Advertisment

രാജ്യത്തെ ആദ്യ ഭാഷാ മ്യൂസിയം,  'അക്ഷരം'മുഖ്യമന്ത്രി 26ന് നാടിനു സമർപ്പിക്കും

New Update
aksharam

കോട്ടയം: സംസ്ഥാന സഹകരണ വകുപ്പ് നിർമിച്ച ഇന്ത്യയിലെ ആദ്യത്തെ ഭാഷാ-സാഹിത്യ-സാംസ്‌കാരിക മ്യൂസിയമായ 'അക്ഷരം' നവംബർ 26ന് (ചൊവ്വാഴ്ച) ഉച്ചകഴിഞ്ഞു മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കോട്ടയം നാട്ടകം ഇന്ത്യാപ്രസ് പുരയിടത്തിൽ നടക്കുന്ന ചടങ്ങിൽ അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ പ്രഖ്യാപനവും മുഖ്യമന്ത്രി നിർവഹിക്കും. 

Advertisment

സഹകരണവകുപ്പും സാഹിത്യപ്രവർത്തക സഹകരണസംഘവും സംയുക്തമായി ഏർപ്പെടുത്തിയ അഞ്ചാമത് അക്ഷരപുരസ്‌കാരം എം. മുകുന്ദന് മുഖ്യമന്ത്രി സമർപ്പിക്കും. തുറമുഖം-സഹകരണം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാഹിത്യപ്രവർത്തക സഹകരണസംഘം പ്രസിഡന്റ് അഡ്വ. പി. കെ. ഹരികുമാർ ആമുഖപ്രഭാഷണം നടത്തും. സഹകരണസംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു റിപ്പോർട്ട് അവതരിപ്പിക്കും.

സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ്, ജോസ് കെ. മാണി എം.പി., അഡ്വ. ഫ്രാൻസിസ് ജോർജ് എം.പി., തിരുവഞ്ചുർ രാധാകൃഷ്ണൻ എം.എൽ.എ., ജസ്റ്റീസ് കെ.ടി. തോമസ്, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു, ജില്ലാ കളക്ടർ ജോൺ വി. സാമുവൽ, കോട്ടയം നഗരസഭാധ്യക്ഷ ബിൻസി സെബാസ്റ്റ്യൻ, ടി. പദ്മനാഭൻ, എം. കെ. സാനു, എം. മുകുന്ദൻ, എൻ.എസ്. മാധവൻ, വി. മധുസൂദനൻ നായർ, ഏഴാച്ചേരി രാമചന്ദ്രൻ, ഡോ. എം. ആർ. രാഘവവാരിയർ, തോമസ് ജേക്കബ്, മുരുകൻ കാട്ടാക്കട, ഡോ. റിച്ച നെഗി, മൗമിത ധർ, മിനി ആന്റണി, ഡോ. വീണ എൻ. മാധവൻ, മാമ്മൻ മാത്യു, ഫാ. ജോർജ് കുടിലിൽ, പി. കെ. ജയചന്ദ്രൻ, എം.എസ്. ഷെറിൻ, ജോസ് പനച്ചിപ്പുറം, യു. കെ. കുമാരൻ, എസ്. ഹരീഷ്, സി. പി. അബുബക്കർ, പി. കെ. പാറക്കടവ്, ഡോ. എം. സത്യൻ, ഫാ. എമിൽ പുലിക്കാട്ടിൽ, ഫാ. കുര്യൻ ചാലങ്ങാടി, എ.വി. റസൽ, അഡ്വ. വി. ബി. ബിനു, ബി. ശശികുമാർ, പി. ആർ. ഹരിലാൽ, പിവികെ പനയാൽ, നഗരസഭാംഗങ്ങളായ എബി കുന്നേപറമ്പിൽ, എൻ. ജി. ദീപമോൾ എന്നിവർ പങ്കെടുക്കും.

നാട്ടകം മറിയപ്പള്ളിയിൽ സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് 15,000 ചതുരശ്രയടിയിൽ അക്ഷരം മ്യൂസിയം നിർമിച്ചിരിക്കുന്നത്.

നാലു ഘട്ടങ്ങളിലായി പൂർത്തിയാക്കുന്ന മ്യൂസിയത്തിന്റെ ആദ്യഘട്ടമാണ് നിലവിൽ പൂർത്തീകരിച്ചിരിക്കുന്നത്. ഭാഷയുടെ ഉൽപത്തി മുതൽ മലയാളഭാഷയുടെ സമകാലികമുഖംവരെ അടയാളപ്പെടുത്തുന്ന ഗാലറികളുണ്ടാകും. വരമൊഴിയായും ഗുഹാവരകളായും ചിത്രലിപികളായും പരിണമിച്ച ഭാഷയുടെ വ്യത്യസ്തതലങ്ങളെ അടയാളപ്പെടുത്തുന്നതാണ് ഒന്നാം ഗാലറി. 

ഇന്ത്യൻ ലിപിസമ്പ്രദായങ്ങളുടെ സമഗ്രചരിത്രങ്ങൾ വിശദീകരിക്കുന്നതാണ് രണ്ടാം ഗാലറി. ആധുനികതയുടെ കടന്നുവരവിനുശേഷമുള്ള അച്ചടി മുതൽ യൂണികോഡ് വരെയുള്ള ലിപിവിന്യാസത്തിന്റെ ചരിത്രമാണ് മൂന്നാംഗാലറിയിൽ. സാഹിത്യപ്രവർത്തക സഹകരണസംഘത്തെയും സഹകരണ പ്രസ്ഥാനത്തെയും കുറിക്കുന്ന വിവരങ്ങളാണ് നാലാം ഗാലറിയിൽ. 

കേരളത്തിലെ സാക്ഷാരതാപ്രവർത്തനങ്ങളെക്കുറിച്ചും ദ്രാവിഡഭാഷകളെക്കുറിച്ചും  കേരളത്തിലെ 36 ഗോത്രഭാഷകളുടെ വിഡീയോ, ഓഡിയോ ഉള്ളടക്കവും മ്യൂസിയത്തിൽ സജ്ജീകരിച്ചിരിക്കുന്നു. ആറായിരത്തോളം ലോകഭാഷകളുടെ പ്രദർശനം, അത്യാധുനികരീതിയിലുള്ള തിയേറ്റർ സംവിധാനം ഹോളോഗ്രാം പ്രൊജക്ഷൻ എന്നിവയും മ്യൂസിയത്തിനുള്ളിൽ സജ്ജീകരിച്ചിട്ടുണ്ട്.

കോട്ടയത്തെ പ്രധാന സാംസ്‌കാരിക-ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധിപ്പിച്ചുകൊണ്ടുള്ള അക്ഷര ടൂറിസം സർക്യൂട്ടും മ്യൂസിയത്തിന്റെ ഭാഗമായി ഉൾക്കൊള്ളിച്ചിട്ടുണ്ട്. മ്യൂസിയത്തിന്റെ ഭാഗമായി കോട്ടയത്തെ പ്രധാന സാംസ്‌കാരിക ചരിത്ര-പൈതൃകകേന്ദ്രങ്ങളെ ബന്ധപ്പെടുത്തിയാണു സർക്യൂട്ട് പദ്ധതി നടപ്പാക്കുക.

ഇന്ത്യയിലെ ആദ്യത്തെ കോളേജായ സി.എം.എസ്, മലയാളം അച്ചടി ആരംഭിച്ച കോട്ടയം സി.എം.എസ്. പ്രസ്, ആദ്യകാലപത്രസ്ഥാപനമായ ദീപിക, പാഹ്‌ലവി ഭാഷയിലുള്ള ലിഖിതം കൊത്തിവെച്ച പാഹ്‌ലവി കുരിശുള്ള കോട്ടയം വലിയപള്ളി, താളിയോലകളും ഗ്രന്ഥങ്ങളും സൂക്ഷിച്ചിരിക്കുന്ന കുമാരനെല്ലൂർ ദേവീക്ഷേത്രം, ചരിത്ര-സാംസ്‌കാരിക പ്രാധാന്യം വിളിച്ചോതുന്ന രേഖകൾ സൂക്ഷിച്ചിരിക്കുന്ന ദേവലോകം അരമന, ചുവർചിത്രങ്ങളുള്ള ചെറിയപള്ളി, തിരുനക്കര ക്ഷേത്രം, കുരുന്നുകൾ ആദ്യക്ഷരം കുറിക്കുന്ന പനച്ചിക്കാട് ദേവീക്ഷേത്രം, കൊട്ടാരത്തിൽ ശങ്കുണ്ണി സ്മാരകം, താഴത്തങ്ങാടി ജുമാ മസ്ജിദ്, ആദ്യകാല പ്രസുകളിലൊന്നായ മാന്നാനം സെന്റ് ജോസഫ് പ്രസ് എന്നിവയാണ് അക്ഷര ടൂറിസം സർക്യൂട്ട് പദ്ധതിയുടെ ആദ്യഘട്ടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

Advertisment