/sathyam/media/media_files/2024/11/14/y4IdXeGjh5BZxJvuSwzl.jpg)
കോട്ടയം: വഖഫ് വിഷയം കൊഴുപ്പിച്ചു ബി.ജെ.പി, മൃദുസമീപനം തുടര്‍ന്നു സി.പി.എം പ്രതിരോധത്തില്‍. ഇടപെട്ട് വഷളാക്കേണ്ടന്ന തീരുമാനത്തിലേക്കു കോണ്‍ഗ്രസ്. നിലവിലെ ഉടമസ്ഥരെ കൈയേറ്റക്കാരായി ചിത്രീകരിച്ചു ഭൂമി പിടിച്ചെടുക്കാനുള്ള വഖഫ് ബോര്‍ഡിന്റെ നീക്കങ്ങള്‍ക്കു തിരിച്ചടിയായി ഹൈക്കോടതി വിധി മാറിയിരുന്നു.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ ഭൂമി കൈവശം വച്ചാല്‍ കൈയേറ്റക്കാരായി കാണാമെന്നും രണ്ടു വര്‍ഷം വരെ തടവിനു ശിക്ഷിക്കാമെന്നും വ്യവസ്ഥ ചെയ്യുന്ന 2013ലെ വകുപ്പ് 52 എ ഭേദഗതിക്കു മുന്‍കാല പ്രാബല്യമില്ലെന്നു ജസ്റ്റിസ് പി.വി.കുഞ്ഞികൃഷ്ണന്റെ സിംഗിള്‍ ബെഞ്ച് വ്യക്തമാക്കിയിരുന്നു.
ഇതോടെ മുനമ്പത്തെ വഖഫ് തര്‍ക്കം നിലവിലെ അവകാശികള്‍ക്ക് അനുകൂലമായി പരിഹരിക്കാന്‍ വിധി പിടിവള്ളിയാവുമെന്ന വിലയിരുത്തലുകളാണുള്ളത്. സംസ്ഥാന സര്‍ക്കാരാകട്ടേ ജനങ്ങളുടെ വിഷയത്തില്‍ മെല്ലേപ്പോക്കു തുടരുകയാണ്.
സംസ്ഥാന സര്‍ക്കാരിനു മുന്നില്‍ ഇനിയുള്ള വഴികള്‍ പാട്ടം റദ്ദാക്കുകയും ഭൂമി ഏറ്റെടുത്തു കൈവശക്കാര്‍ക്കു പതിച്ചു നല്‍കുകയാണ്. പക്ഷേ, ഈ നിലപാട് സ്വീകരിച്ചാൽ കേസുകള്‍ വരാം. വ്യവഹാരം വർഷങ്ങളോളം നീളാം.
മുസ്ലിം സംഘടനകളുടെ എതിര്‍പ്പുണ്ടാകുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ എന്തു നിലപാട് സ്വീകരിക്കുമെന്നു കാത്തിരുന്നു കാണേണ്ടതാണ്. വഖഫ് ബോര്‍ഡിനു പകരം ഭൂമിയോ പണമോ നല്‍കി മുനമ്പം ഭൂമി ഏറ്റെടുത്തു കൈവശക്കാര്‍ക്കു നല്‍കാം. അതിലും എതിര്‍പ്പും കേസുകളും ഉറപ്പ്. ഇതു എല്‍.ഡി.എഫിന് കനത്ത രാഷ്ട്രീയ തിരച്ചടിയുമുണ്ടാക്കാം.
വഖഫ് ഭൂമിയാണെന്ന തീരുമാനം വഖഫ് ബോര്‍ഡിനെക്കൊണ്ടു റദ്ദാക്കിക്കുകയാണ് ലളിതമായ മാര്‍ഗം. ഇതു നടപ്പായാൽ ഉടമകള്‍ക്കു കരം അടയ്ക്കാനുമാകും. എന്നാല്‍, തീവ്രമുസ്ലിം സംഘടനകളുടെയും വഖഫ് സംരക്ഷണ സമിതിയുടെയും എതിര്‍പ്പു സര്‍ക്കാരിനു നേരെ ഉണ്ടാകും.
1923ലാണു വഖഫ് സ്വത്തുക്കളുടെ സംരക്ഷത്തിന് ആദ്യ വഖഫ് നിയമം ബ്രിട്ടീഷ് സര്‍ക്കാര്‍ കൊണ്ടുവന്നത്. 1954ല്‍ കേന്ദ്രസര്‍ക്കാര്‍ പുതിയ വഖഫ് നിയമം നടപ്പാക്കി. 1995ല്‍ കൂടുതല്‍ അധികാരങ്ങളോടെ പുതിയ നിയമം കൊണ്ടുവന്നു.
കേന്ദ്ര വഖഫ് കൗണ്‍സിലും, സംസ്ഥാന വഖഫ് ബോര്‍ഡുകളും രൂപീകരിക്കപ്പെട്ടു. ദീര്‍ഘനാളായി മതാനുഷ്ഠാനങ്ങള്‍ക്ക് ഉപയോഗിക്കുന്ന ഇടങ്ങളും മറ്റും വഖഫ് ആയി പ്രഖ്യാപിക്കാന്‍ ബോര്‍ഡിനു നിയമം അധികാരം നല്‍കുന്നുണ്ട്.
സര്‍ക്കാരാണു ബോര്‍ഡ് ചെയര്‍മാനെയും അംഗങ്ങളെയും നിയമിക്കുക. ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറെ നിയമിച്ചു സര്‍ക്കാരിനു നേരിട്ടും ഭരിക്കാം. 1995 ല്‍ കേരള വഖഫ് ബോര്‍ഡ് രൂപീകരിക്കപ്പെട്ടു.
ഇതിനിടെ 2013ല്‍ നിയമം പരിഷ്‌കരിച്ചു കൂടുതല്‍ അധികാരങ്ങള്‍ നല്‍കി. ഇതിലെ വകുപ്പ് 52 എ ഭേദഗതിക്കാണു മുന്‍കാല പ്രാബല്യമില്ലെന്നു കഴിഞ്ഞ ദിവസം കോടിതി വിധിച്ചത്.
വഖഫ് നിയമം സംസ്ഥാനത്തെ ഇടതു വലതുമുന്നണികളെ വെട്ടിലാക്കി. മുനമ്പത്തെയും മറ്റു സ്ഥലങ്ങളിലെ പ്രതിഷേധക്കാര്‍ക്കു ഒപ്പം മുന്‍ നിരയിലേക്കു ബി.ജെ.പി കേന്ദ്ര നേതൃത്വം തന്നെ എത്തിയതോടെ കടുത്ത പ്രതിരോധത്തിലാണ് ഇരു മുന്നണികളും. ഇന്നു മുനമ്പം സമരപന്തലിലെത്തിയ കേന്ദ്രമന്ത്രി വഖഫ് ഭീഷണി നേരിടുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ഐകൃദാര്‍ഡ്യം പ്രഖ്യാപിക്കുകയും ചെയ്തു.
ലോക്‌സഭയില്‍ വഖഫ് ഭേദഗതി പാസാകുന്നതോടെ മുനമ്പം പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. മുനമ്പം സമരപന്തലിലെത്തിയ ശോഭ കരന്തലജെ വഖഫ് ഭീഷണി നേരിടുന്ന കുടുംബങ്ങളുമായി സംസാരിച്ചു.
കേരളത്തിലെ മന്ത്രിമാര്‍ എന്തുകൊണ്ട് മുനമ്പം നിവാസികളുടെ കണ്ണീര് കാണുന്നില്ലെന്നും അവര്‍ ചോദിച്ചു. വിഭജനത്തെ തുടര്‍ന്നു പാക്കിസ്ഥാനിലേക്കു പോയവരുടെ ഭൂമി എങ്ങനെയാണു വഖഫിലെത്തിയതെന്നും ശോഭ ചോദിച്ചു.
അതേസമയം, എല്‍.ഡി.എഫ്- യു.ഡി.എഫ് മുന്നണികള്‍ക്ക് ഇവിടെ പിന്തുണയുമായി എത്തിയലും കേന്ദ്രത്തില്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഭേതഗതി ബില്ലിനെ എതിര്‍ക്കേണ്ടിവരും. ഇതു കൂടുതല്‍ വിവാദങ്ങള്‍ക്കു വഴിവെക്കുമെന്നതിനാല്‍ കയിച്ചിട്ടു ഇറക്കാനും മേല മധുരിച്ചിട്ടു തുപ്പാനും വയ്യാത്ത അവസ്ഥയിലാണ് ഇരു മുന്നണികളും.
ഇപ്പോള്‍ തന്നെ ബില്ലിനെ എതിര്‍ക്കുന്ന പ്രമേയത്തെ അനുകൂലിച്ച് 140 എം.എല്‍.എമാരും കേരള നിയമസഭയില്‍ വോട്ടു ചെയ്ത ശേഷം, മുനമ്പത്തെ വേളാങ്കണ്ണി പള്ളിമുറ്റത്തെ സമരപ്പന്തലില്‍ പോയി സമരക്കാര്‍ക്കൊപ്പമാണെന്നു പറയേണ്ട ഗതികേടിലാണ് ഇരു മുന്നണി നേതാക്കളുമെന്നു ബി.ജെ.പിക്കൊപ്പം പ്രതിഷേധക്കാരും പറയുന്നുണ്ട്.
ഈ പ്രശ്‌നത്തില്‍ ഇപ്പോള്‍ ലാഭം കൊയ്യുന്നു ബി.ജെ.പിയാണ്. ക്രൈസ്തവ വികാരം ബി.ജെ.പിക്ക് അനുകൂലമാകുന്ന സ്ഥിതിയിലായി കാര്യങ്ങള്‍. എങ്ങനെ തലയൂരാമെന്ന ആലോചനയിലാണു സംസ്ഥാന സര്‍ക്കാര്‍. മുസ്ലിം ലീഗും പ്രമുഖ മുസ്ലിം സംഘടനകളും തുടക്കത്തിലെ എതിര്‍പ്പുകള്‍ മാറ്റിവെച്ചു ഇപ്പോള്‍ സമവായ പാതയിലേക്കെത്തിയെങ്കിലും ഒത്തുതീര്‍പ്പ് ഫോർമുലയിലേക്ക് എത്താനുമായിട്ടില്ല.