/sathyam/media/media_files/2024/11/11/xMKxAlxtVaK7GLzlEzys.jpg)
കോട്ടയം: ലഹരികൂട്ടാന്‍ ശസ്ത്രക്രിയയ്ക്കിടെ രോഗികള്‍ക്ക് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാന്‍ ഉപയോഗിക്കുന്ന ഉത്തേജക മരുന്ന്. വിറ്റിരുന്നത് ജിമ്മന്‍മാര്‍ക്കും കായിക താരങ്ങള്‍ക്കും. അതിരമ്പുഴയില്‍ ഏറ്റുമാനൂരില്‍ പോലീസ് നടത്തിയ ലഹരിമരുന്ന് വേട്ടയില്‍ വന്‍ മരുന്നു ശേഖരം പിടികൂടി.
അതിരമ്പുഴയില്‍ വാടകയ്ക്ക് താമസിക്കുന്ന ആലപ്പുഴ രാമങ്കരി മഠത്തില്‍ പറമ്പില്‍ സന്തോഷ് (32) നെയാണ് ജില്ലാ പോലീസ് മേധാവി ഷാഹുല്‍ ഹമീദിന്റെ നേതൃത്വത്തില്‍ ഏറ്റുമാനൂര്‍ എസ്.എച്ച്.ഒ എ.എസ് അന്‍സിലിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ജിമ്മന്‍മാരും കായിക താരങ്ങള്‍ക്കും ഉത്തേജനം കിട്ടാന്‍ ഉപയോഗിച്ചിരുന്ന പത്ത് മില്ലിയുടെ 250 കുപ്പി ലഹരി മരുന്നാണു പിടിച്ചെടുത്തത്.
ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തിലുള്ള ലഹരി മരുന്ന് പിടികൂടുന്നത്. ഏറ്റുമാനൂര്‍ പോലീസ് കഴിഞ്ഞദിവസം നഗരത്തില്‍ പരിശോധന നടത്തുന്നതിനിടെ സന്തോഷില്‍ നിന്നും ചെറിയ അളവില്‍ കഞ്ചാവ് പിടിച്ചെടുത്തിരുന്നു.
ഇതുമായി ബന്ധപ്പെട്ട് സന്തോഷിന്റെ വാഹനം പരിശോധിക്കുന്നതിനിടെയാണ് ഇയാളുടെ വാഹനത്തിന്റെ ഡിക്കിയില്‍ നിന്നും ലഹരിക്ക് ഉപയോഗിക്കുന്ന മരുന്നുകള്‍ വ്യാപകമായി കണ്ടെടുത്തത്.
ഇതേ തുടര്‍ന്നു ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരെ വിവരമറിയിച്ചു. ഡ്രഗ് ഇന്‍സ്‌പെക്ടര്‍മാരായ താരാ എസ്.പിള്ള, ജമീല ഹെലന്‍ ജേക്കബ്, ബബിത കെ.വാഴയില്‍ എന്നിവര്‍ നടത്തിയ പരിശോധനയിലാണ് വീര്യം കൂടിയ ലഹരി മരുന്നാണ് പ്രതി കടത്തിക്കൊണ്ടുവന്നതെന്ന് കണ്ടെത്തിയത്.
കോട്ടയം ജില്ലയിലെ വിവിധ ഗ്രാമീണ മേഖലയില്‍ ഡ്രക്‌സ് കണ്‍ട്രോളര്‍ വിഭാഗം ഡോക്ടര്‍മാരുടെ കുറിപ്പ് ഉണ്ടെങ്കില്‍ മാത്രം വിതരണം അനുവദിച്ചിട്ടുള്ള ലഹരി ഉത്തേജക വിഭാഗത്തില്‍ പെടുന്ന മരുന്നുകളുടെ ഉപയോഗം കഴിഞ്ഞ് ഉപേക്ഷിച്ച മരുന്നു കുപ്പികള്‍ വഴിയോരങ്ങളില്‍ നിന്നും ലഭിക്കുന്നത് 'സത്യം ഓണ്‍ലൈന്‍' റിപ്പോര്‍ട്ടു ചെയ്തിരുന്നു.
ജില്ലയിലെ പാലാ, കുറവിലങ്ങാട്, കടുത്തുരുത്തി, ഉഴവുര്‍, രാമപുരം മേഖലയില്‍ നിന്നാണ് മരുന്നു കുപ്പികള്‍ കണ്ടെത്തിയത്. വിപണിയില്‍ 150 രൂപ മുതല്‍ 450 രൂപ വരെ വിലയുള്ള ലഹരി ഉത്തേജക വിഭാഗത്തില്‍ പെടുന്ന മരുന്നിന്റെ കുപ്പികളാണ് കണ്ടെത്തിയത്. ഇതോടെ ജില്ലയിലെ ലഹരി ഉത്തേജക മാഫിയ സംഘത്തിന് എതിരേ അന്വേഷണവും നിയമനടപടിയും വേണമെന്ന ആവശ്യം ശകതമായിരുന്നു.
ശസ്ത്രക്രിയയ്ക്കിടെ രോഗികള്‍ക്കു രക്തസമ്മര്‍ദം കുറഞ്ഞാല്‍, നിയന്ത്രിക്കുന്നതിനുവേണ്ടി നല്‍കുന്ന മരുന്നാണ ഇപ്പോള്‍ പിടികൂടിയത്. ഓണ്‍ലൈനില്‍ നിന്നും വാങ്ങുന്ന മരുന്നാണു പ്രതി ജില്ലയില്‍ വ്യാപകമായി വിതരണം ചെയ്തിരുന്നത്.
ജില്ലയിലെ ജിമ്മുകളിലും, വടംവലി അടക്കമുള്ള കായിക മത്സരങ്ങളില്‍ പങ്കെടുക്കുന്നവര്‍ക്കും വ്യാപകമായി പ്രതി മരുന്നു വിതരണം ചെയ്തിരുന്നതായും പോലീസ് പറയുന്നു. കോട്ടയം ഡിവൈ.എസ്.പി കെ.ജി അനീഷ്, എസ്.ഐ എ.എസ് അഖില്‍ ദേവ് , സിവില്‍ പൊലീസ് ഓഫിസര്‍ ധനേഷ്, അജിത്, സുനില്‍, വനിത എ.എസ്.ഐ ജിഷ എന്നിവരും സംഘത്തിലുണ്ടായിരുന്നു.