ചിരുന്നെങ്കിലും ഇപ്പോൾ പോയിൻറ് നിലയിൽ ഏറെ താഴെക്ക് പോകുകയാണ്.
ചാനൽ മാനേജ്മെന്റിനെ ചുറ്റിപ്പറ്റി ഉയരുന്ന വിവാദങ്ങളാണ് എപ്പോഴും റിപ്പോർട്ടറിനെ പ്രതിസന്ധിയിലാക്കുന്നത്. ഇപ്പോൾ ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ ചാനൽ മാനേജ്മെന്റിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് രംഗത്തുണ്ട്.
എഡിറ്റോറിയൽ മേധാവികളുടെ ചർച്ചാ പരിപാടി ശോഭാ സുരേന്ദ്രന് മറുപടി നൽകുന്നതിനുള്ള വേദി ആക്കുകയാണ് മാനേജ്മെൻറ് ചെയ്തത്. മറുപടി പറയുന്ന രീതിയും ഭാഷയും വാർത്താ ചാനലുകളുടെ നിലവാരത്തിൽ നിന്നല്ല എന്ന വിമർശനവും റിപോർട്ടർ ടിവിക്ക് എതിരെയുണ്ട്.
മാനേജ്മെന്റിന്റെ മറുപടി കേട്ട് എഡിറ്റോറിയൽ മേധാവികൾ ഇരിക്കുന്ന കാഴ്ച വലിയതോതിൽ വിമർശനം ക്ഷണിച്ചുവരുത്തുന്നുമുണ്ട്. പോയിൻറ് നിലയിൽ വൻ ഇടിവുണ്ടായതിനെ തുടർന്ന് ഇത്തവണത്തെ റേറ്റിംഗ് പോയിന്റ് റിപ്പോർട്ടർ ടിവി പരസ്യത്തിന് ഉപയോഗപ്പെടുത്തിയിട്ടില്ല.
സാധാരണ എല്ലാ ആഴ്ചയും റേറ്റിംഗ് വരുമ്പോൾ പ്രമോഷണൽ വീഡിയോയും മറ്റുമായി വലിയ പരസ്യം നൽകുന്ന ശൈലിയാണ് റിപ്പോർട്ടർ സ്വീകരിച്ചു വരുന്നത്. 43 -ാം ആഴ്ചയിലെ റേറ്റിംഗ് വന്നപ്പോൾ അതുണ്ടായില്ല.
കഴിഞ്ഞ 3 മാസത്തെ റേറ്റിംഗ് പ്രവണത ശരിവച്ചു കൊണ്ട് 43-ാം ആഴ്ചയിലെ റേറ്റിങ്ങിലും മനോരമ ന്യൂസ് ആണ് നാലാം സ്ഥാനത്ത്. 56.7 പോയിൻറ് നേടിയാണ് മനോരമ നാലാം സ്ഥാനം നിലനിർത്തിയത്.
തൊട്ട് മുമ്പിലുള്ള വാരത്തിൽ മനോരമയ്ക്ക് 58 പോയിൻറ് ഉണ്ടായിരുന്നു. പതിവുപോലെ മാതൃഭൂമി ന്യൂസ് ആണ് അഞ്ചാം സ്ഥാനത്ത്. 42.3 പോയിന്റാണ് മാതൃഭൂമിക്ക് ലഭിച്ചത്.
മാതൃഭൂമിക്കും മുൻപത്തെ ആഴ്ചയിലേക്കാൾ പോയിൻറ് കുറഞ്ഞിട്ടുണ്ട്. 45 പോയിന്റിൽ നിന്നാണ് റേറ്റിംഗ് നടന്ന വാരത്തിൽ മാതൃഭൂമി 42 പോയിന്റിലേക്ക് എത്തിയത്.
സംഘപരിവാർ ബന്ധമുള്ള ജനം ടിവിയും സിപിഎം ചാനലായ കൈരളിയും ആറാം സ്ഥാനം പങ്കിട്ടു. ഇരു ചാനലുകൾക്കും 24 പോയിന്റ് വീതമാണ് ലഭിച്ചത്. 17 പോയിന്റുമായി ന്യൂസ് 18 കേരളം ഏഴാം സ്ഥാനത്തും 12 പോയിന്റുമായി മീഡിയാ വൺ എട്ടാം സ്ഥാനത്തും ഉണ്ട്.