Advertisment

തെരുവുനായ ശല്യത്തില്‍ വലഞ്ഞു പാലാ നഗരവാസികള്‍. പ്രശ്‌നപരിഹാരം ഉണ്ടായില്ലെങ്കില്‍ നഗരസഭാ ഓഫീസിനു മുന്നില്‍ 'ബൗ ബൗ' സമരം ! അധ്യക്ഷനു തീരുമാനമെടുക്കാന്‍ രണ്ടു ദിവസം നല്‍കി വികസന ജനകീയ സമിതി

ടൗണ്‍ ബസ് സ്റ്റാന്‍ഡ്, റിവര്‍വ്യൂ റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ടിബി റോഡ്, ചെത്തിമറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ വരെ തെരുവു നായ്ക്കള്‍ താവളമാക്കിയിരിക്കുകയാണ്.

New Update
street dogs1

പാലാ: പാലാ നഗരത്തിലും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായിട്ടും അധികൃതര്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധിച്ചു നഗരസഭാ ഓഫീസിനു മുന്നില്‍ കുട്ടികളെ ഉള്‍പ്പടെ പങ്കെടുപ്പിച്ചു കൊണ്ട് 'ബൗ ബൗ' സമരം നടത്താന്‍ പാലാ മുനിസിപ്പല്‍ വികസന ജനകീയ സമിതി.

Advertisment

പലരും ആക്രമണത്തില്‍ നിന്നു ഭാഗ്യത്തിനാണു രക്ഷപ്പെടുന്നത്. തെരുവു നായ്ക്കളുടെ ശല്യം ഏറിയിട്ടും അധികൃതര്‍ യാതൊരു നടപടിയും സ്വീകരിച്ചിരുന്നുമില്ല. ഇരുചക്ര വാഹനങ്ങളുടെ പിന്നാലെ നായ്ക്കള്‍ ഓടുന്നത് അപകടങ്ങള്‍ക്ക് ഇടയാക്കുന്നു. 

പകല്‍ സ്‌കൂള്‍ കുട്ടികളെയും രാത്രി കാലങ്ങളില്‍ ബസുകളില്‍ നഗരത്തിലെത്തി ടൗണിലൂടെ നടന്നു പോകുന്നവരും നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു.

ടൗണ്‍ ബസ് സ്റ്റാന്‍ഡ്, റിവര്‍വ്യൂ റോഡ്, കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ്, ടിബി റോഡ്, ചെത്തിമറ്റം തുടങ്ങിയ ഇടങ്ങളിലെല്ലാം നായ്ക്കളുടെ ശല്യം രൂക്ഷമാണ്. ബസ് സ്റ്റാന്‍ഡിലെ കാത്തിരിപ്പു കേന്ദ്രങ്ങളില്‍ വരെ തെരുവു നായ്ക്കള്‍ താവളമാക്കിയിരിക്കുകയാണ്.

തെരുവു നായകള്‍ കൂട്ടംകൂടി നടന്ന് അക്രമാസക്തരായി ജനങ്ങളെ പ്രത്യേകിച്ചു സ്‌കൂള്‍ കുട്ടികളെ ഉപദ്രവിക്കുന്നതിനെതിരെ പാലാ നഗരസഭ ജാഗ്രത പാലിക്കണമെന്നും തെരുവുനായ്ക്കളെ നീക്കം ചെയ്യുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പാലാ മുനിസിപ്പല്‍ വികസന ജനകീയ സമിതി ആവശ്യപ്പെട്ടു.

രണ്ടു ദിവസത്തിനകം ഈ പ്രശ്‌നത്തിനു പരിഹാരം കണ്ടില്ലെങ്കില്‍ സ്‌കൂള്‍ കുട്ടികളെവരെ പങ്കെടുപ്പിച്ചുകൊണ്ടു മുനിസിപ്പല്‍ ഓഫീസിനു മുമ്പില്‍ 'ബൗ ബൗ' സമരം നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

പ്രതിഷേധമായി എത്തി നഗരസഭാ ഓഫീസിനു മുന്നില്‍ നിന്നു ബൗ ബൗ എന്നുള്ള നായുടെ ശബ്ദം ഉണ്ടാക്കിയായിരിക്കും വ്യത്യസ്ഥമായ പ്രതിഷേധം നടത്തുക. 29 മുതല്‍ സമരം ആരംഭിക്കുമെന്നും സമിതി ചെയര്‍മാന്‍ അഡ്വ. സന്തോഷ് കെ. മണര്‍കാട്ട് അറിയിച്ചു.

Advertisment