/sathyam/media/media_files/2024/11/16/0iL02LE9WMIzu4zdLwSZ.jpg)
കോട്ടയം: കുറുവ സംഘത്തെ ഭയന്ന് ആലപ്പുഴ, ജാഗ്രത ഇങ്ങു കോട്ടയത്തും. ആലപ്പുഴ മണ്ണഞ്ചേരിയില്‍ ഒക്ടോബര്‍ 30നാണ് കുറുവ സംഘത്തിന്റേതിന് സമാനമായ മോഷണം ആദ്യമായി അരങ്ങേറിയത്. വീടിന്റെ അടുക്കള വാതില്‍ തുറന്ന ശേഷം ഉറങ്ങിക്കിടക്കുന്ന സ്ത്രീയുടെ മാല കവരുകയായിരുന്നു.
പരാതിയിന്മേല്‍ പോലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി ശേഖരിച്ച സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് മോഷ്ടാക്കള്‍ കുറുവ സംഘമാണെന്ന സംശയം ഉടലടുത്തത്.
അര്‍ധനഗ്‌നരായ നിലയായിരുന്ന മോഷ്ടാക്കള്‍, മുഖം മറച്ചും ശരീരമാസകലം ഓയില്‍ പുരട്ടിയ നിലയിലുമായിരുന്നു.
രണ്ടാഴ്ചയ്ക്ക് ശേഷം, മണ്ണഞ്ചേരിയിലെ രണ്ട് വാര്‍ഡുകളിലെ നാലു വീടുകളിലും മോഷണം നടന്നു. ഇതിനു പിന്നാലെ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു തമിഴ്‌നാട്ടിലേക്കടക്കം അന്വേഷണം വ്യാപിപ്പിച്ചെങ്കിലും കാര്യമായ പുരോഗതി ഉണ്ടായില്ല. ഇതിന് ശേഷമാണ് പുന്നപ്രയിലെ പറവൂര്‍ തൂക്കുകുളത്തുള്ള വീട്ടില്‍ ഇക്കഴിഞ്ഞ ദിവസം മോഷണം നടന്നത്.
അടുക്കള വാതിലിന്റെ കൊളുത്ത് തകര്‍ത്ത് അകത്തുകയറിയ മോഷ്ടാവ് ഉറങ്ങിക്കിടന്ന അമ്മയുടെയും കുഞ്ഞിന്റെയും സ്വര്‍ണമാലയാണ് കവര്‍ന്നത്. ഇതില്‍ മോഷ്ടാക്കില്‍ ഒരാളുടെ മുഖത്ത് പരുക്കേറ്റിരുന്നു. ഇതു കേന്ദ്രീകരിച്ചും പോലീസ് അന്വേണം നടത്തുണ്ട്.
ഒന്നര വര്‍ഷം മുന്‍പും ആലപ്പുഴയില്‍ കുറുവ സംഘം എന്ന സംശയിക്കുന്ന മോഷ്ടാക്കള്‍ എത്തിയിരുന്നു. വിവിധയിടങ്ങളില്‍ മോഷണം നടന്നെങ്കിലും മോഷ്ടാക്കളെ പിടികൂടാന്‍ പോലീസിന് സാധിച്ചിരുന്നില്ല.
കുറുവാ സംഘം കോട്ടയത്ത് എത്തിയത് 2021 നവംബറിലാണ്. അതിരമ്പുഴ പഞ്ചായത്തില്‍ പുലര്‍ച്ചെ 2 മണിക്ക് അടിവസ്ത്രം മാത്രം ധരിച്ച് മാരകായുധങ്ങളുമായി മൂന്ന് പേര്‍ സഞ്ചരിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിച്ചതോടെയാണ് കുറുവ എന്ന പേരിലുള്ള സംഘം ആദ്യമായി സംസ്ഥാനത്ത് എത്തിയെന്ന അഭ്യൂഹം ഉണ്ടായത്.
ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ഈ മേഖലയില്‍ ഭീതി പരത്തുകയും ചെയ്തു. തുടര്‍ന്ന് അതിരമ്പുഴ പഞ്ചായത്തിലെ അഞ്ച്, ആറ്, ഏഴ് വാര്‍ഡുകള്‍ ഉള്‍പ്പെടുന്ന തൃക്കേല്‍, മനയ്ക്കപ്പാടം പ്രദേശങ്ങളില്‍ അജ്ഞാത സംഘം എത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. മേഖലയിലെ അഞ്ച് വീടുകള്‍ കുത്തിത്തുറക്കാന്‍ ശ്രമിച്ചതായും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
നേരത്തെ അതിരമ്പുഴയിലെ സിസിടിവി ദൃശ്യങ്ങളില്‍ കണ്ടതുപോലെ മൂന്നു പേരുടെ ദൃശ്യങ്ങള്‍ തലയോലപ്പറമ്പ് ഭാഗത്തെ സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞതോടെ കുറുവ സംഘം കോട്ടയത്ത് എത്തിയെന്ന ആശങ്ക വ്യാപകമായി. എന്നാല്‍, കുറുവ സംഘം എത്തിയെന്നതു സ്ഥിരീകരിക്കാനായിട്ടില്ലെന്നായിരുന്നു അന്ന് അന്വേഷണം നടത്തിയ പോലീസിൻ്റെ കണ്ടെത്തല്‍.
പക്ഷേ, രാത്രികാലങ്ങളില്‍ ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പോലീസ് നിര്‍ദേശിക്കുകയും ചെയ്തിരുന്നു. പിന്നാലെ രാത്രികാല പട്രോളിങ് നടത്തുന്നതിനായി പ്രദേശവാസികള്‍ ചെറുസംഘങ്ങളുംരൂപീകരിച്ചു തെരച്ചില്‍ നടത്തിയെങ്കിലും കുറുവാ സംഘത്തെ കണ്ടെത്താനായില്ല.