/sathyam/media/media_files/2024/11/09/oB58oGnZGp1llgTtBKDK.jpg)
കോട്ടയം: വന്യജീവി ആക്രമണത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കു ലഭിക്കേണ്ടത് 10 ലക്ഷം രൂപ. പക്ഷേ, നഷ്ടപരിഹാര വിതരണത്തിന് അത്ര വേഗം പോര. ഒക്‌ടോബര്‍ വരെയുള്ള വനംവകുപ്പിന്റെ കണക്കുകള്‍ പ്രകാരം 2016നു ശേഷം സംസ്ഥാനത്തു വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുകയോ പരുക്കേല്‍ക്കുകയോ ചെയ്തവരില്‍ 3611 പേര്‍ക്കു നഷ്ടപരിഹാരം ലഭിച്ചിട്ടില്ല. കഴിഞ്ഞ ഒക്‌ടോബര്‍ വരെയുള്ള കണക്കുകളാണിത്.
കഴിഞ്ഞ എട്ടു വര്‍ഷത്തിനിടെ വന്യജീവി ആക്രമണത്തില്‍ സംസ്ഥാനത്തു ജീവഹാനി സംഭവിച്ചത് 920 പേര്‍ക്കാണെന്ന ഞെട്ടിപ്പിക്കുന്ന കണക്കാണു വനം വകുപ്പു നല്‍കുന്നത്.
കഴിഞ്ഞ ആറു മാസത്തിനിടെ മാത്രം സംസ്ഥാനത്തു റിപ്പോര്‍ട്ട് ചെയ്തത് 2772 മനുഷ്യവന്യമൃഗ ആക്രമണം നടന്നപ്പോള്‍ 24 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ഇതില്‍ കൂടുതലും പാമ്പുകടിയേറ്റാണ്. 14 പേരാണ് ഇങ്ങനെ മരിച്ചത്.
ആനയുടെ ആക്രമണത്തില്‍ നാലും കാട്ടുപന്നിയുടെ ആക്രമണത്തില്‍ മൂന്നും മുള്ളന്‍പന്നിയുടെ ആക്രമണത്തില്‍ ഒന്നും കടന്നല്‍ കുത്തേറ്റു രണ്ടു പേരും മരിച്ചതായി വനം വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കഴിഞ്ഞദിവസം മുണ്ടക്കയത്ത് കടന്നല്‍ കുത്തേറ്റ് 108 വയസുകാരിയും മകളും മരിച്ചതും വന്യജീവി ആക്രമണത്തിന്റെ പരിധിയില്‍ വരും.
കടന്നല്‍, തേനീച്ച എന്നിവ വന്യജീവികളുടെ പരിധിയില്‍പെടുന്നതാണെന്നും അതിനാല്‍ വന്യജീവി ആക്രമണത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തി മരിച്ചവരുടെ കുടുംബത്തിനു പത്തു ലക്ഷം രൂപ നഷ്ടപരിഹാരം ലഭിക്കാന്‍ അര്‍ഹതയുണ്ട്.
1980 ലെ വന്യമൃഗ ആക്രമണം സംബന്ധിച്ച നിയമത്തിലെ ചട്ടം 2 (എ) പ്രകാരം വനത്തിനുള്ളിലോ പുറത്തോ സംഭവിക്കുന്ന ആക്രമണത്തില്‍ ജീവഹാനി സംഭവിച്ചാല്‍ നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ട്.
വന്യജീവിമൂലമുണ്ടായ നാശനഷ്ടങ്ങള്‍ക്കായി രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം സംസ്ഥാനത്താകെ 26,796 അപേക്ഷയാണു ലഭിച്ചത്. ഏറ്റവും കൂടുതല്‍ അപേക്ഷകര്‍ വയനാട്ടിലാണ് 8580.
പക്ഷേ, നഷ്ടപരിഹാര വിതരണത്തില്‍ സര്‍ക്കാര്‍ ഏറെ പിന്നിലാണ്. സാമ്പത്തിക പ്രതിസന്ധി, സമര്‍പ്പിക്കുന്ന രേഖകളിലെ തെറ്റ് എന്നിവയാണു നഷ്ടപരിഹാരം വൈകുന്നതിനു കാരണമായി വനം വകുപ്പ് ചൂണ്ടിക്കാട്ടുന്നത്.
സര്‍ക്കാര്‍ ഇതുവരെ 42.71 കോടി രൂപ നഷ്ടപരിഹാരമായി വിതരണം ചെയ്തു. ഈ വര്‍ഷം ഒക്‌ടോബര്‍ വരെ വന്യജീവികളുണ്ടാക്കിയ കൃഷിനാശത്തിനു നഷ്ടപരിഹാരമായി ഒരു കോടി രൂപയും വിതരണം ചെയ്തിട്ടുണ്ട്.