/sathyam/media/media_files/2024/11/09/KE223IPaWxklFjKXNLjq.jpg)
ചങ്ങനാശേരി: കനത്ത മഴയ്ക്കു പിന്നാലെ 210 ഏക്കര്‍ വരുന്ന പാടശേഖരത്തില്‍ മട വീണു, രണ്ടു ദിവസത്തിനു ശേഷം വിത്തിറക്കാന്‍ തയാറായ കര്‍ഷകര്‍ ദുരിതത്തില്‍. വെള്ളിയാഴ്ച വൈകിട്ട് പെയ്ത കനത്ത മഴയെതുടര്‍ന്നു കൊല്ലാടും പായിപ്പാടും മട വീണതു കര്‍ഷകരെ ദുരിതത്തിലാക്കി. ഇന്നലെ ചങ്ങനാശേരി മേഖലയിലാണു കനത്ത മഴ പെയ്തിറങ്ങിയത്.
വിത്തിറക്കാന്‍ 2 ദിവസം നില്‍ക്കെയാണു കനത്ത മഴയെ തുടര്‍ന്നു കൊല്ലാട് കിഴക്കുപുറം വടക്കുപുറം പാടശേഖരത്തില്‍ മടവീണത്. 48 കര്‍ഷകര്‍ക്കായ് 20 ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായാണ് കർഷകർ പറയുന്നത്. കഴിഞ്ഞ ദിവസത്തെ മഴയില്‍ കൊടൂരാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നപ്പോഴാണ് മട വീണത്.
210 ഏക്കറിലും വിതയ്ക്കാനായി വിത്ത് എത്തിച്ചിരുന്നു. ഇന്നു വിതയ്ക്കാമെന്നാണു കര്‍ഷകര്‍ തീരുമാനിച്ചിരുന്നത്. പാടശേഖരത്തിലേക്കു കൊടുരാറ്റിലെ വെള്ളം അനിയന്ത്രിതമായി എത്താതിരിക്കാന്‍ 48 കര്‍ഷകര്‍ പിരിവിട്ട് 8 ലക്ഷം രൂപ മുടക്കി നിര്‍മിച്ച ബണ്ടാണു തകര്‍ന്നത്.
ഇനി ബണ്ടു പുനര്‍നിര്‍മിക്കണം. ഇതിനായി പണം കണ്ടെത്തുകയും വേണം. ഈ മാസം തന്നെ കൃഷിയിറക്കിയില്ലെങ്കില്‍ കര്‍ഷകര്‍ പ്രതിസന്ധിയിലാകും.
പായിപ്പാട് രണ്ടാം വാര്‍ഡിലെ തെറ്റിച്ചാല്‍ക്കോടി പാടശേഖരത്ത് ബണ്ട് പൊട്ടിയാണു മട വീണത്. ലക്ഷക്കണക്കിനു രൂപയുടെ നാശമുണ്ടായെന്നു കര്‍ഷകര്‍ പറഞ്ഞു. 40 മീറ്റര്‍ ബണ്ട് തകര്‍ന്നാണു മട വീണത്. ബാക്കി 140 മീറ്റര്‍ ബണ്ടും അപകടഭീഷണിയിലാണെന്നു കര്‍ഷകര്‍ പറയുന്നു.