കോട്ടയം: മാരകായുധങ്ങളുമായെത്തുന്ന കുറുവാ സംഘം മുതൽ സാധാ കള്ളന്മാർ വരെ വിലസുന്നു. ഉറക്കം നഷ്ടപ്പെട്ട് പൊതുജനം. വീട്ടിൽ സിസിടിവി വച്ചിട്ടൊന്നും കാര്യമില്ലെന്നു മനസിലായതോടെ കള്ളന്മാര തുരത്താൻ മാർഗം തേടുകയാണ് പലരും.
ചുരുങ്ങിയ കാലം കൊണ്ട് കേരളത്തിൽ നടന്ന മോഷണങ്ങളുടെ എണ്ണം ചെറുതല്ല. ഒരു വർഷം അയ്യായിരത്തിനടുത്ത് മോഷങ്ങളാണ് കേരളത്തിൽ നടക്കുന്നത്. പല കേസുകളിലും പ്രതികൾ പിടിക്കപ്പെടാറില്ല. പിടികൂടി ശിക്ഷക്കപ്പെടുന്ന പ്രതികൾ വീണ്ടും പുറത്തിറങ്ങി കുറ്റകൃത്യങ്ങൾ ആവർത്തിക്കുകയും ചെയ്യുന്നു.
കഴിഞ്ഞ ആഴ്ച അറസ്റ്റിലായ കുറുവാ സംഘാഗം സന്തോഷ് ശെൽവത്തിന് സംസ്ഥാനത്ത് നിരവധി കേസുകളാണുള്ളത്. ഏറ്റവും ഒടുവിൽ പാലായിൽ നടന്ന മോഷണ കേസിൽ ശിക്ഷിക്കപ്പെട്ട് പുറത്തിറങ്ങി ഒരു മാസത്തിനകമാണ് ആലപ്പുഴയിൽ മോഷണം നടത്തുന്നത്.
കോട്ടയം ജില്ലയിലെ വെള്ളൂർ, കടുത്തുരുത്തി മേഖലകളിൽ ആഴ്ചയിൽ ഒന്നും രണ്ടും എന്നോണം മോഷണം നടക്കുന്നുണ്ട്. ഇത്തരത്തിൽ സംസ്ഥാനത്തുടനീളം നിരവധി മോഷണ കേസുകൾ അരങ്ങേറുന്നു.
കണ്ണൂർ വളപട്ടണത്ത് ഒരു കോടിയും 300 പവന് സ്വർണവും വജ്ര ആഭരണങ്ങളും കവർന്നതാണ് ഒടുവിലത്തെ സംഭവം. അതേസമയം, മോഷണ കേസിൽ സ്വമേധയാ കേസെടുത്ത മനുഷ്യവകാശ കമ്മീഷൻ സംസ്ഥാനത്ത് വർധിക്കുന്ന മോഷണ ഭീതി അവസാനിപ്പിക്കാൻ നടപടി എടുക്കണമെന്ന് പോലീസ് മേധാവിക്ക് കമ്മീഷൻ നിർദേശം നൽകിയത് ആഭ്യന്തര വകുപ്പിനേറ്റ കനത്ത തിരിച്ചടി കൂടിയാണ്.
സ്റ്റേഷനുകളിൽ അമിത ജോലിഭാരം കാരണം പല കേസ് അന്വേഷണങ്ങളും ശരിയാംവണ്ണം നടക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്.
ഈ വർഷം ജനുവരിയിവും ഫെബ്രുവരിയിലും മാത്രം 790 മോഷണക്കേസുകളാണ് റിപോർട്ട് ചെയ്തിട്ടുള്ളത്. ഏപ്രിൽ മെയ് ജൂൺ മാസങ്ങളിൽ മോഷണ പരമ്പരകൾ തന്നെ സംസ്ഥാനത്ത് അരങ്ങേറി. മഴയുടെ മറവിലായിരുന്നു പല മോഷണങ്ങളും.
2023ൽ സംസ്ഥാനത്ത് 4,736 മോഷണക്കേസുകളും 2,668 മോഷണശ്രമങ്ങളും 915 കവർച്ച കേസുകളും 70 കവർച്ചാ ശ്രമങ്ങളുമാണ് റിപോർട്ട് ചെയ്തിരിക്കുന്നത്.
മോഷണശ്രമത്തിനിടെ കൊലചെയ്യപ്പെടുന്നതും ജനങ്ങൾക്കിടയിൽ ആശങ്കയുളവാക്കുന്നുണ്ട്. ഈ വർഷം രണ്ട് വയോധികരാണ് മോഷണശ്രമത്തിനിടെ കൊലക്കത്തിക്കിരയായത്.
2022ൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം പ്രസിദ്ധീകരിച്ച റിപോർട്ട് അനുസരിച്ച് 75.1 കോടി രൂപയുടെ സ്വത്തുക്കൾമോഷണം പോയി. ഇതിൽ 30.2 കോടി രൂപയുടെ വസ്തുക്കൾ മാത്രമാണ് മോഷ്ടാക്കളിൽ നിന്ന് പിടിച്ചെടുത്തതെന്നും സൂചിപ്പിക്കുന്നു.
മോഷ്ടിച്ച സാധനങ്ങൾ വീണ്ടെടുക്കുന്നത് ശ്രമകരമായ ജോലിയാണെന്നാണ് പോലീസ് അധികൃതർ പറയുന്നത്. പിടികൂടിയ പ്രതികളിൽ നിന്ന് പോലും മോഷ്ടിച്ച വസ്തുക്കൾ കണ്ടെത്താനാവുന്നില്ല.
മോഷ്ടിച്ച സ്വർണവും മറ്റും വാങ്ങുന്നതിന് മറ്റ് സംസ്ഥാനങ്ങളിൽ ജ്വല്ലറികൾ തന്നെയുണ്ട്. സ്വർണം ലഭിച്ചാലുടനെ ജ്വല്ലറി ഉടമകൾ ഉരുക്കി ആഭരണങ്ങളാക്കി വിൽപ്പന നടത്തിയിട്ടുണ്ടാകും. പിന്നെ ഇവയെക്കുറിച്ച് യാതൊരുവിധ സൂചന പോലും ലഭിക്കില്ല. മോഷ്ടിച്ച വസ്തുക്കൾ വീണ്ടെടുക്കാത്തത് വിചാരണ സമയത്ത് കേസുകളെയും ബാധിക്കും.
ഇതര സംസ്ഥാനങ്ങളിൽ നിന്ന് എത്തി മോഷണം നടത്തി മടങ്ങുന്ന സംഘങ്ങളെ പിടികൂടുക ശ്രമകരമാണെന്നും പോലീസ് പറയുന്നു. 2021ൽ 162 കേസുകയാണ് ഇത്തരത്തിൽ റിപ്പോർട്ട് ചെയ്തത്.
രണ്ടു വർഷം കൊണ്ട് കേസുകളുടെ എണ്ണം 519 ആയി വർധിച്ചു. ഇക്കാലയളവിൽ 1325 പേർ അറസ്റ്റിലാവുകയും ചെയ്തതായി പോലീസ് പറയുന്നു. പക്ഷേ, അപ്പോഴും മോഷണം പോകുന്ന സ്വർണം വീണ്ടെടുക്കുക എന്നത് ഏറെ ശ്രമകരമായ ജോലിയായി അവശേഷിക്കുന്നു.
തൊഴിലില്ലായ്മയും സമ്പന്നരാകാനും ആഡംബര ജീവിതം നയിക്കാനുമുള്ള ആഗ്രഹങ്ങളുമാണ് പലരെയും മോഷണത്തിനും കവർച്ചക്കും പ്രേരിപ്പിക്കുന്നതെന്നാണ് നിയമവിദഗ്ദ്ധർ പറയുന്നത്. വില കുതിച്ചുയരുന്നത് സ്വർണക്കവർച്ചക്ക് കാരണമാകുന്നുണ്ട്.
അതേസമയം, മോഷണം ഉൾപ്പെടെ തടയുന്നതിന് കാര്യക്ഷമമായി പ്രവർത്തിക്കുന്നുണ്ടെന്നാണ് പോലീസ് അധികൃതരുടെ വാദം. മോഷണം വർധിച്ചതോടെ വീട്ടിൽ നായയെ വളർത്താൻ തുടങ്ങിയവർ ഏറെയാണ്. രാത്രി വാതിലിനു സൈഡിൽ സ്റ്റീൽ പാത്രങ്ങൾ വെച്ച ശേഷമാണ് പലരും ഉറങ്ങാൻ കിടക്കുന്നതുപോലും.