/sathyam/media/media_files/2024/11/16/enTYTV7oi1F9J1WJj1lB.jpg)
ഏറ്റുമാനൂര്‍: ശബരിമല തീര്‍ഥാടകര്‍ക്കായി അനുവദിച്ച സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് ഏറ്റുമാനൂരില്‍ സ്‌റ്റോപ്പ്. ശബിരമി തീര്‍ഥാടത്തിലെ പ്രധാന ഇടത്താവളമാണ് ഏറ്റുമാനൂര്‍ മാഹാദേവ ക്ഷേത്രം. അയല്‍ സംസ്ഥാനങ്ങളില്‍ നിന്നുപോലും ഭക്തര്‍ ഏറ്റുമാനൂരപ്പനെ തൊഴുത ശേഷമേ ശബരിമല ദര്‍ശനം നടത്താറുള്ളൂ.
കൂടുതല്‍ തീര്‍ഥാടകര്‍ മഹാദേവ ക്ഷേത്രം സന്ദര്‍ശിക്കുന്നതിനുള്ള സാധ്യതയും തെളിയും. ദര്‍ശനം നടത്തുന്നതിന് എത്തിച്ചേരുന്ന അയ്യപ്പന്മാര്‍ക്ക് സഹായകമായ തരത്തിലുള്ള സൗകര്യങ്ങളും സജ്ജമാണ്.
തെക്കന്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ ഭക്തജനങ്ങള്‍ എത്തുന്ന ക്ഷേത്രമാണ് മഹാദേവ ക്ഷേത്രം. ശബരിമല തീര്‍ഥാടനവേളയില്‍ തമിഴ്‌നാട്, ആന്ധ്ര, കര്‍ണാടകം, കേരളം എന്നിവിടങ്ങളിലെ ഈശ്വര വിശ്വാസികളുടെ പ്രധാന ഇടത്താവളം കൂടിയാണ്.
കേരളത്തിനകത്തും പുറത്തും നിന്നുമായി ആയിരക്കണക്കിന് തീര്‍ഥാടകരാണ് ദിവസേന ഏറ്റുമാനൂര്‍ ക്ഷേത്രത്തില്‍ വന്ന് പോകുക. തീര്‍ഥാടകര്‍ക്കായി അധുനിക രീതിയില്‍ നിര്‍മിച്ച ശൗചാലയങ്ങള്‍ സജ്ജമാണ്.
24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പോലീസ് എയ്ഡ് പോസ്റ്റ്, ആരോഗ്യ വകുപ്പിലെ ഹോമിയോ, ആയുര്‍വേദ, അലോപ്പതി സഹായകേന്ദ്രം, ആംബുലന്‍സ് സംവിധാനം, ദേവസ്വം ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ അന്നദാനം എന്നിവ ഉണ്ടായിരിക്കും. കെ.എസ്.ആര്‍.ടി.സി ഇക്കുറിയും ക്ഷേത്ര മൈതാനത്തു നിന്നു എരുമേലി വഴി പമ്പ സര്‍വീസും നടത്തും.
തീര്‍ഥാടന കാലം ആരംഭിക്കുന്നതിനു മുന്നോടിയായി കൂടുതല്‍ ട്രെയിനുകള്‍ക്കു സ്‌റ്റേപ്പ് അനുവധിക്കണമെന്ന ആവശ്യം ശക്തമായിരുന്നു. കഴിഞ്ഞ വര്‍ഷം ഒരു സ്‌പെഷല്‍ ട്രെയിനിനു മാത്രമായിരുന്നു ഏറ്റുമാനൂരില്‍ സ്റ്റോപ്പ് ഉണ്ടായിരുന്നത്.
ശബരിമല തീര്‍ഥാടകര്‍ക്ക് പ്രധാന ഇടത്താവളമായ ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രത്തിലെത്തുന്നതിന് ഇതോടെ സൗകര്യമാകും. ഇത്രയേറെ സ്‌പെഷല്‍ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് ലഭിച്ചത് വര്‍ഷങ്ങളായി ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ചില റെഗുലര്‍ സര്‍വീസുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചു കിട്ടുന്നതിനുള്ള സാധ്യത വര്‍ധിപ്പിക്കും.